v

ഡൽഹി ക്യാപ്പിറ്റൽസിനെ റൺസിന് 106 റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

സുനിൽ നരെയ്ൻ 39 പന്തുകളിൽ 85 റൺസ്

272/7

ഐ.പി.എല്ലിലെ രണ്ടാമത്തെ ഉയർന്ന ടീം ടോട്ടലും തങ്ങളുടെ ഏറ്റവും ഉയർന്നടീം ടോട്ടലുമാണ് കൊൽക്കത്ത ഇന്നലെ നേടിയത്.

വിശാഖപട്ടണം : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ 106 റൺസിന്റെ വിജയം ആഘോഷിച്ച് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 272 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ ഡൽഹി 17.2 ഓവറിൽ 166 റൺസിന് ആൾഒൗട്ടാവുകയായിരുന്നു.

39 പന്തുകളിൽ ഏഴും വീതം ഫോറും സിക്സും പറത്തി 85 റൺസ് നേടിയ കരീബിയൻ ആൾറൗണ്ടർ സുനിൽ നരെയ്ന്റെ ഇടിവെട്ട് ഇന്നിംഗ്സാണ് കൊൽക്കത്തയ്ക്ക് കരുത്തായത്. അർദ്ധസെഞ്ച്വറി നേടിയ ആൻക്രിഷ് ശർമ്മയും (27 പന്തുകളിൽ അഞ്ചുഫോറും മൂന്ന് സിക്സുമടക്കം 54 റൺസ്) 41 റൺസ് നേടിയ ആന്ദ്രേ റസലും റൺസ് ഉയർത്തുന്നതിൽ വലിയ പിന്തുണ നൽകി. ഐ.പി.എല്ലിലെ രണ്ടാമത്തെ മികച്ച ടീം ടോട്ടലും തങ്ങളുടെ മികച്ച ടോട്ടലുമാണ് കൊൽക്കത്ത ഇന്നലെ ഉയർത്തിയത്. മറുപടക്കിറങ്ങിയ ഡൽഹിക്ക് വാർണർ(18),പൃഥ്വി ഷാ (10), മിച്ചൽ മാർഷ് (0), അഭിഷേക് പൊറേൽ (0) എന്നിവരെ തുടക്കത്തിലേ നഷ്‌ടമായതോടെ താളം തെറ്റി. തുടർന്ന് റിഷഭ് പന്തും (55) , ട്രിസ്റ്റൻ സ്റ്റബ്സും (54) പൊരുതിയെങ്കിലും ഫലമുണ്ടായില്ല. കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തിയും വൈഭവ് അറോറയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റാർക്കിന് രണ്ട് വിക്കറ്റും നരെയ്നും റസലിനും ഒരോ വിക്കറ്റും ലഭിച്ചു.

കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ തുടക്കം മുതൽ തകർത്തടിക്കുകയായിരുന്നു. 12 പന്തുകളിൽ നിന്ന് നേടിയ 18 റൺസുമായി 4.3-ാം ഓവറിൽ സഹഓപ്പണർ ഫിൽ സാൾട്ട് മടങ്ങുമ്പോൾ കൊൽക്കത്ത 60 റൺസിലെത്തിയിരുന്നു. ഫസ്റ്റ് ഡൗണായി എത്തിയ ആൻഗ്രിഷ് രഘുവംശിയും നരെയ്നും ചേർന്ന് അടുത്ത എട്ടോവറുകളിൽ 104 റൺസാണ് അടിച്ചുകൂട്ടിയത്. എട്ടാം ഓവറിൽ 100 കടന്ന നൈറ്റ് റൈഡേഴ്സ് 11 ഓവർ പൂർത്തിയായപ്പോൾ 150/1 എന്ന നിലയിലെത്തിയിരുന്നു. 21 പന്തുകളിൽ നിന്ന് അർദ്ധസെഞ്ച്വറി തികച്ച നരെയ്ന്റെ ബാറ്റിൽ നിന്ന് ഒന്നിന് പിന്നാലെ ഒന്നായി സിക്സുകൾ പറന്നുകൊണ്ടിരുന്നു.13-ാം ഓവറിൽ മിച്ചൽ മാർഷാണ് നരെയ്ന്റെ നായാട്ട് അവസാനിപ്പിച്ചത്. മാർഷിന്റെ ബൗൺസറിൽ നരെയ്നെ ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്ടൻ റിഷഭ് പന്ത് ക്യാച്ചെട‌ുക്കുകയായിരുന്നു. നരെയ്ൻ മടങ്ങിയെങ്കിലും കൊൽക്കത്തയുടെ കുതിപ്പിന് വേഗം കുറഞ്ഞില്ല. പകരമറിങ്ങിയ മറ്റൊരു കരീബിയൻ കരുത്തൻ ആന്ദ്രേ റസലാണ് ബാറ്റൺ ഏറ്റെടുത്തത്. 14-ാം ഓവറിൽ ടീം സ്കോർ 176ൽ നിൽക്കേ ആൻഗ്രിഷിനെ ആന്ദ്രേ നോർക്യേ തിരിച്ചയച്ചു. പിന്നീട് നാലാം വിക്കറ്റിൽ നായകൻ ശ്രേയസ് അയ്യരും (18) റസലും ചേർന്ന് 16-ാം ഓവറിൽ 200 കട‌ത്തി.17.2-ാം ഓവറിൽ ടീംസ്കോർ 232ലെത്തിച്ചശേഷമാണ് ശ്രേയസ് മടങ്ങിയത്. തുടർന്ന് റിങ്കു സിംഗ് 26 റൺസുമായി മടങ്ങി.അവസാന ഓവറിലാണ് റസലും റമൺദീപും (2) പുറത്തായി.

കൊൽക്കത്തയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. ഇതോടെ അവർ പോയിന്റ് പട്ടികയിൽ ആറുപോയിന്റുമായി ഒന്നാമതേക്കുയർന്നു. ഡൽഹിയുടെ നാലുകളികളിൽ മൂന്നാം തോൽവിയാണിത്.