
നാസി ജർമ്മനിയുടെ ഭീകര ചരിത്രം പറയുന്ന ന്യൂറംബർഗ് നഗരത്തിലേക്കും, കൊടുംവിചാരണകളുടെ കഥ പറയുന്ന അവിടത്തെ ട്രയൽ മ്യൂസിയത്തിലേക്കും ഒരു സഞ്ചാരം
ന്യൂറംബർഗ് വെറുമൊരു നഗരമല്ല; ഒടുങ്ങാത്ത യുദ്ധവെറിയുടെ ഓർമ്മകളിൽ കാർമേഘം മൂടിയ, ജർമ്മനിയിലെ ചരിത്ര നഗരം! നാസി ജർമ്മനിയിൽ, അവരുടെ പടുകൂറ്റൻ റാലികൾക്കും, 1945-നു ശേഷം അതേ നാസികളെ യുദ്ധക്കുറ്റങ്ങൾക്ക് വിചാരണ ചെയ്തു ശിക്ഷിക്കുകയും ചെയ്ത പ്രേതനഗരം. ജർമ്മനിയുടെ തെക്കു ഭാഗത്തെ ബവേറിയൻ നഗരമായ വുസ്ബെർഗിൽ നിന്ന് അത്യധികമായ ആകാംക്ഷകളോടെയാണ് ന്യൂറംബർഗിലെ ട്രയൽ മ്യൂസിയത്തിലേക്ക് യാത്ര തിരിച്ചത്.
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന കാലം. ന്യൂറംബർഗിൽ യുദ്ധക്കുറ്റങ്ങളുടെ വിചാരണ നടക്കുമ്പോൾ യുദ്ധത്തിന്റെ ഭീകരതയ്ക്കൊപ്പം, മനുഷ്യന്റെ ക്രൂരതകളുടെ അനന്തത കൂടിയാണ് ലോകത്തിനു ബോദ്ധ്യപ്പെട്ടത്. ട്രയൽ മ്യൂസിയത്തിൽ ആ വിചാരണകൾക്ക് സാക്ഷ്യം വഹിച്ച സ്ഥലത്താണ് നിൽക്കുന്നതെന്ന ചിന്ത, അതു സൃഷ്ടിക്കുന്ന ഞെട്ടലിനപ്പുറം, ചരിത്രത്തിന്റെ ഭീകരമായ ഒരു ഒഴുക്കിലേക്ക് എന്നെ എടുത്തെറിയുന്നുണ്ടായിരുന്നു. പറഞ്ഞാലൊടുങ്ങാത്ത ക്രൂരത സ്വന്തം രാജ്യത്തെയും, പിടിച്ചെടുത്ത രാജ്യങ്ങളിലെയും ജൂതരുടെയും തടവുപുള്ളികളുടെയും കമ്യൂണിസ്റ്റുകാരുടയും സ്വവർഗരതിക്കാരുടെയും വികലാംഗരുടെയും മേൽ അടിച്ചേല്പിച്ച നാസിഭ്രാന്തിന് ഒടുവിൽ ലോകസമൂഹത്തിന്റെ നീതിബോധം ചെറിയൊരു മറുപടിയെങ്കിലും കൊടുത്ത ഇടം.
