k

സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്ക് ഇന്ന് എഴുപതു വയസ്. സപ്തതി വേളയിൽ,​ ജീവിത വഴികളെക്കുറിച്ച് ബേബി കേരളകൗമുദിയുമായി സംസാരിക്കുന്നു. സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ...

 എഴുപത് വയസ്സാകുമ്പോൾ ജീവിതം എങ്ങനെ?

നമ്മുടെ ഓരോരുത്തരുടെയും ജീവിതം നമ്മൾ തീരുമാനിച്ച് നമുക്കു ലഭിച്ചതല്ല. അച്ഛനമ്മമാരുടെ സ്നേഹത്തിന്റെ ഫലമാണത്. വിദ്യാർഥി ജീവിതകാലം മുതൽ പൊതുപ്രവർത്തകനാണ്. മറ്രൊരുപാട് പേരുമായി ചേർന്നൊരു ജീവിതമായി മാറി. അതിന്റെയൊരു കണക്കെടുപ്പ് നടത്തേണ്ട സമയമായി എന്ന് ഞാൻ വിചാരിക്കുന്നില്ല. നിരാശ തോന്നേണ്ട കാര്യങ്ങളൊന്നും ഇല്ല. എന്നാൽ പൂർണമായ സംതൃപ്തി അടയാവുന്ന തരത്തിലുള്ള എന്തെങ്കിലും സംഭാവനകളോ ഇടപെടലുകളൊ നടത്താൻ കഴിഞ്ഞുവെന്ന തെറ്റിദ്ധാരണയുമില്ല.

 രാഷ്ട്രീയത്തിലേക്കുള്ള വഴിത്തിരിവ് എങ്ങനെയായിരുന്നു?

സ്വാഭാവികമായി ഉരുത്തിരിഞ്ഞു വന്നതാണ്. സ്ഥിരവരുമാനമുള്ള ജോലി ചെയ്യണമെന്ന ആഗ്രഹത്താൽ,​ ബാങ്ക് ടെസ്റ്രും പി.എസ്.സി ടെസ്റ്റും എഴുതാൻ പോകണം എന്നൊക്കെ അമ്മ പറയുമായിരുന്നു. എട്ടു മക്കളിൽ ഏറ്റവും ഇളയ ആളാണ് ഞാൻ. (പക്ഷെ ഞങ്ങൾ നാലു പേർ ജീവിച്ചിരുന്നതായിട്ടേ എനിക്ക് ഓർമ്മയുള്ളൂ. ബാക്കി നാലും പേരും അതിനു മുമ്പേ

മരിച്ചു). അമ്മയുടെ നിർബന്ധത്തിന് എന്റെ മൂന്നു ചേട്ടന്മാരും വഴങ്ങി. അവർ ടെസ്റ്റെഴുതി. സർവീസിലും കയറി. എന്നെ നിർബന്ധിച്ച് ഒരു ടെസ്റ്റെഴുതിച്ചു. ഞാൻ ബോധപൂർവം ഒരു വഞ്ചന ചെയ്തു. ആ പേപ്പർ വാങ്ങി അതിൽ ഒപ്പൊക്കെയിട്ട് തിരിച്ചു കൊടുത്തു. ഉത്തരമൊന്നും എഴുതിയില്ല. എന്നിട്ട് അമ്മയോട് അത് പറയുകയും ചെയ്തു.

 അച്ഛന്റെ നിലപാടെന്തായിരുന്നു?

അച്ഛൻ അദ്ധ്യാപകനായിരുന്നു. പുരോഗമന ചിന്താഗതിക്കാരനായിരുന്നു. പുരോഗമന വീക്ഷണമുള്ളവരുമായിട്ടായിരുന്നു ചങ്ങാത്തം .കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നില്ല. പക്ഷെ കടുത്ത അനുഭാവി ആയിരുന്നു. ഏറ്റവും മൂത്ത ജ്യേഷ്ഠൻ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവർത്തകനായിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പില്ല. എം.എ ജോർജ്. പിന്നെ പ്രദേശത്തെ പാർട്ടിയുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്ന വിക്രമൻ എന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യത്തെ ഒരു പരിശീലകനും പ്രോത്സാഹകനും വഴികാട്ടിയും ആയിരുന്നു. ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഞാൻ ഇടയ്ക്ക് പോയി കാണും.

