
ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനിരിക്കെ ബോക്സർ വിജേന്ദർ സിംഗ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം അംഗത്വം സ്വീകരിച്ചു. 2019ലാണ് വിജേന്ദർ കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി സൗത്ത് ഡൽഹിയിൽ മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ രമേഷ് ബിധൂരിയോട് പരാജയപ്പെട്ടിരുന്നു.
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ശ്രദ്ധേയനായിരുന്നു വിജേന്ദർ. അന്ന് കേന്ദ്രത്തിനെതിരെയും ബി.ജെ.പിക്കെതിരെയും ശക്തമായ നിലപാടാണ് താരം സ്വീകരിച്ചത്. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തനിക്ക് ലഭിച്ച പരമോന്നത പുരസ്കാരമായ ഖേൽരത്ന തിരിച്ചു നൽകുമെന്നും പറഞ്ഞിരുന്നു. സിംഗു അതിർത്തിയിൽ നേരിട്ടെത്തി വിജേന്ദർ സിംഗ് കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിജേന്ദറിന്റെ മനംമാറ്റത്തിൽ കോൺഗ്രസ് നേതൃത്വം ഞെട്ടലിലാണ്.