chess

ടൊറന്റോ : നിലവിലെ ലോക ചാമ്പ്യനായ ചൈനീസ് താരം ഡിംഗ് ലിറനെ അടുത്ത ലോക ചാമ്പ്യൻഷിപ്പിൽ നേരിടുന്ന കളിക്കാരനെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിന് ഇന്ന് കാനഡയിൽ തുടക്കമാകും. ഓപ്പൺ വിഭാഗത്തിലും (ഇതിൽ വനിതകൾക്കും പങ്കെടുക്കാം) വനിതാവിഭാഗത്തിലും ലോകചാമ്പ്യന്റെ എതിരാളികളെ കണ്ടെത്താൻ മത്സരമുണ്ട്. ഒരേസമയം ഓപ്പൺ കാൻഡിഡേറ്റ്സും വനിതാ കാൻഡിഡേറ്റ്സും അരങ്ങേറുന്നതും വടക്കേ അമേരിക്കയിൽ കാൻഡിഡേറ്റ്സ് നടക്കുന്നതും ആദ്യമാണ്. ലോക ചെസിലെ ഏറ്റവും മികച്ച എട്ട് താരങ്ങളാണ് കാൻഡിഡേറ്റ്സിൽ ഏറ്റുമുട്ടുന്നത്.

5 ഇന്ത്യക്കാർ

ഈമാസം 22വരെയാണ് കാൻഡിഡേറ്റ്സ് ടൂർണമെന്റ് നടക്കുന്നത്. ഓപ്പൺ- വനിതാ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്ന 16 താരങ്ങളിൽ അഞ്ചുപേർ ഇന്ത്യക്കാരാണ്.

വിദിത് ഗുജറാത്തി, കൗമാരതാരങ്ങളായ ഡി. ഗുകേഷ്, ആർ. പ്രഗ്‌നാനന്ദ എന്നിവരാണ് ഓപ്പൺ വിഭാഗത്തിൽ മത്സരിക്കുന്നത്.

വനിതാവിഭാഗത്തിൽ കൊനേരു ഹംപിയും വൈശാലി രമേശ്ബാബുവും മത്സരരംഗത്തുണ്ട്. പ്രഗ്‌നാനന്ദയുടെ സഹോദരിയാണ് വൈശാലി.

ഓപ്പൺ വിഭാഗത്തിൽ യു.എസിന്റെ ഫാബിയാനോ കരുവാനെ, ഹികാരു നകാമുറ, ഫ്രാൻസിന്റെ ആലിറെസ ഫിറോസ്, റഷ്യയുടെ ഇയാൻ നെപ്പോമ്നിഷി, അസർബെയ്ജാന്റെ നിജത് അബസോവ് എന്നിവരും മത്സരിക്കുന്നു. വനിതകളിൽ റഷ്യയുടെ അലക്‌സാൻഡ്ര ഗോര്യാച്കീന, ലെഗ്‌നോ കാറ്ററീന, ചൈനയുടെ ലെയ് ടിംഗ്ജി, താൻ ഷോംഗി, യുക്രൈന്റെ അന്ന മൂസിചുക്ക്, ബൾഗേറിയയുടെ നൂർഗ്യൂൾ സലിമോവ എന്നിവരും മത്സരരംഗത്തുണ്ട്.