ട്രയൽ
മ്യൂസിയം
ജർമ്മനിയിലേക്ക് വരുമ്പോൾത്തന്നെ, പോകണമെന്ന് നിർബന്ധമായും വിചാരിച്ചിരുന്ന സ്ഥലങ്ങളിലൊന്ന് ഡോക്യുമെന്റേഷൻ സെന്റർ എന്നറിയപ്പെടുന്ന ഈ ട്രയൽ മ്യൂസിയമാണ്. 'ഞാനവിടെ ഒരിക്കലും പോയിട്ടില്ല; സമയമുള്ളപ്പോൾ നമുക്കു സന്തോഷം തരുന്ന സ്ഥലങ്ങളിലേക്കല്ലേ പോകേണ്ടത്?" വരുന്ന വഴിക്ക് കാർ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ജർമ്മൻകാരി ഡോ. ലൂസി പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞതാണ്. ഞാൻ താമസിക്കുന്ന വുസ്ബർഗിൽ നിന്ന് ന്യൂറംബർഗിലേക്ക് ഒന്നര മണിക്കൂർ ട്രെയിൻ യാത്രാ ദൂരമേയുള്ളൂ. പക്ഷേ അതേ ദിവസം അതിനടുത്ത് മറ്റൊരു സ്ഥലത്തേക്ക് സുഹൃത്തുക്കളോടൊപ്പം കാറിൽ പോകാൻ പ്ലാനിട്ടിരുന്ന എന്റെ ജർമ്മനിയിലെ വീട്ടുടമസ്ഥ മോണിക്ക അവരുടെ കാറിൽ എന്നെയും യാത്ര ചെയ്യാൻ അനുവദിക്കുകയായിരുന്നു.
മോണിക്കയുടെ സുഹൃത്തായിരുന്നു ഡോ. ലിസ. ഒരുകണക്കിന് അവർ പറഞ്ഞത് ശരിയുമാണ്. ന്യൂറംബർഗ് ഒരു പുരാണ നഗരമാണ്. അതിപുരാതന കാലത്തു പണിത പള്ളികൾക്കും കോട്ട- കൊട്ടാരങ്ങൾക്കും മദ്ധ്യകാലഘട്ടത്തിലെ നവോത്ഥാന ചിത്രകാരന്മാരുടെ മ്യൂസിയങ്ങൾക്കും പുറമേ, ഇവിടെ കുട്ടികളുടെ കളിപ്പാട്ടങ്ങൾക്കു വേണ്ടി മാത്രമായുള്ള ടോയ് മ്യൂസിയവും മറ്റനേകം സ്ഥലങ്ങളും ദിവസങ്ങളോളം സമയമെടുത്ത് സന്ദർശിക്കാനായുണ്ട്. ഇത്രയധികം കൗതുകം ജനിപ്പിക്കുന്ന സ്ഥലങ്ങളുള്ളപ്പോൾ, ചരിത്രം മരവിച്ച നിമിഷങ്ങൾ ഇപ്പോഴും തങ്ങിനിൽക്കുന്ന ഈ ഡോക്യുമെന്റേഷൻ സെന്റർ കാണാൻ പോവുന്നത് സാധാരണ ഗതിയിൽ ആർക്കും മടുപ്പുളവാക്കുന്നതാണ്.
മോണിക്കയും സംഘവും എന്നെ ന്യൂറംബർഗിൽ നിന്ന് ഏതാണ്ട് ഇരുപത് കിലോമീറ്റർ അകലെയുള്ള ഒരു മെട്രോ സ്റ്റേഷനിൽ ഇറക്കി യാത്രയായി. അവിടെ നിന്ന് ന്യൂറംബർഗ് മെയിൻ സ്റ്റേഷനടുത്തുള്ള ലോറൻസ് ക്രീഷ് മെട്രോ സ്റ്റേഷനിൽ ഇറങ്ങി, ന്യൂറംബർഗ് മെയിൻ കാസിലും ഡോക്യുമെന്റേഷൻ സെന്ററും ഗൂഗിൾ മാപ്പിൽ തപ്പി നോക്കുമ്പോഴേക്കും നഗരം സജീവമായിത്തുടങ്ങിയിരുന്നു. ഔവർ ലേഡീസ് ചർച്ച് അടക്കം നിരവധി ക്രിസ്തീയ ദേവാലയങ്ങളുടെ പ്രാർത്ഥനാ ഗോപുരങ്ങൾ ഒരേസമയം ആകാശത്തേക്കുയർന്ന് നഗരത്തിന് കാവൽ നിൽക്കുന്നുണ്ടായിരുന്നു.
