hybrid-cars

കാർ വാങ്ങാൻ വേണ്ടി ഷോറൂമിലേക്ക് എത്തുന്ന ഒരു വ്യക്തി ആ വാഹനത്തിന്റെ എല്ലാ സവിശേഷതകളും കേട്ട ശേഷം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഒരു ലിറ്ററിന് എത്ര മൈലേജ് കിട്ടും? പ്രീമിയം കാറുകൾ ഒഴികെ വാങ്ങുന്നവർ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നതും മൈലേജിന് തന്നെയാണ്. ഒപ്പം സുരക്ഷയും ഉണ്ടെങ്കിൽ ഉപഭോക്താക്കൾ ഹാപ്പി. അങ്ങനെയെങ്കിൽ ഇന്ത്യയിൽ ഏറ്റവും മികച്ച മൈലേജ് ലഭിക്കുന്ന വാഹനങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം. 6 കാറുകളാണ് പട്ടികയിലുള്ളത്.


ടൊയോട്ട ഇന്നോവ ഹൈക്രോസ്
മൂന്നാം തലമുറ ഇന്നോവ പുതിയ ഹൈക്രോസിനായി അതിന്റെ ഡീസൽ എഞ്ചിൻ ഒഴിവാക്കുകയും പെട്രോൾ ഹൈബ്രിഡ് എഞ്ചിനിലേക്ക് മാറുകയും ചെയ്തിരുന്നു. ഈ വാഹനത്തിന് കമ്പനി അവകാശപ്പെടുന്ന മൈലേജ് 23.24 കിലോ മീറ്ററാണ്. നാല് സിലിണ്ടറിൽ രണ്ട് ലിറ്റർ എഞ്ചിനാണ് ഈ വാഹനത്തിൽ ടൊയോറ്റ ഉൾപ്പെടുത്തിയിരിക്കുന്നത്.

മാരുതി സുസുക്കി ഇൻവിക്ടോ
ഒറ്റ നോട്ടത്തിൽ ഇന്നോവ ഹൈക്രോസുമായി സാമ്യമുള്ള വാഹനമാണ് മാരുതി ഇൻവിക്‌ടോ. സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള കൊടുക്കൽ വാങ്ങലിന്റെ അടിസ്ഥാനത്തിൽ മാരുതിക്ക് ലഭിച്ച വാഹനമാണ് ഇൻവിക്ടോ. 23.24 കിലോ മീറ്റർ മൈലേജ് തന്നെയാണ് ഇൻവിക്ടോയ്ക്കും കമ്പനി അവകാശപ്പെടുന്നത്.

ടൊയോട്ട കാമ്രി
ടൊയോട്ടയുടെ സെഡാൻ സെഗ്മെന്റിൽ പുറത്തിറങ്ങുന്ന കാമ്രിയിൽ 178 ബിഎച്ച്പി പവറുള്ള 2.5 ലിറ്റർ എഞ്ചിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇസിവിടി ഓട്ടോമാറ്റിക് ഗിയർ ബോക്സിലും വാഹനം ലഭ്യമാണ്. 23.27 കിലോ മീറ്റർ മൈലേജാണ് വാഹനം അവകാശപ്പെടുന്നത്. ഇക്കോ, സ്‌പോർട്ട്, നോർമൽ എന്നീ മോഡുകളിലുള്ള ഡ്രൈവിംഗ് അനുഭവവും വാഹനം വാഗ്ദ്ധാനം ചെയ്യുന്നുണ്ട്.

ഹോണ്ട സിറ്റി ഹൈബ്രിഡ്
നാല് സിലിണ്ടർ 1.5 ലിറ്റർ എഞ്ചിനിൽ പുറത്തിറങ്ങുന്ന ഹോണ്ട സിറ്റി ഹൈബ്രിഡ് മൈലേജിൽ കേമനാണ്. 27.13 കിലോ മീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. താങ്ങാനാവാത്ത വിലയായിരുന്നു സിറ്റി ഹൈബ്രിഡിന്റെ പഴയ മോഡലിന്റെ പ്രശ്നമെങ്കിൽ പുതിയ സിറ്റിയിൽ ഈ പ്രശ്നം കമ്പനി പരിഹരിച്ചു.

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ
മാരുതി സുസുക്കിയുടെയും ടൊയോട്ടയുടെയും ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് മോഡലായിരുന്നു അർബൻ ക്രൂയിസർ ഹൈറൈഡർ. 1.5 ലിറ്റർ നാല് സിലിണ്ടർ അറ്റ്കിൻസൺ സൈക്കിൾ എഞ്ചിനാണ് ഈ എസ്‌യുവിക്ക് കരുത്തേകുന്നത്. 92എച്ച്പിയും 122 എൻഎം ടോർക്കും ഈ വാഹനം നൽകുന്നു. 27.97 കിലോ മീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര
മാരുതിയുടെയും ടൊയോട്ടയുടെയും സംയുക്ത കൂട്ടുകെട്ടിൽ പിറന്ന ഗ്രാൻഡ് വിറ്റാരെ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഹൈക്രോസ്, ഇൻവിക്ടോ ജോഡികളെപ്പോലെ, ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറും തമ്മിലുള്ള വ്യത്യാസം അവയുടെ സ്‌റ്റൈലിംഗ്, ട്രിംവൈസ് എക്യുപ്‌മെന്റ് ഡിവിഷൻ, ബ്രാൻഡിംഗ് എന്നിവയിൽ മാത്രമാണ്. 27.97 ലിറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.