
ഗാസ സിറ്റി: വേൾഡ് സെൻട്രൽ കിച്ചണിലെ ജീവനക്കാരെ ഇസ്രായേൽ അറുകൊല നടത്തിയതിനു പിന്നാലെ ഗാസയിലെത്തിച്ച ഭക്ഷ്യവസ്തുക്കൾ ഇറക്കാനാകാതെ കപ്പൽ തിരിച്ച് സൈപ്രസിലേക്ക്. കപ്പലിലുണ്ടായിരുന്ന 100 ടൺ വസ്തുക്കളാണ് ഇറക്കിയിരുന്നത്. ആക്രമണം നടന്നതോടെ അവശേഷിച്ച 240 ടൺ സഹായവുമായി കപ്പൽ തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. ഇരകളോടുള്ള ആദരവായും സുരക്ഷ നിർദേശങ്ങൾ ഉറപ്പാക്കാനും ഗാസയിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയാണെന്ന് സൈപ്രസ് വിദേശകാര്യ മന്ത്രി കോൺസ്റ്റാന്റിനോസ് കോംബോസ് പറഞ്ഞു. മെഡിറ്ററേനിയൻ കടലിൽ ഗാസയിലേക്ക് ഏറ്റവും അടുത്ത തുറമുഖമായിരുന്ന സൈപ്രസിലെ ലർനാകയിൽനിന്നായിരുന്നു സഹായക്കപ്പലുകൾ പുറപ്പെട്ടിരുന്നത്. ഇത് നിർത്തിവെക്കുന്നതോടെ ഗാസയിൽ അവശ്യവസ്തുക്കൾ എത്തുന്ന പ്രധാന മാർഗങ്ങളിലൊന്ന് അടയും.
കഴിഞ്ഞ ദിവസം ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനിടെ യു.എസ് ആസ്ഥാനമായുള്ള വേൾഡ് സെൻട്രൽ കിച്ചൺ (ഡബ്ല്യു.സി.കെ) സംഘടനയിലെ ആറ് വിദേശ സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടു. ബ്രിട്ടൺ, പോളണ്ട്, ഓസ്ട്രേലിയ, യു.എസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പാലസ്തീൻ വംശജനായ ഡ്രൈവറും കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ ഭക്ഷണ വിതരണം നടത്തിയ ശേഷം മടങ്ങവെ മദ്ധ്യ ഗാസയിലെ ദെയ്ർ അൽ - ബലാഹിൽ വച്ച് ഇവരുടെ വാഹനം ആക്രമിക്കപ്പെടുകയായിരുന്നു. അതേസമയം, സൈന്യം നിരപരാധികളെ ലക്ഷ്യമാക്കിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമ്മതിച്ചു. ആക്രമണം ദാരുണമായെന്നും എന്നാൽ ബോധപൂർവം ഉണ്ടായതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.