ഞരമ്പുകളിൽ
പൗരാണികത
പുരാണ പ്രൗഢിയോടെ നിൽക്കുന്ന മറ്റു കെട്ടിടങ്ങളും, മദ്ധ്യത്തിലെ വിശാലമായ ചത്വരവും അവിടെ നിറഞ്ഞുനിന്ന പല നിറത്തിലും വലിപ്പത്തിലുമുള്ള കടകളും മാത്രമല്ല, തെരുവോരങ്ങളിൽ ബാൻഡ് വായിക്കുന്നവരും, തെരുവിൽ പൂക്കളും പലതരം ബണ്ണുകളും വിൽക്കുന്നവരും ന്യൂറംബർഗിന്റെ ഞരമ്പുകളിൽ ജീവിക്കുന്ന പൗരാണികതയെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ജർമ്മനിയിലെ പല നഗരങ്ങളിലും ഇത് അനുഭവപ്പെടുമെങ്കിലും ഇവിടെ അത് കൂടുതലായാണ് തോന്നിയത്.
ന്യൂറംബർഗ് നഗരം തന്നെ ഒരു വലിയ മ്യൂസിയമായാണ് അനുഭവപ്പെടുക. രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യ കക്ഷികളിലെ ഇംഗ്ലണ്ടിന്റെ ബോംബിംഗിൽ എൺപതു ശതമാനത്തോളം തകർന്നു തരിപ്പണമായതാണ് ന്യൂറംബർഗ്. നാസികളുടെ ഒരു സുപ്രധാന രാഷ്ട്രീയ, സൈനിക കേന്ദ്രമായിരുന്ന ന്യൂറംബർഗ് എന്നും ആകാശ ആക്രമണങ്ങളിലെ ഒരു പ്രധാന ലക്ഷ്യമായിരുന്നു. ഇന്നു കാണുന്ന ന്യൂറംബർഗ് അന്നത്തെ ചപ്പുകൂമ്പാരങ്ങളിൽ നിന്ന് വീണ്ടും നിർമ്മിച്ചെടുത്തതാണ്.
ലോറൻസ് ക്രീഷിലെ സംഭവബഹുലവുമായ ചത്വരത്തിൽ എങ്ങോട്ടു പോകണമെന്നറിയാതെ നിൽക്കുമ്പോഴാണ് ഫ്രീ ടൂർ കുടയും ചൂടി വരികയായിരുന്ന യുവതികളെ ശ്രദ്ധിച്ചത്. ജർമ്മൻ മാത്രം സംസാരിക്കുന്ന മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി, ഇംഗ്ലീഷിൽ സംസാരിച്ചിരുന്ന അവരോട് ഭവ്യമായിത്തന്നെ വഴികൾ ചോദിച്ചു മനസ്സിലാക്കി. ഒരു കാര്യം വ്യക്തമായി. ഞാൻ വിചരിച്ചിരുന്ന രണ്ടിടങ്ങളിൽ ഒന്നു മാത്രമേ അടുത്തുള്ളൂ- ന്യൂറംബർഗ് കാസിൽ. ഡോക്യുമെന്റേഷൻ സെന്റർ പിന്നെയും കിലോമീറ്ററുകൾ അകലെയാണ്. അവരുടെ ഫ്രീ ഗൈഡഡ് ടൂറിൽ അത് പെടുന്നുമില്ല.
സ്വന്തം ചരിത്രത്തിലെ കറുത്ത പാടാണെങ്കിലും എല്ലാ ജർമ്മൻകാരും നാസിസം എന്ന പൈശാചിക ബോധത്തെക്കുറിച്ച് അറിവുള്ളവരാണ്. ജീവിതത്തിൽ ഒരു തവണയെങ്കിലും അവർ ഈ മ്യൂസിയങ്ങളിൽ ഏതെങ്കിലുമൊന്ന് സന്ദർശിച്ചിരിക്കും. മിക്കവരും സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ അതു ചെയ്തിട്ടുമുണ്ടാകും. ഈ മ്യൂസിയങ്ങളിലെല്ലാം തന്നെ, നാസിസം എന്തായിരുന്നുവെന്നും അത് അധികാരത്തിൽ വന്ന ചരിത്ര പശ്ചാത്തലങ്ങളും അതിന്റെ അതിരുകളില്ലാത്ത ക്രൂരതയും വളരെ വിശദമായി കാണിച്ചു കൊടുക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രാധാന്യമുള്ള സ്ഥലത്തേക്കാണ് എനിക്കു പോകാനുള്ളത്.