 കൊല്ലം എസ്.എൻ കോളേജിൽ പഠിക്കാൻ വരുമ്പോൾ വിദ്യാർഥി രാഷ്ട്രീയം തന്നെയാണ് ലക്ഷ്യം എന്നുറപ്പിച്ചോ?

വളരെ ശരിയാണ്. വീട്ടിൽ നിന്ന് പറഞ്ഞതനുസരിച്ച് കൊല്ലം എസ്.എൻ. കോളേജിലേക്കും ഫാത്തിമാ കോളേജിലേക്കും അപേക്ഷ നൽകിയെങ്കിലും എസ്.എന്നിൽ ചേർന്നു. കോളേജിന്റെ സമര പാരമ്പര്യമായിരുന്നു കാരണം. അപ്പോഴേക്കും വിദ്യാർത്ഥി ഫെഡറേഷന്റെ സജീവ പ്രവർത്തകനായിരുന്നു . എസ്.എൻ. കോളേജിൽ പഠിക്കണമെന്ന് തീരുമാനിച്ചത് ഇടതുപക്ഷ രാഷ്ട്രീയ ബോധത്തിന്റെ കൂടെ ഭാഗമാണ്.

 രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ വായനയ്ക്കും പഠനത്തിനും സമയം കണ്ടെത്തിയിരുന്നോ?

ഡിഗ്രിക്കു ചേർന്നതോടെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനമായി. പാർട്ടി ഓഫീസിലും സ്റ്റുഡന്റ്സ് ഹോസ്റ്റലിലുമൊക്കെ താമസിക്കുക, വീട്ടിൽ അപൂർവമായി മാത്രം പോകുക എന്നായി. ക്ലാസ്സിൽ കയറുന്നതും പതിവല്ലാതായി.എസ്.എൻ കോളേജിൽ പഠിക്കുന്ന കാലത്ത് കൂട്ടുകാർ തമാശയായി പറയും; ബേബി പുസ്തകവുമായി വരുമ്പോൾ അതിന്റെ അർത്ഥം അന്ന് സമരമാണെന്ന്. അതൊക്കെ അതിശയോക്തി ആണെങ്കിലും ലൈബ്രറികളിൽ നിന്ന് പുസ്തകമെടുക്കുമായിരുന്നു. ആ വായനയാണ് കോളേജ് വിദ്യാഭ്യാസം നൽകിയതിനു തുല്യമോ,​ ഒരുപക്ഷേ അതിൽ കൂടുതലോ എന്തെങ്കിലും കാര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് പകർന്നു തന്നത് .

 എസ്.എൻ കോളേജിൽ പഠിക്കുമ്പോൾ യൂണിയനിൽ മത്സരിച്ചിരുന്നോ?

പ്രീഡിഗ്രിക്ക് മത്സരിച്ചു. തോറ്റു. ഫസ്റ്റ് ഡിഗ്രിക്കു പഠിക്കുമ്പോളാണ് ഞങ്ങൾ എസ്.എൻ കോളേജ് തിരിച്ചു പിടിക്കുന്നത്. അതൊരു ഉജ്ജ്വല വിജയമായിരുന്നു. അന്ന് ആർട്സ് ക്ലബ് സെക്രട്ടറി ആയി ജയിച്ചു. അടുത്ത വർഷം രാജ് മോഹൻ ഉണ്ണിത്താനോട് പരാജയപ്പെട്ടു. മനസിൽ അസ്തമിക്കാതെ നിൽക്കുന്ന ഓർമ്മ കോളേജ് യൂണിയന്റെ പരിപാടികളാണ്. കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തത് ഇ.എം.എസും,​ ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തത് അടൂർ ഗോപാലകൃഷ്ണനുമായിരുന്നു.

 രാഷ്ട്രീയ യാത്രയിൽ നിർണായകമായി സ്വാധീനിച്ച നേതാവ് എന്നു പറയാവുന്നവരുണ്ടോ? ഒന്നോ അതിലധികമോ?

