kerala-

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ ശേഖരിച്ചു. മരിച്ച നവീൻ തോമസിന്റെയും ഭാര്യ ദേവിയുടെയും വീട്ടിൽ കണ്ടെത്തിയ ലാപ്‌ടോപ്പിൽ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയെന്നതിന്റെ സൂചനകൾ കണ്ടെത്തി. മരണാനന്തരം എത്തുന്ന അന്യഗ്രഹങ്ങളിലെ ജീവിതരീതി സംബന്ധിച്ച സംശയങ്ങളും മറുപടികളുമായി 500,1000 പേജുള്ള പുസ്തകങ്ങൾ ലാപ്‌ടോപ്പിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

ഇവരോടൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ആര്യയുടെ മരണവുമായി ഇത്തരം താൽപര്യങ്ങൾക്ക് ബന്ധമുണ്ടോ എന്നുള്ള കാര്യം അന്വേഷണത്തിൽ കണ്ടെത്തേണ്ടതുണ്ട്.

ഇവരുടെ മരണത്തിൽ ഏതെങ്കിലും വ്യക്തികൾക്കോ സോഷ്യൽ മീഡിയ കൂട്ടായ്മകൾക്കോ ബന്ധമുണ്ടോയെന്നാണ് അന്വേഷണത്തിൽ കണ്ടത്തേണ്ടത്. ഇക്കാര്യം പൊലീസ് പരിശോധിക്കും. കേസിൽ മനോവിദഗ്ദ്ധരുടെ സഹായവും പൊലീസ് തേടുന്നുണ്ട്. തങ്ങൾക്ക് കടബാദ്ധ്യതകളില്ലെന്നും മരണത്തിൽ മറ്റാരും ഉത്തരവാദികളില്ലെന്നും മുറിയിൽ ലഭിച്ച ആത്മഹത്യ കുറിപ്പിൽ പറയുന്നു. മൂന്ന് പേരും ചേർന്ന് ഒപ്പിട്ട കുറിപ്പാണ് ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ നിന്ന് ലഭിച്ചത്.

അതേസമയം, മൂന്ന് പേരും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് അരുണാചൽ പൊലീസ് അറിയിച്ചു. ഇവർ മരിച്ചുകിടന്നിരുന്ന ഹോട്ടൽ മുറിയിൽ നിന്ന് ഇത്തരം മരുന്നുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആര്യ ഇരുവരുടെയും മകളാണെന്ന് പറഞ്ഞാണ് ഹോട്ടൽ മുറിയെടുത്തത്.

സംഭവം അന്വേഷിക്കാൻ അരുണാചൽ പൊലീസ് അഞ്ചംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മരണത്തിനു പിന്നിൽ സാത്താൻസേവ നിഗമനത്തിലാണ് അരുണാചൽ പൊലീസും. കേരള പൊലീസുമായി സഹകരിച്ചാണ് അന്വേഷണമെന്ന് ഇറ്റാനഗർ എസ്‌പി കെനി ബാഗ്ര പറഞ്ഞു. നവീൻ മറ്റുള്ളവരെ ദേഹത്ത് മുറിവേൽപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അതുപോലെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക തെളിവുകളിൽനിന്ന് വ്യക്തമായത്. ആര്യയെ കാണാനില്ലെന്ന കേസ് അന്വേഷിക്കുന്ന വട്ടിയൂർക്കാവ് പൊലീസ് എസ്‌ഐ രാകേഷും സംഘവും അതിനിടെ അരുണാചലിൽ എത്തിയിട്ടുണ്ട്.