ഫ്രീ ടൂറുകാർ മറ്റൊരുപാട് സ്ഥലങ്ങൾ കാണിച്ചുതരാമെന്നു പറഞ്ഞെങ്കിലും, ഡോക്യുമെന്റേഷൻ സെന്റർ അത്രയ്ക്കും പ്രധാനപ്പെട്ട ഒരിടമായതുകൊണ്ട് ഞാൻ ഒറ്റയ്ക്കു തന്നെ പോകാൻ തീരുമാനിക്കുകയായിരുന്നു. കാസിൽ തൊട്ടടുത്താണ്. ആദ്യം അവിടെക്കയറാം. ഉച്ചയോടെ സെന്ററിലേക്കു തിരിക്കാമെന്ന് വിചാരിച്ചെങ്കിലും, നഗരത്തിന്റെ തിരക്കുകളിൽ നിന്നു മാറി ഒറ്റപ്പെട്ട ഒരിടത്ത് സ്ഥിതി ചെയ്തിരുന്ന ട്രയൽ മ്യൂസിയം കണ്ടുപിടിച്ച് അവിടെ എത്തുമ്പോഴേക്കും മൂന്നര കഴിഞ്ഞിരുന്നു. ന്യൂറംബർഗിലെ ആറാം നമ്പർ ട്രാമിന്റെ അവസാന സ്റ്റോപ്പാണ് ട്രയൽ മ്യൂസിയം. ആർക്കും താത്പര്യമില്ലാത്തതെന്ന് തോന്നിക്കുന്ന ആ സ്ഥലത്തിനു ചുറ്റുപാടുമാണ് ലോകം കണ്ട ഏറ്റവും വലിയ യുദ്ധക്കുറ്റങ്ങളുടെ മസ്തിഷ്കങ്ങൾക്ക് പ്രകമ്പനം കൊള്ളിക്കുന്ന ആരവങ്ങളോടെ ജനസഹസ്രങ്ങൾ പിന്തുണയേകിയത്!
ഹിറ്റ്ലറുടെ
കൊടുമുടി
1927-28 കാലം മുതൽ ന്യൂറംബർഗ് ഹിറ്റ്ലറുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു. പടുകൂറ്റൻ രാഷ്ട്രീയ റാലികളാണ് ഇവിടെ നാസി പാർട്ടി വർഷംതോറും സംഘടിപ്പിക്കാറുണ്ടായിരുന്നത്. 1934-ൽ ഇതുപോലെ സംഘടിപ്പിക്കപ്പെട്ട ഒരു കൂറ്റൻ റാലിയുടെ 60 മണിക്കൂർ ഫുട്ടേജിൽ നിന്നുമാണ് റെയ്ഫൻ സ്റ്റാളിന്റെ പ്രൊപഗാൻഡ ചിത്രം, ട്രയംഫ് ഒഫ് ദി വിൽ 1935-ൽ രൂപമെടുക്കുന്നത്. സാമാന്യം ഉയരത്തിലെ തട്ടുംപുറം പോലത്തെ സ്ഥലത്തു നിന്ന് ഹിറ്റ്ലർ, താഴെ നിൽക്കുന്ന തന്റെ എഴുപതിനായിരത്തോളം വരുന്ന പ്രജകളെയും പതിനായിരത്തിലേറെ വരുന്ന പട്ടാളക്കാരെയും അഭിസംബോധന ചെയ്യുന്ന ദൃശങ്ങൾ കണ്ട ജർമൻ ജനതയുടെ ഭൂരിഭാഗവും, തങ്ങൾ ലോകത്തിന്റെ നെറുകയിലാണ് എന്നു വിശ്വസിച്ചു. അതിനു കാരണഭൂതനായ നേതാവിനെ അകമഴിഞ്ഞു സ്നേഹിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങളിൽ അന്ധമായി വിശ്വസിക്കുകയും ചെയ്തു.
