
ശ്രീനഗർ: കാശ്‌മീരിൽ കാഴ്‌ചയുടെ വിസ്മയം തീർത്ത് ടുലിപ് പുഷ്പങ്ങൾ. ശ്രീനഗറിലെ ഇന്ദിര ഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡനിൽ വിടർന്ന ടുലിപ് പൂക്കൾ കാണാൻ 11 ദിവസത്തിനിടെ എത്തിയത് 1.6 ലക്ഷം സഞ്ചാരികളാണ്. ഇതാദ്യമായാണ് ഇത്രയും ചുരുങ്ങിയ ദിവസങ്ങൾക്കിടെ ടുലിപ് സീസൺ ആസ്വദിക്കാൻ ഇത്രയധികം സഞ്ചാരികൾ ഇവിടെയെത്തുന്നത്.
30 ഹെക്ടറിലായി വിവിധ വർണങ്ങളിലെ അതിമനോഹരമായ ആയിരക്കണക്കിന് ടുലിപ് പുഷ്പങ്ങളാണ് ഇവിടെ പരവതാനി പോലെ വിടർന്നുനിൽക്കുന്നത്. ശൈത്യകാലത്തിനു ശേഷം മാർച്ച് 23നാണ് ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമായ ഇവിടം സഞ്ചാരികൾക്കായി തുറന്നത്.
ശ്രീനഗറിൽ ദാൽ തടാകത്തിനും സബർവാൻ കുന്നുകൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന പൂന്തോട്ടത്തിലേക്ക് എത്തുന്ന വിദേശീയരുടെ എണ്ണത്തിലും റെക്കോഡ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 73 ഇനങ്ങളിലുള്ള 17 ലക്ഷത്തിലധികം ടുലിപ് പൂക്കൾ ഇവിടെയുണ്ട്. ഇക്കൊല്ലം പുതിയതായി അഞ്ച് ഇനങ്ങൾ കൂടി അവതരിപ്പിച്ചതായി ഗാർഡൻ ഇൻ ചാർജ് ആസിഫ് യാത്തൂ പറഞ്ഞു.
ഡാഫോഡിൽ മുതൽ റോസ വരെ
മാർച്ച് അവസാനത്തോടെ പൂക്കൾ വിരിഞ്ഞു തുടങ്ങും. ഇതുവരെ 50 ശതമാനം ടുലിപ് പൂക്കൾ വിടർന്നു. 15 - 25 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വിടരുന്ന ടുലിപുകൾക്ക് 20 മുതൽ 25 ദിവസം വരെയാണ് ആയുസ്. ടുലിപിനെ കൂടാതെ ഡാഫോഡിൽ, ഹൈസിന്ത്, റോസ, മസ്‌കാരിയ, ഐറിസ് തുടങ്ങിയ ഇനങ്ങളും പൂന്തോട്ടത്തിലുണ്ട്.
ഇന്ദിര ഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ
നേരത്തെ സിറാജ് ബാഗ് എന്നറിയപ്പെട്ടു
തുറന്നത് - 2007ൽ
30 ഹെക്ടർ
36 പ്ലോട്ടുകളായി പൂന്തോട്ടത്തെ തിരിച്ചിരിക്കുന്നു
17 ലക്ഷം ടുലിപ് പൂക്കൾ
വേൾഡ് ബുക്ക് ഒഫ് റെക്കാഡ്സിൽ (ലണ്ടൻ) ഇടം നേടി
പ്രതിദിനം എത്തുന്നവരുടെ എണ്ണം - 10,000 - 15,000
പൂന്തോട്ടത്തിനുള്ളിൽ മൂന്ന് പാർക്കുകകൾ
സന്ദർശകർ
2021 - 2.3 ലക്ഷം
2022 - 3.6 ലക്ഷം
2023 - 3.7 ലക്ഷം
യൂറോപ്പിന്റെ പൂന്തോട്ടം
ലോകത്തെ ഏറ്റവും വലിയ ടുലിപ് തോട്ടമായ നെതർലൻഡ്‌സിലെ കോകൻഹോഫിൽ നിന്നാണ് ഇവിടേക്ക് പൂക്കൾ എത്തിച്ചിട്ടുള്ളത്. യൂറോപ്പിന്റെ പൂന്തോട്ടമെന്നറിയപ്പെടുന്ന സൗത്ത് ഹോളണ്ട് പ്രവിശ്യയിലെ ലെസ്സിൽ സ്ഥിതി ചെയ്യുന്ന കോകൻഹോഫിൽ 70 ലക്ഷത്തിലേറെ ടുലിപ് പൂക്കളാണ് വിരിയുന്നത്. 1949ൽ തുറന്ന 32 ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്ന കോകൻഹോഫിൽ മാർച്ച് മുതൽ മേയ് വരെയാണ് ടുലിപ് സീസൺ.