x

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ലഭ്യത തടസപ്പെട്ടതു കാരണം ഉടലെടുത്ത പ്രതിസന്ധി ദിവസം ചെല്ലുന്തോറും രൂക്ഷമാവുകയാണ്. സർക്കാർ നൽകാനുള്ള കുടിശികയുടെ ഒരു ഭാഗമെങ്കിലും അടിയന്തരമായി നൽകിയെങ്കിലേ, തുടർന്ന് സർജിക്കൽ ഉപകരണങ്ങൾ നൽകാനാവൂ എന്ന നിലപാടു കടുപ്പിച്ച് സമരം തുടരുകയാണ് വിതരണ കമ്പനികൾ. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട 19 സർക്കാർ ആശുപത്രികളിൽ നിന്നായി 30 കമ്പനികൾക്ക് നൽകാനുള്ള കുടിശിക 143 കോടി രൂപയാണ്. തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയുടെ മാത്രം കുടിശിക 49.17 കോടിയുണ്ട്. എങ്ങനെയെങ്കിലും പ്രതിസന്ധി പരിഹരിക്കാൻ ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വിതരണ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നത്തിന്റെ കുരുക്കഴിഞ്ഞില്ല.

നിലവിൽ എല്ലാ സർക്കാർ ആശുപത്രികളിലും കൂടി,​ രണ്ടാഴ്ചത്തെ ശസ്ത്രക്രിയകൾക്കുള്ള സാമഗ്രികളേ കരുതലുള്ളൂ. അതു കഴിഞ്ഞാൽ അടിയന്തര ഹൃദയ ശസ്ത്രക്രിയകൾ പോലും മാറ്റിവയ്ക്കുകയേ നിവൃത്തിയുള്ളൂ. ഏതു കാര്യത്തിലും കുടിശിക നല്ല വഴക്കമല്ല. എന്നാൽ,​ സർക്കാർ സംവിധാനത്തിൽ പലപ്പോഴും അതു വേണ്ടിവരും. പക്ഷേ,​ അങ്ങനെ കുടിശിക വരുത്തുന്നതിന് ഒരു പരിധിയില്ലേ എന്നാണ് കമ്പനിക്കാരുടെ ചോദ്യം. അവരുടെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ ആ ചോദ്യം ന്യായമാണു താനും. കുടിശികത്തുകയുടെ ഒരു ഭാഗമെങ്കിലും നൽകിയെങ്കിലേ നിർമ്മാണ കമ്പനികൾ ശസ്ത്രക്രിയാ സാമഗ്രികൾ വിതരണ ഏജൻസികൾക്കു നൽകൂ. 2022 ഒക്ടോബർ മുതലുള്ള കുടിശികത്തുകയാണ് നേരത്തേ പറഞ്ഞത്. അതിൽ,​ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള തുകയെങ്കിലും അനുവദിക്കണമെന്നാണ് വിതരണ കമ്പനികളുടെ സംഘടനയായ ചേംബർ ഒഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോർ മെഡിക്കൽ ഇംപ്ളാന്റ്സ് ആൻഡ് ഡിസ്പോസബിൾസിന്റെ ആവശ്യം. അക്കാര്യം അടുത്തയാഴ്ച നോക്കാമെന്ന ആരോഗ്യ വകുപ്പിന്റെ നിലപാട് സംഘടനയ്ക്ക് സ്വീകാര്യമായില്ല. അവർ സമരം തുടരാൻ തീരുമാനിക്കുകയും ചെയ്തു.

