
ന്യൂഡല്‍ഹി: ബൈജൂസ് ഉടമസ്ഥന്‍ ബൈജു രവീന്ദ്രന്‍ എന്ന മലയാളിയുടെ ആസ്തി ഒരു വര്‍ഷം മുമ്പ് 17,545 കോടി രൂപയായിരുന്നു. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ ആഗോള പട്ടികയിലും ബൈജു രവീന്ദ്രന്‍ ഇടംപിടിച്ചിരുന്നു. ആഗോളതലത്തില്‍ ശ്രദ്ധ നേടി വളര്‍ന്നു വന്നെങ്കിലും പിന്നീട് ബിസിനസ് തകര്‍ച്ച നേരിട്ട ബൈജുവിന്റെ ഇന്നത്തെ ആസ്തി പൂജ്യമാണ്. കൈവശമുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട് പാപ്പരായി മാറിയിരിക്കുകയാണ് മലയാളി സംരംഭകന്‍. ഫോബ്‌സ് പുറത്തുവിട്ട ധനികരുടെ പട്ടികയിലാണ് കണക്ക് വ്യക്തമാകുന്നത്.
നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബൈജൂസിലുണ്ടായ ബിസിനസ് തകര്‍ച്ചയാണ് ഈ നിലയിലേക്ക് ബൈജുവിനെ എത്തിച്ചത്. ഇന്ത്യയിലെ തന്നെ മൊത്തം സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളില്‍ മുന്നിലായിരുന്നു ഒരുകാലത്ത് ബൈജൂസ്. ബൈജു രവീന്ദ്രന്‍ ഉള്‍പ്പെടെ നാല് പേരാണ് ഫോബ്‌സ് പട്ടിക അനുസരിച്ച് വന്‍ തകര്‍ച്ച നേരിട്ട ധനികര്‍. 2022ല്‍ 22 ബില്യണ്‍ ഡോളറായിരുന്നു ബൈജൂസിന്റെ ആകെ മൂല്യമെങ്കില്‍ ഇന്ന് അത് വെറും ഒരു ബില്യണ്‍ ആയി താഴ്ന്നിരിക്കുന്നു.
2011ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബൈജൂസ് ലേണിംഗ് ആപ്പിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. ഒരവസരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാരെന്ന നേട്ടം പോലും ബൈജൂസ് എത്തിപ്പിടിച്ചിരുന്നു. കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ച. വിദ്യാഭ്യാസ മേഖലയില്‍ തന്നെ വലിയ മാറ്റത്തിനും ബൈജൂസ് ആപ്പ് കാരണമായി മാറി. ചില സാമ്പത്തിക പ്രശ്‌നങ്ങളും വിവാദങ്ങളും ബൈജൂസിനെ പിടിച്ച് കുലുക്കുകയായിരുന്നു.
2022 മാര്‍ച്ചിന് ശേഷമാണ് ഒരു ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടെന്ന കണക്ക് പുറത്ത് വന്നത്. വലിയ രീതിയിലുള്ള വിമര്‍ശനമാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബൈജു രവീന്ദ്രന് നിക്ഷേപകരുടെ ഭാഗത്ത് നിന്ന് ഏറ്റുവാങ്ങേണ്ടിവന്നത്. ഫോറിന്‍ എക്‌സ്‌ചേണ്ട് ആക്ട് പ്രകാരം 9362 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മാതൃകമ്പനിയായ തിങ്ക് ആന്റ് ലേണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഭാഗത്ത് നിന്ന് സമന്‍സും ലഭിച്ചിരുന്നു.