നാസിസം എന്നത് ജർമ്മൻ ചരിത്രത്തിൽ സംഭവിച്ച അതിഭീകരമായ ഒരപകടമായി മാത്രം കാണാതെ, അതിന്റെ ചിന്താധാരകൾ ഏതെല്ലാം വഴികളിലൂടെ, എങ്ങനെയൊക്കെയാണ് ചുറ്റിത്തിരിയുന്നത് എന്നു വരെ കാണിച്ചുതരുന്നുണ്ട്, ട്രയൽ മ്യൂസിയം. പഴയ കാലത്തെ ഒരു കൽത്തുറുങ്കിന്റെ പ്രതീതിയായിരുന്നു ഡോക്യുമെന്റേഷൻ സെന്ററിന്റെ മുഖ്യ കവാടം കടന്നയുടൻ. നവീകരണ പ്രവർത്തനങ്ങൾക്കായി യഥാർത്ഥ ബിൽഡിംഗ് പകുതിയും അടച്ചിട്ടിരിക്കുകയായിരുന്നു.
ഗുഹാമുഖ വാതിൽ കടന്നു ചെല്ലുമ്പോൾ നല്ല ഉയരത്തിൽ പണിത വിശാലമായ ഹാൾ. നാലുപാടും ചെങ്കൽ ചുവരുകളും തൂണുകളും നിറഞ്ഞ ഹാളിൽ എല്ലായിടത്തും അരണ്ട വെളിച്ചം. നാസി ചിന്താധാരകളുടെ ആവിർഭാവം തൊട്ട് അവരുടെ അധികാരത്തിന്റെയും അധികാര ദുർവിനിയോഗത്തിന്റെയും നാൾവഴികളും മരിച്ചുപോയതും കഷ്ടിച്ച് രക്ഷപ്പെട്ടതുമായ അനേകരുടെ ജീവിതത്തിന്റെ ചുരുക്ക കഥകളുമാണ് എല്ലായിടത്തും. കാഴ്ച എന്നതിനപ്പുറം, വായനയിലൂടെയും അത് കാട്ടിത്തരുന്ന അറിവിലൂടെയും സന്ദർശകർക്ക് ഒരു പുതിയ അനുഭവം സൃഷ്ടിക്കുന്നുണ്ട് ട്രയൽ മ്യൂസിയം.
ന്യൂറംബർഗ് വിചാരണയിലെ ശേഷിച്ചിരുന്ന ഒരേയൊരു പ്രോസിക്യൂട്ടറായിരുന്ന ബെഞ്ചമിൻ ഫെറെൻസ് മരിച്ചിട്ട് ഏറെക്കാലമായില്ല. യുദ്ധ വിചാരണ വേളയിൽ ഏറ്റവും ചെറുപ്പക്കാരനായ പ്രോസിക്യൂട്ടർ ആയിരുന്നു ഫെറെൻസ്. ട്രയൽ മ്യൂസിയത്തിൽ നിന്ന് ഇറങ്ങുമ്പോൾ, അവിടെ ഫെറെൻസിന്റെ വരികൾ എഴുതിവച്ചിട്ടുണ്ട്: 'ന്യൂറംബർഗിലേക്ക് നിങ്ങൾ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്!" ലോകം ഇതുവരെ താണ്ടിയതും ഇനിയും താണ്ടാനുള്ളതുമായ വഴികൾ കൃത്യമായി ഓർമ്മിപ്പിക്കുന്നതായിരുന്നു ആ വചനം.
(ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി
അദ്ധ്യാപകനാണ് ലേഖകൻ)
മൊബൈൽ : 94468 41579.
ഇ- മെയിൽ:rkkandath@gmail.com