
ശ്രീനഗർ: 'ഇന്ത്യ" സഖ്യത്തിന് ജമ്മു കാശ്മീരിലും തിരിച്ചടി. കാശ്മീരിലെ മൂന്ന് ലോക്സഭാ സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) നേതാവ് മെഹബൂബ മുഫ്തി അറിയിച്ചു. നാഷണൽ കോൺഫറൻസ് (എൻ.സി) നേതാവ് ഒമർ അബ്ദുള്ള സീറ്റ് വിഭജനത്തിൽ സഹകരിക്കാത്തതിനാലാണ് തീരുമാനമെന്നും അവർ പറഞ്ഞു. കാശ്മീരിലെ മൂന്ന് സീറ്റുകളിലും സ്ഥാനാർത്ഥികളെ നിറുത്തുമെന്ന് എൻ.സി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് സ്ഥാനാർത്ഥികളെ നിറുത്തി മത്സരിക്കുകയല്ലാതെ മറ്റൊരു സാദ്ധ്യതയും എൻ.സി അവശേഷിപ്പിച്ചിട്ടില്ലെന്ന് മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി. മറ്റൊരു മാർഗവുമില്ലാതെയാണ് സഖ്യത്തിൽ നിന്ന് പിന്മാറുന്നതെന്നും മുഫ്തി പറഞ്ഞു.