
ബംഗളൂരു: സീറ്റ് നിഷേധിച്ചെങ്കിലും ബി.ജെ.പിയിൽ തന്നെ തുടരുമെന്ന് നടിയും എം.പിയുമായ സുമലത. മാണ്ഡ്യയിലെ സിറ്റിംഗ് എം.പിയായ സുമലത ഇക്കുറിയും ബി.ജെ.പിക്കായി അങ്കത്തിനിറങ്ങുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ എച്ച്.ഡി.കുമാരസ്വാമിയെ മത്സരിപ്പിക്കാനാണ് നേതൃത്വം തീരുമാനിച്ചത്. മാണ്ഡ്യയിൽ കുമാരസ്വാമിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും സുമലത അറിയിച്ചു. 2019ൽ തന്നെ സഹായിച്ച ബി.ജെ.പിയെ 2023ൽ താൻ തിരികെ സഹായിച്ചു. ജെ.ഡി.എസ്- ബി.ജെ.പി സഖ്യത്തിനും നരേന്ദ്രമോദിക്കും പിന്തുണ നൽകുമെന്ന് അവർ പറഞ്ഞു. മാണ്ഡ്യയിൽ അനുയായികളുടെ യോഗത്തിലാണ് സുമലതയുടെ പ്രഖ്യാപനം.
2019ൽ മാണ്ഡ്യയിൽ സ്വതന്ത്ര എം.പിയായിയാണ് സുമലത തിരഞ്ഞെടുക്കപ്പെട്ടത്. എം.പിയും കന്നഡ സിനിമാതാരവുമായിരുന്ന ഭർത്താവ് അംബരീഷിന്റെ മരണത്തിന് പിന്നാലെയായിരുന്നു തിരഞ്ഞെടുപ്പ്. ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയുടെ മകൻ നിഖിൽ ആയിരുന്നു എതിരാളി. നിഖിലിനെ തോൽപ്പിക്കാൻ കോൺഗ്രസും ബി.ജെ.പിയും ഒരുമിച്ച് നിന്നതോടെയാണ് സുമലത വിജയിച്ചത്. ഇക്കുറി സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജെ.ഡി.എസ്- ബി.ജെ.പി സഖ്യം തിരിച്ചടിയായി.