
വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം ജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ 106 റണ്‍സിനാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രേയസ് അയ്യരുടെ ടീം 20 ഓവറില്‍ പടുത്തുയര്‍ത്തിയ ഏഴിന് 272 റണ്‍സ് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌കോര്‍ ആയി മാറി. മുംബയ്‌ക്കെതിരെ ഹൈദരാബാദ് നേടിയ 277 എന്ന റെക്കോഡ് സ്‌കോര്‍ മറികടക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറില്‍ ഇഷാന്ത് ശര്‍മ്മ കെകെആറിനെ തടയുകയായിരുന്നു.
പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഡേവിഡ് വാര്‍ണര്‍ 18(13), പൃഥ്വി ഷാ 10(7), മിച്ചല്‍ മാര്‍ഷ് 0(2), അഭിഷേക് പോരല്‍ 0(5) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ സ്‌കോര്‍ 33ന് നാല്. പിന്നീട് റിഷഭ് പന്ത് 55(25), ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ് 54(32) എന്നിവര്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തത് ഡല്‍ഹിയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചു. 273 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിക്ക് പക്ഷേ 17.2 ഓവറില്‍ 166 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത കെകെആറിന് വേണ്ടി ഓപ്പണര്‍ സുനില്‍ നരെയ്ന്‍ 85(39) തകര്‍ത്തടിച്ചു. ഏഴ് സിക്‌സറുകളും ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു കരീബിയന്‍ താരത്തിന്റെ ഇന്നിംഗ്‌സ്. മൂന്നാമനായി ക്രീസിലെത്തിയ 18കാരന്‍ അന്‍ക്രിഷ് രഘുവംശി ഡല്‍ഹിയെ ഞെട്ടിക്കുകയായിരുന്നു. 27 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറും സഹിതം 54 റണ്‍സ് നേടി അരങ്ങേറ്റം ഗംഭിരമാക്കിയാണ് താരം മടങ്ങിയത്. ആന്ദ്രെ റസല്‍ 41(19), റിങ്കു സിംഗ് 26(8), എന്നിവരും ആഞ്ഞടിച്ചതോടെ ടീം സ്‌കോര്‍ 277ല്‍ എത്തി.
മുംബയ് ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേടിയ 277 റണ്‍സ് പഴങ്കഥയാകുമെന്ന് തന്നെയാണ് തോന്നിപ്പിച്ചത്. 19.5 ഓവറില്‍ നാലിന് 264 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ റെക്കോഡ് മറികടക്കാന്‍ ഏഴ് പന്തില്‍ നിന്ന് വെറും 14 റണ്‍സ് മാത്രം മതിയായിരുന്നു കൊല്‍ക്കത്തയ്ക്ക്. എന്നാല്‍ 19ാം ഓവറിന്റെ അവസാന പന്തില്‍ റിങ്കു സിംഗും അവസാന ഓവറിലെ ആദ്യ പന്തില്‍ റസലും മടങ്ങിയതോടെ വെറും എട്ട് റണ്‍സ് മാത്രമേ പിന്നീട് കെകെആറിന് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ.