arrest

കുട്ടനാട്: ഹോംസ്റ്റേയിൽ ജോലി ചെയ്യുന്ന അസാം സ്വദേശിനിയെ കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റിൽ. നെടുമുടി പഞ്ചായത്ത് വൈശ്യംഭാഗം പത്മവിഹാർ വീട്ടിൽ വീനിതിന്റെ ഉടമസ്ഥതയിലുള്ള അയനാസ് ഹോംസ്റ്റേയിലെ ജോലിക്കാരി ഹാസിറയെ (44) കൊലപ്പെടുത്തിയ സഫാ അലിയാണ് ഇന്നലെ രാത്രി കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായത്.

ഹാസിറയുമായി നാല് വർഷമായി സഫാ അലി അടുപ്പത്തിലായിരുന്നു. അസാമിൽ പോയി ഒരുമിച്ച് താമസിക്കണമെന്ന് ഹാസിയ നിർബന്ധം പിടിച്ചതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രതി സഹാ അലി മൊഴി നൽകിയത്. ഇയാൾക്ക് നാട്ടിൽ ഭാര്യയും കുട്ടികളുമുണ്ട്. ഹാസിറയുമായുള്ള ബന്ധത്തിന്റെ പേരിൽ പ്രതിയുടെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു.

അസാമിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞാണ് പ്രതി എത്തിയത്. ഹാസിറ ഇത് വിശ്വസിച്ച് ബാഗ് ഉൾപ്പെടെ പാക്ക് ചെയ്തു തയാറായി ഇരുന്നു. എന്നാൽ കൊല നടത്തിയ ശേഷം സഹാ അലി സ്ഥലം വിടുകയായിരുന്നു. ഇന്നലെ രാവിലെ 7.30ഓടെയാണ് ഹാസിറയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ഷാൾ മുറുകിയ പാടുണ്ടായിരുന്നു. കാതിലെ കമ്മലും നഷ്ടപ്പെട്ടിരുന്നു.

അടുക്കളയോട് ചേർന്ന മുറിയലാണ് ഹാസിറ താമസിച്ചിരുന്നത്. ഇന്നലെ ആറരയായിട്ടും എഴുന്നേറ്റു വന്നില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് അന്വേഷിച്ച് ചെന്നപ്പോൾ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു. പരിശോധനയിൽ വീടിന് പിൻവശത്തെ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. വിധവയായ ഇവർ നാലുമാസമായി ഇവിടെ ജോലി ചെയ്തുവരുകയായിരുന്നു. രണ്ട് ആൺമക്കളുള്ളതിൽ ഒരാൾ ആലപ്പുഴയിലെ ഒരു കടയിൽ ജോലി ചെയ്യുന്നുണ്ട്.