x

അന്യസംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങളിൽ നമ്മൾ ഞെട്ടുകയും,​ ഇവരുടെ ക്രൂരതകൾക്ക് ഇരകളാക്കപ്പെടുന്ന നിസ്സഹായരുടെ കുടുംബങ്ങളെയോർത്ത് വേദനിക്കുകയും ചെയ്യേണ്ടി വരുന്നത് ഏറക്കുറെ പതിവായിരിക്കുന്നു. ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത ഒഡിഷ സ്വദേശിയുമായുള്ള തർക്കത്തിനിടെ,​ ആ നരാധമൻ കൊച്ചി സ്വദേശിയായ ടി.ടി.ഇയെ ട്രാക്കിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. വളർത്തുനായയെ ചെരിപ്പെറിഞ്ഞത് ചോദ്യംചെയ്തതിന് അന്യസംസ്ഥാനക്കാരായ സംഘത്തിന്റെ ക്രൂരമർദ്ദനമേറ്റ് ചികിത്സയിലായിരുന്ന എറണാകുളം സ്വദേശിയായ മദ്ധ്യവയസ്കൻ മരണമടഞ്ഞ സംഭവമുണ്ടായത് തൊട്ടു തലേന്ന്! ദിവസത്തൊഴിലിനായും,​ കൂടുതൽ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ തേടിയും കേരളത്തിലെത്തുന്ന ഇതരസംസ്ഥാനക്കാരോട് നമുക്ക് ഒരു വിരോധവുമില്ല. പക്ഷേ,​ അവരിൽ ഒരു വിഭാഗം നമ്മുടെ സുരക്ഷിതത്വത്തിനും മനസ്സമാധാനത്തിനും ഭീഷണിയായിത്തീരുന്നെങ്കിൽ,​ അത് ഗൗരവത്തോടെ കാണേണ്ട വിഷയം തന്നെ.

ഇതര സംസ്ഥാന തൊഴിലാളികൾ പ്രതികളായ കേസുകൾ വർഷംതോറും വർദ്ധിച്ചുവരുന്നതേയുള്ളൂ. സൗമ്യ കേസും ജിഷ കേസും ഉൾപ്പെടെ പീഡനശ്രമത്തിനിടെയുണ്ടായ കൊലപാതകങ്ങൾ അതതു കാലത്ത് വലിയ മാദ്ധ്യമശ്രദ്ധ നേടുകയും വ്യാപകമായ ജനരോഷത്തിന് വഴിവയ്ക്കുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം സർക്കാർ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്നും,​ ഇതരസംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന കർശന നടപടികളുണ്ടാകുമെന്നും പ്രഖ്യാപനങ്ങളുമുണ്ടാകും. കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുമ്പോഴും,​ ഇരകളാക്കപ്പെടുന്ന മലയാളികളുടെ എണ്ണം കൂടുമ്പോഴും,​ അതിർത്തിക്കപ്പുറത്തു നിന്നെത്തി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കൂട്ടമായി വാസമുറപ്പിക്കുന്ന തൊഴിലാളികളുടെ കൃത്യമായ എണ്ണം പോലും സർക്കാരിന്റെ കൈവശമില്ലെന്നതാണ് പരമകഷ്ടം! 2016-നു ശേഷം മാത്രം സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ 10,​546 ആണെന്നാണ് പൊലീസിന്റെ കണക്ക്! ജന്മനാട്ടിലേക്ക് ഒളിവിൽപ്പോയ കുറ്റവാളികളിൽ പലരെയും നമ്മൾ തെരഞ്ഞു തീർന്നിട്ടുമില്ല.

അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് സർക്കാരിന്റെ കൈവശമുള്ള കണക്ക്,​ ഇവർക്ക് ഇൻഷുറൻസ് പരിരക്ഷ നല്കുന്നതിനായി നമ്മൾ ആവിഷ്കരിച്ച ആവാസ് പദ്ധതിയുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ കണക്കാണ്. അതാകട്ടെ,​ വെറും 5,​16.320 മാത്രവും. അതേസമയം,​ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി തമ്പടിച്ച് തൊഴിലും താമസവുമായി കഴിയുന്ന അന്യസംസ്ഥാനക്കാർ മുപ്പത്തഞ്ചു ലക്ഷമെങ്കിലും വരും. ഇവരുടെ കൂട്ടത്തിൽ,​ ഇതര സംസ്ഥാനങ്ങളിൽ കൊലയും കൊള്ളയും നടത്തി,​ പൊലീസിനെ വെട്ടിച്ച് ഒളിച്ചുപാർക്കുന്നവർ വരെയുണ്ട്. ഗുരുതരമായ കുറ്റവാസനയുള്ളവരും ലഹരിമരുന്നുകൾക്ക് അടിമപ്പെട്ട് അടിയന്തര ചികിത്സ ആവശ്യമുള്ളവരുമുണ്ട്. മോഷണം മാത്രം ലക്ഷ്യമിടുന്ന രാത്രിഞ്ചരന്മാരുണ്ട്. ഇവരുടെ പൂർവകാല കുറ്റകൃത്യ ചരിത്രത്തെക്കുറിച്ചോ,​ നിലവിൽ ഇവരുടെ പേരിലുള്ള പൊലീസ് കേസുകളെക്കുറിച്ചോ പിടിയില്ലാത്ത സർക്കാരിനും പൊലീസിനും എന്ത് ഉത്തരവാദിത്വവും,​ സ്വന്തം ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് എന്ത് ഉത്കണ്ഠയുമുണ്ട്?​

ഏതു നടപടിക്കും ആദ്യം വേണ്ടത് കൃത്യമായ ഡാറ്റയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ആകെ എത്രപേർ,​ എവിടെ നിന്നെല്ലാമുള്ളവർ,​ അവരുടെ കുറ്റകൃത്യ പശ്ചാത്തലം,​ രജിസ്റ്റർ ചെയ്യപ്പെട്ട പൊലീസ് കേസുകൾ,​ അവരുടെ ആരോഗ്യ വിവരങ്ങൾ,​ പൂർവകാല ചികിത്സാ വിവരങ്ങൾ,​ കരാർ വിവരങ്ങൾ,​ സാമ്പത്തിക ഇടപാടുകൾ ഇതെല്ലാം സംബന്ധിച്ച് കൃത്യമായ കണക്കുകൾ ജില്ലാ ഭരണകൂടങ്ങളുടെ കൈവശവും പൊലീസിന്റെ കൈവശവും ഉണ്ടായേ മതിയാകൂ. അന്യസംസ്ഥാന തൊഴിലാളികളുടെ വാസകേന്ദ്രങ്ങളിൽ ഇടയ്ക്കിടെ മിന്നൽ പരിശോധനകളുണ്ടാകണം. കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെടുന്നവരുടെ പേരിൽ കർശന നിയമ നടപടി ഉറപ്പാക്കണം. ഇവരെ സംരക്ഷിക്കുന്ന കരാറുകാർക്കെതിരെ കേസും പിഴയും വേണം. ജീവിതം തേടിയെത്തുന്നവർ നമ്മുടെ ജീവനു ഭീഷണിയാകുന്ന വിചിത്ര സാഹചര്യം എന്തായാലും അനുവദിക്കാനാകില്ല.