d

തിരുവനന്തപുരം: മണ്ണന്തലയിൽ നാടൻബോംബ് നിർമ്മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർക്ക് പരിക്ക്. ഇതിൽ 17കാരനായ നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ ഇരു കൈപ്പത്തികളും അറ്റു. ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്കും പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

ബുധൻ വൈകിട്ട് മണ്ണന്തലയിലെ കുന്നിൻമുകളിൽ വിജനമായ സ്ഥലത്ത് നാടൻബോംബ് നിർമ്മിക്കുമ്പോഴായിരുന്നു അപകടം. നാലുപേരും ഗുണ്ടാസംഘത്തിൽ പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. അനിരുദ്ധിനെതിരെ അനധികൃത ബോംബ് നിർമ്മാണത്തിന് മുൻപും കേസുണ്ട്. നാലുപേർക്കുമെതിരെ വഞ്ചിയൂരിൽ ബൈക്ക് മോഷണക്കേസുണ്ട്. ഇവരെ അന്വേഷിച്ച് പൊലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിൽ പോയിരുന്നു. പൊലീസിനെ എറിയാനാണോ ബോംബ് നിർമ്മിച്ചതെന്നും സംശയമുണ്ട്.