cbi

കൊൽക്കത്ത: സന്ദേശ്ഖാലി വിഷയത്തിൽ ബംഗാളിലെ തൃണമൂൽ സർക്കാരിന് ഹൈക്കോടതിയുടെ ശാസനയും രൂക്ഷവിമർശനവും. സി. ബി. ഐ അന്വേഷിക്കേണ്ട കേസ് തന്നെയാണിതെന്നും ചീഫ് ജസ്റ്റിസ് ടി.എസ് ശിവജ്ഞാനത്തിന്റെ ബെഞ്ച് പറഞ്ഞു.

തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനെതിരെയുള്ള തട്ടിക്കൊണ്ടുപോകൽ, ഭൂമി കൈയേറ്റം, ലൈംഗികാതിക്രമം തുടങ്ങിയ ആരോപണങ്ങളിൽ ബംഗാൾ സർക്കാ‌ർ സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ചായിരുന്നു കോടതിയുടെ ശാസന. സന്ദേശ്ഖാലിയിലെ സ്ത്രീകൾക്ക് ആരെയും ഭയക്കാതെ പരാതി നൽകാൻ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് സർക്കാരിന്റെ സത്യവാങ്മൂലം.

ആരോപണങ്ങൾ സത്യമാണെങ്കിൽ സർക്കാരിന് ഒഴിഞ്ഞു മാറാനാവില്ല. ഒരു ശതമാനം സത്യമാണെങ്കിൽ പോലും നൂറ് ശതമാനം ലജ്ജാകരമാണ്. സംഭവങ്ങൾ ലജ്ജാകരമാണ്. ജില്ലാ ഭരണകൂടത്തിനും ഭരണകക്ഷിക്കും നൂറ് ശതമാനം ധാർമ്മിക ഉത്തരവാദിത്വമുണ്ട്. രണ്ട് മാസത്തോളം അധികാരികളെ വെട്ടിച്ച് ഒളിവിൽ കഴി‌ഞ്ഞ ഷെയ്ഖ് ഷാജഹാന് വേണ്ടി ഹാജരായതിന് അഭിഭാഷകനെയും കോടതി വിമർശിച്ചു. അറസ്റ്ര് വൈകിയത് സർക്കാരിന്റെ വീഴ്‌ചയാണ്. 55 ദിവസം ഷാജഹാൻ ഒളിവിൽ കഴിഞ്ഞു.

കേസ് വിധി പറയാൻ മാറ്റി. നേരത്തേ ബംഗാൾ പൊലീസിനെ കോടതി ശക്തമായി വിമർശിച്ചിരുന്നു.

സന്ദേശ്ഖാലിയിൽ നിയമവാഴ്‌ച തകർന്നതായും ലൈംഗിക ഉപദ്രവം,​ ഭൂമി തട്ടിയെടുക്കൽ ഉൾപ്പെടെ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഹർജിക്കാർക്ക് വേണ്ടി വാദിച്ച ബി.ജെപി നേതാവ് പ്രിയങ്ക ടിബ്രേവാൾ പറഞ്ഞു. നിരവധി സ്ത്രീകൾക്ക് പരാതിയുണ്ട്. പ്രത്യാഘാതം ഭയന്ന് അവ‌ർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല.

ഷെയ്ഖ് ഷാജഹാന്റെ 12.78 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി ഇ.ഡി അറിയിച്ചു. ഇ.ഡി സംഘത്തെ ആക്രമിച്ചെന്ന കേസിൽ സി.ബി.ഐ കസ്റ്റഡിയിലാണ് ഷാജഹാൻ. ഷാജഹാനും സംഘവും ലൈംഗികമായി ഉപദ്രവിച്ചന്ന് നിരവധി സ്ത്രീകളാണ് പരാതിപ്പെട്ടത്.

ആയുധമാക്കി പ്രതിപക്ഷം

സന്ദേശ്ഖാലി വിഷയം തൃണമൂലിനെതിരെ പ്രചാരണായുധമാക്കി പ്രതിപക്ഷം. ഷെയ്ഖ് ഷാജഹാനെ മമത സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി ഉൾപ്പെടെ പ്രതിപക്ഷം ആരോപിക്കുന്നു. വനിതാ ഗുസ്തി താരങ്ങളോടു ലൈംഗികാതിക്രമം കാട്ടിയതും

ബി.ജെ.പി എം.പിയും മുൻ ഗുസ്തി ഫെഡറേഷൻ മേധാവിയുമായ ബ്രിജ്ഭൂഷൺ സിംഗിനെ കേന്ദ്രം സംരക്ഷിച്ചതും പറഞ്ഞാണ് തൃണമൂൽ തിരിച്ചടിക്കുന്നത്. ഷാജഹാനെതിരെ ലൈംഗികാതിക്രമം ആരോപിച്ചവരിൽ ഒരാളായ രേഖ പത്രയെ സന്ദേശ്ഖാലി ദ്വീപ് ഉൾപ്പെടുന്ന ബസിർഹട്ട് സീറ്റിൽ മത്സരിപ്പിക്കാനും ബി.ജെ.പി നീക്കം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാസം രേഖയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ശക്തി സ്വരൂപ എന്നാണ് മോദി അഭിസംബോധന ചെയ്തത്. ശ്രീരാമനെ പോലെ മോദി അനുഗ്രഹിച്ചു എന്നാണ് രേഖ പ്രതികരിച്ചത്.