narendra-modi

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവരുടെ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് ബിജെപി കടന്നു പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഈ ജൈത്രയാത്രയ്ക്ക് കടിഞ്ഞാണിടാന്‍ പഠിച്ച പണിയെല്ലാം പയറ്റുകയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍. ഏകാധിപതിയെന്നും പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന പകപോക്കലിന്റെ രാഷ്ട്രീയം കൊണ്ടുനടക്കുന്ന നേതാവ് എന്നൊക്കെയാണ് അവര്‍ മോദിയെ വിശേഷിപ്പിക്കുന്നത്.

പ്രതിപക്ഷ നേതാക്കളെ തിരഞ്ഞ്പിടിച്ച് വലയിലാക്കുന്നത് ഉള്‍പ്പെടെ നരേന്ദ്ര മോദി ചെയ്യുന്ന പല കാര്യങ്ങളും ദി ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ക്ഷയിച്ച അവസ്ഥ ഒരിക്കലും ബിജെപിക്ക് ഉണ്ടാകാതിരിക്കാനുള്ളവയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അഴിക്കുള്ളിലാക്കിയ നീക്കം. എന്തുകൊണ്ട് കേജ്‌രിവാളിനോട് ഈ പക എന്ന് ചോദിച്ചാല്‍ അതിന് ഏറ്റവും വലിയ ഉത്തരം ആംആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയും കേജ്‌രിവാള്‍ ഭാവിയില്‍ ഉയര്‍ത്തിയേക്കാവുന്ന വെല്ലുവിളിയും തന്നെ.

ഇന്ത്യയില്‍ കോണ്‍ഗ്രസ് സര്‍വശക്തരായി തുടരുന്ന കാലത്ത് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. 2004 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ഗോദ്ര കലാപത്തില്‍ ഉള്‍പ്പെടെ നരേന്ദ്ര മോദിയെ പൂട്ടാനുള്ള ശേഷി കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. എന്നാല്‍ മോദിയുടെ വളര്‍ച്ച മുന്‍കൂട്ടി കാണുന്നതില്‍ അന്ന് കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നതാണ് വാസ്തവം. 2014ല്‍ ശിവരാജ് സിംഗ് ചൗഹാനായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പൊതുവില്‍ ഒരു അടക്കംപറച്ചില്‍ ഇന്ത്യയിലുണ്ടായിരുന്നു.

എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് മൂന്നാമതും ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതും വന്‍ തരംഗം രാജ്യത്ത് സൃഷ്ടിക്കുന്നതും. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത കൊണ്‍ഗ്രസ് യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞില്ല. അന്ന് നരേന്ദ്ര മോദിയെ അഴിക്കുള്ളിലാക്കാന്‍ കോണ്‍ഗ്രസ് വിചാരിച്ചാല്‍ നിഷ്പ്രയാസം കഴിയുമായിരുന്നു എന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനാണ് മോദി ശ്രദ്ധിക്കുന്നതും.

അരവിന്ദ് കേജ്‌രിവാളിനേയും ആംആദ്മി പാര്‍ട്ടിയേയും പരിശോധിച്ചാല്‍ അവര്‍ ക്രമേണ രണ്ട് സംസ്ഥാനങ്ങള്‍ ഭരിക്കുകയും പലയിടത്തും നിര്‍ണായക സാന്നിദ്ധ്യമായി മാറുകയും ചെയ്തുകഴിഞ്ഞു. മോദിയും അമിത് ഷായും ജീവിക്കുന്ന ഡല്‍ഹിയില്‍ തന്റേതായ ഒരു സാമ്രാജ്യം തന്നെ കേജ്‌രിവാളിനുണ്ട്. വളര്‍ച്ച തുടര്‍ന്നാല്‍ അത് ഭാവിയില്‍ ഉണ്ടാക്കിയേക്കാവുന്ന അപകടത്തെക്കുറിച്ചും മോദിക്ക് അറിയാം. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന പ്രഖ്യാപിത മുദ്രാവാക്യം സാദ്ധ്യമാക്കിയെടുക്കാന്‍ ഒന്ന് വിരട്ടി ഒപ്പമെത്തിക്കുകയെന്ന നയം മതിയാകുമെന്ന ബോദ്ധ്യം ബിജെപിക്ക് ഉണ്ട്.

2014 മുതല്‍ ഒദ്യോഗികമായി ഇന്ത്യക്ക് ഒരു പ്രതിപക്ഷ നേതാവില്ല. ആ സ്ഥാനത്തേക്ക് സമീപഭാവിയില്‍ തന്നെ എത്താനും വെല്ലുവിളിക്കാനും സാദ്ധ്യതയുള്ള നേതാവായിട്ടാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അരവിന്ദ് കേജ്‌രിവാളിനെ കാണുന്നത്. പൂര്‍ണമായും ഒരു സംസ്ഥാന പദവിയില്ലാത്ത പല കാര്യങ്ങളും കേന്ദ്രത്തിന്റ് കീഴില്‍ വരുന്ന ഡല്‍ഹിയില്‍ പക്ഷേ ബിജെപിയെ നാണംകെടുത്തുന്ന പ്രകടനാണ് അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ എഎപി കാഴ്ചവയ്ക്കുന്നത്.

രാജ്യത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു നേതാവിനേയും തങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളയാളായി ബിജെപി കാണുന്നില്ല. അഴിമതിയും ക്രമക്കേടുമൊക്കെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കേന്ദ്ര ഏജന്‍സികളെ കാണിച്ച് വിരട്ടിയാല്‍ ഒപ്പം പോന്നോളും എന്ന തന്ത്രമാണ് ബിജെപി പല സംസ്ഥാനങ്ങളിലും പുറത്തെടുക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള പലയിടത്തും സഖ്യസര്‍ക്കാരുണ്ടാക്കുകും സാവധാനം അവിടെ ഒന്നാമന്‍മാരുകയും ചെയ്യുന്നതാണ് ബിജെപി തന്ത്രം.

എതിരാളികളില്ലാതെ മുന്നേറുകയെന്നതാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളും തങ്ങള്‍ ഭരിക്കണം. അതിന് തടസ്സം നില്‍ക്കുന്നവരേയും തടസ്സമാകാന്‍ സാദ്ധ്യതയുള്ളവരേയും നേരത്തെ തിരിച്ചറിഞ്ഞ് രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യുകയോ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുകയോ ചെയ്യുകയെന്ന തന്ത്രം ബിജെപി തുടരും. മൂന്നാമതും അധികാരത്തില്‍ വന്നാല്‍ അഴിമതിക്കാരെയും കോണ്‍ഗ്രസിനേയും തുടച്ച് നീക്കും എന്ന പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അടിവരയിടുന്നവയാണ്.