
''ഇപ്പോൾ നിങ്ങൾക്ക് എത്ര വയസ്സായി? പ്രായം വെളിപ്പെടുത്താൻ ഇഷ്ടമില്ലെങ്കിൽ പറയേണ്ട, ഞാൻ തന്നെ ഉത്തരവും പറഞ്ഞേക്കാം! മുപ്പതോ നാൽപ്പതോ, അതോ അൻപതോ? അതെന്തെങ്കിലുമാകട്ടെ; ശരിക്കും എന്റെ ചോദ്യം നിങ്ങളുടെ പ്രായത്തെപ്പറ്റിയായിരുന്നില്ല! അമ്പതു വയസ്സ് പൂർത്തിയാക്കിയ ഒരു വ്യക്തിക്ക് ഭൂമിയിൽ എത്ര ദിവസങ്ങൾ പൂർത്തിയാക്കാൻ ഭാഗ്യവശാൽ കഴിഞ്ഞിട്ടുണ്ട്? അതാണ് യഥാർത്ഥ ചോദ്യം."" തുടക്കത്തിൽ സദസ്യരിൽ മിക്കവരും പ്രഭാഷകന്റെ വാക്കുകൾ ഏതോ തമാശ കേൾക്കുന്നതു പോലെ ആസ്വദിച്ചിരുന്നുവെങ്കിൽ, ക്രമേണ വിഷയം ഗൗരവമുള്ളതായി മാറിയെന്ന് അവരുടെ ഭാവമാറ്റം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.
ആ മാറ്റം പ്രഭാഷകൻ ശ്രദ്ധിച്ചതായി സദസ്യർക്കും മനസ്സിലായി, എന്നാലും ആരും വിഷയത്തിന്റെ ഗൗരവം വെടിയാൻ തയ്യാറല്ലെന്ന ഭാവത്തിലായിരുന്നു! ഇതൊക്കെ ആസ്വദിച്ച ഒരു മാനസികാവസ്ഥയിലാണ് പിന്നീട് പ്രഭാഷകൻ സംസാരിച്ചത്! ''നിങ്ങൾക്കിപ്പോൾ അൻപതു വയസ്സു കഴിഞ്ഞെങ്കിൽ, ഇനി ശേഷിക്കുന്ന ഞായറാഴ്ചകളുടെ എണ്ണം ആയിരത്തിൽ താഴെ മാത്രമായിരിക്കും! എഴുപതു വയസ്സു വരെ ജീവിക്കാൻ ഭാഗ്യം ലഭിച്ച ഒരു വ്യക്തിക്ക് ആകെ ലഭിച്ച ഞായറാഴ്ചകളുടെ എണ്ണം കൃത്യമായി കൂട്ടിയാൽ, മൂവായിരത്തി മുന്നൂറ്റി അറുപത് മാത്രമായിരുന്നു! ഈ സത്യം തിരിച്ചറിയുമ്പോഴാണ് പ്രപഞ്ചത്തിന്റെ കണക്കിൽ നമ്മുടെ ജീവിതമെന്നത് എത്ര ചെറിയൊരു കാലഘട്ടമാണെന്നു മനസ്സിലാകുന്നത്!
അതിനിപ്പോൾ ആർക്കൊക്കെയാണ് ഏഴുപതു വയസ്സു വരെ ആയുസ്സു കിട്ടുകയെന്ന് നമുക്കു പറയാൻ കഴിയുമോ?അടുത്ത നിമിഷം എന്തായിരിക്കുമെന്ന് ആർക്കാണ് പറയാൻ കഴിയുക? പക്ഷെ, ഇതൊക്കെ ആരാണ് ഓർക്കുന്നത്? തന്റെ ബാല്യത്തിൽത്തന്നെ ഗുരുകുലത്തിലെത്തിയ കുമാരൻ, ഗുരുവിൽ നിന്ന് തന്റെ കഴിവിന് അനുസരിച്ചുള്ള അറിവ് ആർജ്ജിച്ച ശേഷം അനുഗ്രഹം വാങ്ങി യാത്രപറയാൻ ചെന്നപ്പോൾ ഗുരു ഒരു ചോദ്യം ചോദിച്ചു: 'ഇതുവരെയുള്ള നിന്റെ ജീവിതത്തിൽ നിന്നെ അത്ഭുതപ്പെടുത്തിയത് എന്തായിരുന്നു?" ചോദ്യം കേട്ട കുമാരൻ പറഞ്ഞ മറുപടി എല്ലാ കാലത്തും പ്രസക്തമായ ഒന്നാണ്.
'ഒരു മനുഷ്യൻ മരിച്ചെന്നു കരുതുക. അയാളുടെ ഭാര്യയും മക്കളും അലമുറയിട്ടു കരയുകയോ ആത്മാർത്ഥമായി വിലപിക്കുകയോ ചെയ്യും. ആ ദുഃഖത്തിൽ ആത്മാർത്ഥ സുഹൃത്തുക്കളും ബന്ധുക്കളും പങ്കുചേരും. എന്നാൽ മരണപ്പെട്ട വ്യക്തിയോട് കുടിപ്പക കൊണ്ടുനടന്നവർ, ഇപ്പോഴെങ്കിലും തങ്ങളുടെ ആഗ്രഹം സഫലമായല്ലോ എന്ന ആശ്വാസത്തിലായിരിക്കും! ചിലർ നിസ്സംഗതയിലായിരിക്കും. എന്നാൽ, മറ്റൊരു ശവപ്പെട്ടിയിൽ മൃതശരീരമായി ഇപ്പോൾ മുതൽ എപ്പോൾ വേണമെങ്കിലും താൻ കിടക്കാൻ സാദ്ധ്യതയുണ്ടെന്ന പരമസത്യം മാത്രം ഒരു മനുഷ്യനും ഓർക്കാറേയില്ല! ഇതാണ് എന്നെ ഏറെ അദ്ഭുതപ്പെടുത്തുന്നത്. മനുഷ്യർക്കെങ്ങനെ ഇതു കഴിയുന്നു?"പ്രിയ ശിഷ്യന്റെ മറുപടി കേട്ട ഗുരുവിന്, കുമാരനെ ആശ്ലേഷിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇത്രയും ശ്രദ്ധയോടെ കാര്യങ്ങൾ ഗ്രഹിക്കുന്ന നിങ്ങളെ അഭിനന്ദിക്കാതിരിക്കാൻ എനിക്കും കഴിയില്ല."" സദസ്യരുടെ ദീർഘനിശ്വാസങ്ങൾക്കിടയിൽ പ്രഭാഷകൻ പറഞ്ഞു നിറുത്തി.