
ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച പുത്തന്‍ ഫാസ്റ്റ് ബൗളിംഗ് സെന്‍സേഷനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഐപിഎല്‍ ടീമിലെ ഡല്‍ഹി സ്വദേശിയായ മായങ്ക് യാദവ്. കളിച്ച രണ്ട് മത്സരങ്ങളിലും പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയ 21കാരന്‍ തന്റെ വേഗത കൊണ്ട് ലോകോത്തര ബാറ്റര്‍മാരെ പോലും വെള്ളം കുടിപ്പിക്കുകയാണ്. പഞ്ചാബ് കിംഗ്‌സിനെതിരായ ആദ്യ മത്സരത്തില്‍ നാലോവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് കൊയ്തു. ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയായ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നാലോവറില്‍ 13 റണ്‍സ് വഴങ്ങി നേടിയത് മൂന്ന് വിക്കറ്റുകള്‍.
പഞ്ചാബിനെതിരെ പുറത്താക്കിയത് ജോമി ബെയ്‌സ്‌റ്റോ, പ്രഭ്‌സിംറാന്‍ സിംഗ്, ജിതേഷ് ശര്‍മ്മ എന്നിവരെ. ആര്‍സിബിക്ക് എതിരെ പുറത്താക്കിയത് രജത് പാട്ടീദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരെയും. വെറും വേഗത മാത്രമല്ല കൃത്യമായ ലൈനും ലെംഗ്തും ഒപ്പം അസാദ്ധ്യ വേഗതയുമാണ് മായങ്ക് യാദവിന്റെ സവിശേഷത. ആര്‍സിബിക്ക് എതിരെ എറിഞ്ഞ 157 കിലോമീറ്റര്‍ വേഗതയുള്ള പന്ത് സീസണിലെ തന്നെ ഏറ്റവും വേഗതയേറിയ പന്ത് എന്ന റെക്കോഡും സ്വന്തം പേരിലാക്കാന്‍ യുവതാരത്തെ സഹായിച്ചു.
സ്ഥിരതയോടെ കൃത്യതയോടെ നിരന്തരം 150 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നുവെന്നതാണ് മായങ്കിനെ വ്യത്യസ്ഥനാക്കുന്നത്. ക്രിക്കറ്റ് താരങ്ങളില്‍ തന്റെ റോള്‍മോഡല്‍ ആരാണെന്ന് തുറന്ന് പറയുകയാണ് മായങ്ക്. അത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരോ അല്ലെങ്കില്‍ ഏഷ്യയില്‍ നിന്നുള്ള താരമോ അല്ല എന്നതാണ് പ്രത്യേകത. സൗത്താഫ്രിക്കയുടെ ഇതിഹാസ ഫാസ്റ്റ് ബൗളറും മുന്‍ ലോക ഒന്നാം നമ്പര്‍ പന്തേറുകാരനുമായ ഡെയ്ല്‍ സ്റ്റെയ്ന്‍ ആണ് മായങ്കിന്റെ ഇഷ്ട താരം. അദ്ദേഹത്തെ മാത്രമേ ബൗളിംഗില്‍ പിന്തുടരുന്നുള്ളൂവെന്നും താരം പറയുന്നു.
ക്രിക്കറ്റ് വിട്ട് ജീവിതത്തിലേക്ക് വന്നാലും വേഗതയോട് വലിയ പ്രിയമാണ് മായങ്ക് യാദവിന്. വേഗത തന്നെ വളരെ അതികം രസിപ്പിക്കുന്നുവെന്നും അതുകൊണ്ട് തന്നെ റോക്കറ്റുകള്‍, വിമാനങ്ങള്‍, ജെറ്റുകള്‍ തുടങ്ങിയവ എല്ലായിപ്പോഴും പ്രിയപ്പെട്ടതാണെന്നും യുവതാരം പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം എന്ന വിശേഷണം വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ ഇതിനോടകം മായങ്കിന് നല്‍കി കഴിഞ്ഞു.