s

പാട്ന: ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ചിരാഗ് പസ്വാന്റെ ലോക്‌ ജനശക്തി പാർട്ടിയിലെ 22 നേതാക്കൾ രാജിവച്ചു. മുൻ മന്ത്രി രേണു കുശ്‌വാഹ, മുൻ എം.എൽ.എയും എൽ.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയുമായ സതീഷ് കുമാർ, മുൻ മന്ത്രി രവീന്ദ്ര സിംഗ്, അജയ് കുശ്‌വാഹ, സഞ്ജയ് സിംഗ്, സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ഡാംഗി എന്നിവരുൾപ്പെടെയാണ് രാജി സമർപ്പിച്ചത്. എൻ.ഡി.എ സർക്കാരിന്റെ ഭാഗമായിരുന്ന ഇവർ തിരഞ്ഞെടുപ്പിൽ 'ഇന്ത്യ" മുന്നണിയെ പിന്തുണയ്ക്കും.

പുറത്തുനിന്നുള്ള ആളുകൾക്ക് പകരം പാർട്ടി പ്രവർത്തകർക്ക് ടിക്കറ്റ് നൽകണമെന്ന് മുൻ എം.പി രേണു കുശ്വാഹ പറഞ്ഞു. പാർട്ടി പണത്തിന് പകരം സീറ്റ് നൽകി. അതിനർത്ഥം കഴിവുള്ളവർ പാർട്ടിയിൽ ഇല്ല എന്നാണോയെന്നും അദ്ദേഹം ചോദിച്ചു.

മുൻ എം.എൽ.എയും എൽ.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയുമായ സതീഷ് കുമാറും 'ഇന്ത്യ" സഖ്യത്തിനു പിന്തുണയറിയിച്ച് രംഗത്തെത്തി. ചിരാഗ് പാസ്വാൻ 'ടിക്കറ്റുകൾ വിറ്റു" എന്ന് പാർട്ടി സെക്രട്ടറി രവീന്ദ്ര സിംഗും ആരോപിച്ചു.