pant

പരിക്ക് മാറിയെത്തിയ റിഷഭ് പന്തിന് ക്യാപ്ടൻ പദവി തിരിച്ചുനൽകാൻ ഡൽഹി ക്യാപ്പിറ്റൽസ് എടുത്തത് വളരെ ധൈര്യപൂർവമുള്ള തീരുമാനമായിരുന്നു. പന്തിന് പിന്നിൽ തങ്ങൾ അത്രത്തോളം ഉറച്ചുനിൽക്കുന്നു എന്ന ആത്മവിശ്വാസം ജനിപ്പിക്കാൻ ആ തീരുമാനത്തിനായി. സീസണിന് മുമ്പ് ഡേവിഡ് വാർണറെയാണ് നായകനായി നിശ്ചയിച്ചിരുന്നതെങ്കിലും പന്ത് ഫിറ്റ്നെസ് വീണ്ടെടുത്തതിന് പിന്നാലെ ക്യാപ്ടൻസി ഏൽപ്പിക്കുകയായിരുന്നു.വിക്കറ്റ് കീപ്പറായും ബാറ്ററായും പന്ത് മികവ് കാട്ടിയെങ്കിലും ക്യാപ്ടനെന്ന നിലയിൽ അത്രത്തോളം ഉയരാത്തത് പക്ഷേ ഇപ്പോൾ ഡൽഹി ആരാധകരെ വിഷമിപ്പിക്കുന്നു.

നാലുമത്സരങ്ങൾ കളിച്ചതിൽ പന്തിനും സംഘത്തിനും വിജയം നേടാൻ കഴിഞ്ഞത് ഒരു കളിയിൽ മാത്രമാണ്. അത് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയായിരുന്നു എന്നത് പ്രധാനമാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റശേഷമായിരുന്നു ചെന്നൈയുമായുള്ള വിജയം. എന്നാൽ അതിന് പിന്നാലെ കൊൽക്കത്തയോട് ദാരുണമായി തോൽക്കേണ്ടിവന്നതാണ് ടീമിന് തിരിച്ചടിയായിരിക്കുന്നത്. മത്സരത്തിൽ പന്തിന്റെ ക്യാപ്ടൻസി പരിതാപകരമായിരുന്നെന്നാണ് വിമർശനം. ക്യാപ്ടൻ കുറച്ചുകൂടി ജാഗ്രത പുലർത്തിയിരുന്നുവെങ്കിൽ മത്സരം ഏകപക്ഷീയമാകില്ലായിരുന്നു. സുനിൽ നരെയ്നെയും ശ്രേയസ് അയ്യരെയും കീപ്പർ ക്യാച്ചിന് റിവ്യു നൽകാൻ പന്ത് മടിച്ചുനിന്നത് ടീമിന് തന്നെ വിനയായി മാറിയിരുന്നു. ബൗളിംഗ് മാറ്റങ്ങളിലും പന്ത് പൂർണ പരാജയമായി. കൊൽക്കത്ത പവർപ്ലേയിൽ അടിച്ചുതകർക്കുമ്പോൾ റണ്ണൊഴുക്ക് പിടിച്ചുനിറുത്താന്‍ ഒരു സ്ലോ ബൗളറെ പരീക്ഷിക്കാൻ പോലും പന്ത് മുതിരാതിരുന്നതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

24 ലക്ഷം പിഴ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോടേറ്റ 106 റൺസിന്റെ കനത്ത തോൽവിക്കു പിന്നാലെ ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്ടൻ ഋഷഭ് പന്തിനും ടീം അംഗങ്ങൾക്കും കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴശിക്ഷ. തുടർച്ചയായ രണ്ടാം മത്സരത്തിലും സമയത്ത് ഓവർ പൂർത്തിയാകാത്തതിനാൽ നായകൻ പന്ത് 24 ലക്ഷം രൂപയാണ് പിഴയൊടുക്കേണ്ടത്. ഇംപാക്ട് പ്ലെയർ അടക്കം പ്ലേയിംഗ് ഇലവനിലുണ്ടായിരുന്ന എല്ലാവർക്കും പിഴചുമത്തിയിട്ടുണ്ട്. മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷം രൂപയോ ഏതാണോ കുറവ് അതാണ് ക്യാപ്ടൻ ഒഴികെയുള്ള ടീം അംഗങ്ങൾ പിഴയായി നൽകേണ്ടത്.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പന്തിന് 12 ലക്ഷം രൂപ പിഴയിട്ടിരുന്നു. തെറ്റ് ആവർത്തിച്ചതോടെ പിഴ ഇരട്ടിയായി. ഒരിക്കൽ കൂടി തെറ്റ് ആവർത്തിച്ചാൽ പന്തിനെ കാത്തിരിക്കുന്നത് ഒരു മത്സര വിലക്കാണ്. മൂന്നാമതും കുറ്റം ആവർത്തിച്ചാൽ ക്യാപ്ടന് 30 ലക്ഷം പിഴയും ഒരു മത്സര വിലക്കും ലഭിക്കും. ടീം അംഗങ്ങൾക്ക് 12 ലക്ഷമോ മാച്ച് ഫീസിന്റെ 50 ശതമാനമോ ഏതാണോ കുറവ് അതാകും പിഴ.