അങ്ങനെ പറയാൻ ഒരുമ്പെടുന്നതിന്റെ പരിമിതികൾ മനസിലാക്കുന്നുണ്ടെങ്കിൽ പോലും വിക്രമനെ ഓർത്തുകഴിഞ്ഞാൽ അവിടുത്തെ രണ്ടു നേതാക്കൻമാർ കൂടി ഉണ്ടായിരുന്നു. ഒന്ന് എം.ജി. ധനപാലൻ. മറ്റൊന്ന് രാമാനുജ പണിക്കർ. പിന്നെ എന്റെ പ്രായക്കാരനായ കുണ്ടറയിലെ ഏരിയാ കമ്മിറ്റി സെക്രട്ടറി ജോസ് കുട്ടി. പക്ഷെ ഇവരെക്കാളൊക്കെ മറ്റൊരർഥത്തിൽ ഞാൻ ഉൾപ്പെടുന്ന തലമുറയെ രൂപപ്പെടുത്തുന്നതിൽ വളരെ രക്ഷാകർതൃസഹജമായ നേതൃത്വ പാടവം കാട്ടിയത് എൻ.എസ് എന്നറിയപ്പെടുന്ന എൻ. ശ്രീധരനാണ്.

എന്റെ തലമുറയുടെ ഒരു യാദൃച്ഛിക ഭാഗ്യം ഇ.എം.എസിനെയും എ.കെ.ജിയെയും സുന്ദരയ്യയെയും ബസവപുന്നയ്യയെയും പോലുള്ളവർ പാർട്ടിയുടെ നേതാക്കന്മാരായിരിക്കുമ്പോൾ അവരുടെ ക്ലാസ്സുകളിൽ പങ്കെടുക്കാനും അവരുമൊത്ത് സമയം ചിലവഴിക്കാൻ കഴിഞ്ഞതുമൊക്കെയാണ്.

ആരെങ്കിലുമൊരാൾ പിക്ക് ചെയ്തു എന്നു പറയാനാകുമോ?

അങ്ങനെ എന്നെ ആരെങ്കിലും പിക്ക് ചെയ്തുവെന്ന് പറയാനാകില്ല.

 ഇ.എം.എസുമായി സംവാദം ഉണ്ടായിട്ടുണ്ടോ?

പഠന കോൺഗ്രസിൽ ഞാൻ അവതരിപ്പിച്ച പ്രബന്ധത്തെ ചൊല്ലി മാദ്ധ്യമങ്ങൾ ഉണ്ടാക്കിയ വിവാദമേയുള്ളൂ. എന്റെ ചില ഊന്നലുകൾ മാദ്ധ്യമങ്ങൾ വ്യാഖ്യാനിച്ചതിൽ പറ്റിയതാണ്. അല്ലാതെ വേറൊന്നുമില്ല.

താങ്കൾ പാർട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആകുമെന്ന് പ്രതീക്ഷിച്ചവരോട് എന്താണ് പറയാനുള്ളത്?

പാർട്ടി സംസ്ഥാന സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടേയും ഉത്തരവാദിത്വങ്ങളിൽ എന്നേക്കാൾ എത്രയോ കഴിവും അർഹതയും ഉള്ളവരാണ് വന്നത്.

 രാഷ്ട്രീയത്തിരക്കിലും സാഹിത്യവും സംഗീതവും ആസ്വദിക്കാനും ആ മേഖലയിൽ പ്രവർത്തിക്കുന്ന പലരുമായും ഹൃദയബന്‌ധം സ്ഥാപിക്കാനും എങ്ങനെ കഴിഞ്ഞു?

മനുഷ്യന്റെ ജീവിതം സാംസ്‌‌കാരിക ജീവിതം കൂടിയാണ്.

 കലയും സംഗീതവുമായുള്ള താത്‌പര്യം എം.എ. ബേബിയുടെ ജാടയാണെന്ന് ചിലർ പരിഹസിക്കുന്നത് അസൂയയിൽ നിന്നാണോ?

ചിലപ്പോൾ ആയിരിക്കും. എനിക്കറിയില്ല.

ബെറ്റിയെ പരിചയപ്പെടുന്നത്?

