crime

ഇടുക്കി: 30കാരിയായ യുവതിയെ മുളകുപൊടി മുഖത്തെറിഞ്ഞ് ശേഷം മര്‍ദ്ദിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ 16കാരനായ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇടുക്കി കട്ടപ്പനയിലാണ് യുവതി തനിച്ചായിരുന്ന സമയത്ത് അതിക്രമിക്കാന്‍ ശ്രമം നടന്നത്.

കട്ടപ്പന കൊച്ചുതോവാള നിരപ്പേക്കട സ്വദേശിനിയായ 30കാരിക്കുനേരേയാണ് ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെ ആക്രമണം ഉണ്ടായത്. യുവതിയും ഭര്‍ത്താവും മാത്രമാണ് ഇവിടെ താമസം. ഭര്‍ത്താവ് കട്ടപ്പനയില്‍ ജോലിസ്ഥലത്തായിരുന്നതിനാല്‍ സംഭവസമയം യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വീടിനു പുറത്തുവന്ന് ആരോ വിളിച്ചപ്പോള്‍ ഭര്‍ത്താവ് ആണെന്നു കരുതിയാണ് യുവതി വാതില്‍ തുറന്നത്. എന്നാല്‍ വാതില്‍ തുറന്നയുടനെ യുവതിയുടെ മുഖത്തു മുളകുപൊടി എറിഞ്ഞശേഷം ആക്രമിക്കുകയായിരുന്നു.

കൈ കൊണ്ട് യുവതിയുടെ മുഖത്ത് ആഞ്ഞിടിച്ചു. തുടര്‍ന്നു പിടിച്ച് വലിച്ചിഴച്ച് വീടിനുള്ളിലേക്കു കൊണ്ടുപോകാനുള്ള ശ്രമവും നടത്തി. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ അക്രമി ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പമെത്തി കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയത്.

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയെ നോട്ടീസ് നല്‍കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ജ്യുവനൈല്‍ ആക്ട് പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.