
പാരസ്: ഫ്രഞ്ച് നോവലിസ്റ്റും നിരൂപകയും നാടകകൃത്തുമായിരുന്ന മരീസ് കോൺട് അന്തരിച്ചു. 90 വയസ്സായിരുന്നു. ആഫ്രിക്കൻ പശ്ചാത്തലത്തിൽ കരീബിയൻ അടിമത്തത്തിന്റെയും കോളനിവാഴ്ചയുടെയും തിക്ത കഥകൾ പറഞ്ഞ മരീസ് കോൺട് തന്റെ സേഗോ (segou) എന്ന നോവലിലൂടെയാണ് വിഖ്യാതയായത്. ഫ്രഞ്ചിൽ എഴുതുകയും അനവധി ഭാഷകളിലേക്ക് വിവർത്തനം നിർവഹിക്കുകയും ചെയ്ത നോവലുകൾ മികച്ച സാഹിത്യസൃഷ്ടിക്കുള്ള അന്താരാഷ്ട്രപുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. നൊബേൽ സമ്മാനത്തിന്റെ പകരക്കാരനെന്നറിയപ്പെടുന്ന ന്യൂ അക്കാദമി പ്രൈസ് ഇൻ ലിറ്ററേച്ചർ നേടിയ ആദ്യത്തെ എഴുത്തുകാരിയാണ്.
കരീബിയൻ കടലിലെ ഫ്രഞ്ച് ദ്വീപായ ഗ്വാഡലൂപിൽ 1934ലാണ് മരീസ് കോൺട് ജനിച്ചത്. ഗ്വാഡലൂപ്പിലെ ആദ്യത്തെ അധ്യാപകരായ ജീൻ ക്വിഡലിന്റെയും അഗസ്‌റ്റേ ബൗകോളിന്റെയും എട്ടുമക്കളിൽ ഏറ്റവും ഇളയ കുട്ടി. പന്ത്രണ്ടാം വയസ്സിൽ തന്റെ അമ്മയുടെ പിറന്നാൾ സമ്മാനമായി ഏകാങ്കനാടകം എഴുതിക്കൊണ്ടാണ് എഴുത്തിലേക്ക് വരുന്നത്. കുട്ടിയായിരിക്കുമ്പോൾ എമിലി ബ്രോണ്ടിയുടെ 'വതറിങ് ഹൈറ്റ്സ്' എന്ന നോവൽ വായിച്ച് ആകൃഷ്ടയായ മരീസ് കോൺട് ഭാവിയിൽ താൻ ആരുമായിത്തീർന്നില്ലെങ്കിലും എഴുത്തുകാരിയാവാതിരിക്കില്ല എന്നു പ്രഖ്യാപിക്കുകയായിരുന്നു.
ഫ്രാൻസ് ലിജ്യൻ ഓണർ നൽകി ആദരിച്ചിട്ടുണ്ട്. ദ ഗോസ്പൽ എക്കോഡിങ് റ്റു ദ ന്യൂ വേൾഡ് ആണ് അവസാനം എഴുതിയ നോവൽ.