kseb

കൊല്ലം: താഴ്‌ന്നുകിടന്ന കേബിളുകൾ മുറിച്ചുമാറ്റാൻ സ്‌പെഷ്യൽ ഡ്രൈവിനിറങ്ങിയ കെ.എസ്.ഇ.ബി, ലാൻഡ് ലൈൻ ഇന്റർനെറ്റ് കേബിളുകൾ അറുത്തുമാറ്റിയത് നഗരഹൃദയത്തിലെ ഇന്റർനെറ്റ് സേവനം 12 മണിക്കൂറോളം നിശ്ചലമാക്കി.

തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് 12 മുതൽ അർദ്ധരാത്രി വരെയാണ് സേവനങ്ങൾ നിലച്ചത്. ജില്ലാ ജയിൽ പരിസരം, മിൽമ, തുടങ്ങി തേവള്ളി പാലം വരെയാണ് ബി.എസ്.എൻ.എൽ, ഏഷ്യാനെറ്റ് കേബിളുകൾ മുറിച്ചുമാറ്റപ്പെട്ടത്.

ഭൂഗർഭ മെയിൻ ഒപ്‌റ്റിക്കൽ കേബിൾ സംവിധാനം ഉള്ളപ്പോൾ തന്നെ ചിലയിടങ്ങളിൽ പോസ്‌റ്റുകൾ മുഖേനയാണ് കേബിളുകൾ വലിച്ചിട്ടുള്ളത്. ഇതറിയാതെയാണ് അംഗീകൃത കേബിളുകൾ മുറിച്ചുമാറ്റിയത്. കൊല്ലം കളക്‌ടറേറ്റിലെയും കെ.എസ്.ഇ.ബി ഓഫീസിലെയും ഇന്റർനെറ്റ് സംവിധാനം നിലച്ചതോടെയാണ് വിവരം പുറത്തായത്.

അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കെ.എസ്.ഇ.ബിയുടെ 1912 ടോൾഫ്രീ സേവനവും ലാൻഡ് ലൈൻ സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. പ്രശ്നം സങ്കീർണമായതോടെ കളക്‌ടറേറ്റിലെയും കെ.എസ്.ഇ.ബിയിലെയും സേവനം ടിപ് സാങ്കേതിക വിഭാഗം ഉടനടി പുനഃസ്ഥാപിച്ചു.

സേവനം നൽകുന്നത് ടിപ്

ബി.എസ്.എൻ.എല്ലും മറ്റ് സ്വകാര്യ സേവന ദാതാക്കളും ടെലികോം ഇൻഫ്രാ പ്രൊവൈഡേഴ്‌സ് (ടിപ്) ഫ്രാഞ്ചൈസികൾ മുഖേനയാണ് സേവനം നൽകുന്നത്. പ്രതിവർഷം 550 മുതൽ 600 രൂപ വരെ കെ.എസ്.ഇ.ബിക്ക് വാടക നൽകിയാണ് ബി.എസ്.എൻ.എൽ ടാഗോട് കൂടി പോസ്റ്റിലൂടെ കേബിളുകൾ വലിക്കുന്നത്.

ഫ്രാഞ്ചൈസി സംവിധാനത്തിലാണെങ്കിലും ബി.എസ്.എൻ.എൽ അധികൃതർ നിരന്തരം സേവനങ്ങൾ വിലയിരുത്തുന്നുണ്ട്. വിഷയത്തിൽ ബി.എസ്.എൻ.എല്ലിന് പരാതി നൽകി. ഉത്തരവാദിത്തപ്പെട്ട കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യമാണ് പ്രശ്നത്തിന് കാരണം.- ടെലികോം ഇൻഫ്രാ പ്രൊവൈഡേഴ്‌സ് (ടിപ്)

പ്രത്യേക ഡ്രൈവിന് മുമ്പായി കേബിൾ ഓപ്പറേറ്റർമാരുടെയും ഇന്റർനെറ്റ് സേവന ദാതാക്കളുടെയും വിവിധ ഗ്രൂപ്പുകളിൽ അറിയിപ്പ് നൽകിയിരുന്നു. ഉപയോഗശൂന്യമായ കേബിളുകൾ നീക്കം ചെയ്യുന്ന നടപടി തുടരും. സുരക്ഷാ മാനദണ്ഡം പാലിക്കുന്ന കേബിളുകൾ നിലനിറുത്തും.- കെ.എസ്.ഇ.ബി അധികൃതർ