മറ്റു പല സർക്കാർ വകുപ്പുകളും വിവിധ കമ്പനികൾക്കും വിതരണക്കാർക്കും കരാറുകാർക്കും കൊടുക്കാനുള്ള കുടിശികയുടെ തലവിധി അറിയാവുന്നതുകൊണ്ട് ഇവർ പുലർത്തുന്ന കടുംപിടിത്തത്തിൽ അതിശയിക്കാനില്ല. അതേസമയം സർക്കാരിന്റെ ഭാഗത്തുനിന്നായാലും,​ വിതരണ കമ്പനികളുടെ ഭാഗത്തുനിന്നായാലും ദുർവാശി കാണിക്കാനോ താൻപോരിമ പ്രകടിപ്പിക്കാനോ ഉള്ള അവസരമല്ല ഇത്. ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള എമർജൻസി സർജറികൾ ഉൾപ്പെടെ,​ നീട്ടിവയ്ക്കാനോ മാറ്റിവയ്ക്കാനോ സാധിക്കാത്തതാണ് പല ശസ്ത്രക്രിയകളും. തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ മാത്രം പ്രതിദിനം പതിനഞ്ച് ആൻജിയോപ്ളാസ്റ്റികൾ നടക്കുന്നുണ്ട്. പ്രതിമാസം നാനൂറിലധികം. ധമനീതടസം നീക്കുന്നതിനുള്ള ആൻജിയോപ്ളാസ്റ്റിക്കു വേണ്ടുന്ന സ്റ്റെന്റ്,​ ബലൂൺ തുടങ്ങിയവ മാത്രമല്ല,​ കൃത്രിമ വാൽവുകൾ,​ പേസ്‌മേക്കർ എന്നിവയുടെയെല്ലാം സ്റ്റോക്ക് പരിമിതമാണ്. വിതരണക്കാരുടെ കുടിശിക തീർത്ത് ഈ ആഴ്ചതന്നെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഊഹിക്കാനാകാത്ത പ്രതിസന്ധിക്കായിരിക്കും അത് വഴിവയ്ക്കുക.

സ്വകാര്യ ആശുപത്രികളിൽ ഭാരിച്ച ചെലവ് വരുന്നവയാണ് ഹൃദയശസ്ത്രക്രിയകൾ ഉൾപ്പെടെ എല്ലാ മേജർ സർജറികളും. അതു താങ്ങാൻ നിവൃത്തിയില്ലാത്ത സാധാരണക്കാരും ഇടത്തരക്കാരുമാണ് ഇതിനൊക്കെ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. അവിടെ കുടിശിക പ്രശ്നവും വിതരണക്കാരുടെ സമരവും തീരുന്നതും നോക്കിയിരിക്കാൻ കഴിയുന്നതല്ല അടിയന്തര ശസ്ത്രക്രിയ കാത്തിരിക്കുന്ന രോഗികളുടെ കാര്യം. വായ്പ വാങ്ങിയോ പണയം വച്ചോ വിറ്റുപെറുക്കിയോ ഒക്കെ പണം സ്വരൂപിച്ച് സ്വകാര്യ ആശുപത്രികളുടെ കഴുത്തറുപ്പൻ കെണിയിൽ തലവയ്ക്കാൻ രോഗികളുടെ ബന്ധുക്കൾ നിർബന്ധിതരാകും. നിർഭാഗ്യവശാൽ,​ സാധാരണക്കാരുടെ ഈ നിവൃത്തികേട് മുതലെടുക്കുന്നതാണ് പല സ്വകാര്യ ആശുപത്രികളുടെയും രീതി.

ഈ അടിയന്തര സാഹചര്യത്തിലും പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ നടപടി വൈകുന്നതിനു പിന്നിൽ സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കാനാണെന്നു പോലും ആക്ഷേപങ്ങളുണ്ടെന്നതും മറക്കാനാകില്ല. ശസ്ത്രക്രിയ നീട്ടിവച്ചതുകൊണ്ടോ വൈകിയതുകൊണ്ടോ രോഗിക്ക് മരണം സംഭവിക്കുന്നതു പോലുള്ള നിർഭാഗ്യ സാഹചര്യമുണ്ടായാലേ ഇത്തരം കാര്യങ്ങളിൽ അടിയന്തര തീരുമാനമുണ്ടാകൂ എന്നു വരുന്നത് അംഗീകരിക്കാനാകില്ല. നിരന്തരം അലസ മനോഭാവം പുലർത്തുകയും,​ അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ മാത്രം ഞെട്ടിയുണരുകയും ചെയ്യുന്നതാണ് പല വിഷയത്തിലും സർക്കാർ വകുപ്പുകളുടെ നിലപാടെന്ന് ജനം പറയുന്നത് അനുഭവങ്ങൾ മുന്നിലുള്ളതുകൊണ്ടാണ്. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കാര്യത്തിൽ ഇത്തരം അമാന്തം ഒരുകാരണവശാലും അരുത്. മറ്റേത് ഇടപാടിലെയും കുടിശിക കാര്യംപോലെ കരുതാവുന്നതല്ല,​ സാധാരണ മനുഷ്യരുടെ ജീവനും ആരോഗ്യവുമായി ബന്ധപ്പെട്ട ഈ വിഷയം. എങ്ങനെയും പണം കണ്ടെത്തി കുടിശിക തീർത്ത് പ്രതിസന്ധി ഒഴിവാക്കിയേ മതിയാകൂ.