അടുത്തു പരിചയപ്പെടുന്നത് ഞാൻ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയിരിക്കുന്ന വേളയിൽ എസ്.എഫ്.ഐയുടെ സംസ്ഥാന സമ്മേളനം പുനലൂരിൽ നടക്കുമ്പോഴാണ്. ബെറ്റി സംസ്ഥാന കമ്മിറ്റിയംഗമായി. അങ്ങനെയാണ് കൂടുതൽ അടുപ്പമുണ്ടാകുന്നതും വിവാഹത്തിലേക്കെത്തുന്നതും.

 മകന്റെ കാര്യത്തിൽ സമ്മർദ്ദമൊന്നും ചെലുത്താതെ ഇഷ്ടപ്പെട്ട വഴിക്കു വിട്ടു?

അപ്പുവിന്റെ കാര്യത്തിൽ സ്വന്തമായി വഴി കണ്ടെത്താൻ സഹായിച്ചതിൽ എനിക്കുമൊരു പങ്കുണ്ട്.

 അപ്പു ഇപ്പോൾ തൈക്കൂടം ബ്രിഡ്‌ജിലെ പ്രധാന സംഗീതജ്ഞനാണ്?

സംഗീതജ്ഞനാണ്. എല്ലാവരും പ്രധാനപ്പെട്ടവരാണ്.

നക്‌സൽ പ്രസ്ഥാനത്തോട് ചാഞ്ചാട്ടം തോന്നിയിട്ടുണ്ടോ?

ഇല്ല. ജനാധിപത്യ സമരപാത ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ലെന്ന ഉറച്ച നിലപാട് ഉണ്ടായിരുന്നു.

കൊവിഡ് കാലഘട്ടത്തിൽ ആരോഗ്യപ്രതിസന്ധി ഉണ്ടായോ?

ഉണ്ടായി. മരണത്തെ മുഖാമുഖം കണ്ടു. രക്ഷപ്പെട്ടതിന് നമ്മുടെ ആരോഗ്യ പ്രവർത്തകർക്കാണ് ബിഗ് സല്യൂട്ട് നൽകുന്നത്.

 രാഷ്ട്രീയധാരയിൽ വന്നില്ലായിരുന്നെങ്കിൽ?

ഞാൻ തിരഞ്ഞെടുക്കുമായിരുന്ന പ്രൊഫഷൻ അദ്ധ്യാപനവൃത്തിയായേനെ.

 താങ്കൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനെതിരെ പിണറായി വിജയൻ പറ‌ഞ്ഞ പരാമർശം ശരിയായിരുന്നോ?

ഒപ്പം നിന്നവർ പെട്ടെന്ന് മാറിയപ്പോൾ ഉണ്ടായ ഒരു പരാമർശമായി അതിനെ കണ്ടാൽ മതി.

ആ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങിയില്ലേ?

അതൊക്കെ അടഞ്ഞ അദ്ധ്യായമാണ്.ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമല്ല.

 പൂക്കോട്ടൂരിൽ സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയുടെ മരണത്തിൽ എസ്.എഫ്.ഐയ്ക്കു പങ്കുണ്ടെന്ന വിമർശനത്തെ എങ്ങനെ കാണുന്നു?

ആരു ചെയ്താലും ന്യായീകരിക്കാൻ കഴിയില്ല. ഇത്തരം സംഭവങ്ങൾക്കെതിരെ പൊരുതേണ്ട സംഘടനയാണ് എസ്.എഫ്.ഐ. നിർഭാഗ്യവശാൽ എസ്.എഫ്.ഐയുടെ ചില പ്രവർത്തകരും അതിൽ ഇടപെട്ടുവെന്നറിഞ്ഞപ്പോൾ തന്നെ സംഘടന അവർക്കെതിരെ നടപടിയെടുത്തു. കാമ്പസുകൾ ഒരിക്കലും ഇങ്ങനെയാവരുത്.

 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ 19 - 1 ആയിരുന്നു. ഇക്കുറി എന്താവും?

2004-ലെ തിരഞ്ഞെടുപ്പ് ഫലത്തിനു സമാനമായിരിക്കും. ഇടതുപക്ഷം തൂത്തുവാരും.

(അഭിമുഖത്തിന്റെ പൂർണ്ണരൂപത്തിന് ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക)