ghana

അക്ര:12 വയസുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചത് സഹായിക്കാൻ വേണ്ടിയെന്ന് 63കാരനായ പുരോഹിതൻ. വിവാഹം ലെെംഗിക ബന്ധത്തിന് വേണ്ടിയല്ലെന്നും ആത്മീയ ചുമതലകളിൽ പെൺകുട്ടി സഹായിക്കുമെന്ന് കരുതിയാണെന്ന് പുരോഹിതന്റെ വക്താവ് പറഞ്ഞു. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഘാനയിലാണ് സംഭവം നടന്നത്.

അക്രയിലെ നുങ്കുവ ഏരിയയിലെ ആത്മീയ നേതാവായ നുമോ ബോർകെറ്റി ലാവേ സുരു XXXIII ആണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്. ശനിയാഴ്ചയായിരുന്നു വിവാഹം. വിവാഹത്തിനെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ പെൺകുട്ടിയെയും അമ്മയെയും പൊലീസ് സംരക്ഷണത്തിലാണ്.

ഘാനയിലെ നിയമപ്രകാരം വിവാഹത്തിന് കുറഞ്ഞ പ്രായം 18 ആണ്. ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ ഇത് ക്രിമിനൽ കുറ്റമാണെന്ന് ഘാനയുടെ അറ്റോർണി ജനറലിന്റെ ഓഫീസിനെ ഉദ്ധരിച്ച് ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അറ്റോർണി ജനറൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

'ഇത് ഒരു വിവാഹമല്ല. ലെെംഗിക ബന്ധത്തിന് വേണ്ടിയുള്ളതല്ല. പുരോഹിതന് മൂന്ന് ഭാര്യമാർ ഉണ്ട്. പുരോഹിതന്റെ ആത്മീയ ചുമതലകളിൽ സഹായിക്കാനാണ് പെൺകുട്ടി',​ പുരോഹിതന്റെ വക്താവ് പറഞ്ഞു.

വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി ആളുകളും ചടങ്ങിൽ പങ്കെടുത്തതായി കാണാം. ഈ ചടങ്ങ് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. വിവാഹം ബന്ധം വേർപെടുത്തി പുരോഹിതനെതിരെ അന്വേഷണം നടത്താൻ ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.