
ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറിയുമായി ആംഗ്രിഷ് രഘുവംശി തുടങ്ങി
കഴിഞ്ഞവാരം ബെംഗളുരുവിൽ ആർ.സി.ബിക്കെതിരെയുള്ള മത്സരത്തിലായിരുന്നു ആൻഗ്രിഷ് രഘുവംശിയുടെ ഐ.പി.എൽ അരങ്ങേറ്റം.ആ മത്സരത്തിൽ ബാറ്റിംഗിന് ഇറങ്ങാൻ ആംഗ്രിഷിന് അവസരം ലഭിച്ചില്ല. എന്നാൽ കഴിഞ്ഞരാത്രി വിശാഖപട്ടണത്ത് ബാറ്റിംഗിനിറങ്ങാൻ തനിക്ക് ലഭിച്ച അവസരം സുന്ദരമായി പ്രയോജനപ്പെടുത്തിയ ഈ 18കാരനാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ചർച്ചാവിഷയം.
2022ൽ വിൻഡീസിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ ടോപ് സ്കോറായിരുന്നു ആംഗ്രിഷ്. ആറ് ഇന്നിംഗ്സുകളിൽ നിന്ന് 278 റൺസടിച്ചുകൂട്ടിയ പ്രകടനം വൈകാതെ ഇന്ത്യൻ ടീമിലേക്കോ ഐ.പി.എല്ലിലേക്കോയുള്ള വാതിൽ തുറക്കുമെന്ന് ഉറപ്പായിരുന്നു. അഞ്ച് ലിസ്റ്റ് എ മത്സരങ്ങളും ഏഴ് ട്വന്റി-20 മത്സരങ്ങളും മാത്രം കളിച്ച പരിചയവുമായാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് എത്തിയത്. ഡൽഹിക്കെതിരെ ഇംപാക്ട് പ്ളേയറായാണ് കൊൽക്കത്ത ആംഗ്രിഷിനെ കളത്തിലിറക്കിയത്. ഫസ്റ്റ്ഡൗണായി എത്തിയ യുവതാരം 27 പന്തുകളിൽ അഞ്ച് ബൗണ്ടറികളുടെയും മൂന്ന് സിക്സുകളുടെയും അകമ്പടിയോടെ നേടിയത് 54 റൺസാണ്. നരെയ്നൊപ്പം രണ്ടാം വിക്കറ്റിൽ 104 റൺസാണ് 48 പന്തുകളിൽ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. തങ്ങളുടെ ഏറ്റവും മികച്ച ഐ.പി.എൽ സ്കോറിലേക്ക് എത്താൻ കൊൽക്കത്തയെ തുണച്ചത് ഈ കൂട്ടുകെട്ടാണ്.
ഡൽഹി സ്വദേശിയാണെങ്കിലും 11-ാം വയസിൽ ക്രിക്കറ്റ് പരിശീലനത്തിനായി മുംബയ്‌ലേക്ക് വന്നതാണ് ആംഗ്രിഷിന്റെ കരിയറിൽ വഴിത്തിരിവായത്. മുൻ ഇന്ത്യൻ താരവും മറുനാടൻ മലയാളിയുമായ അഭിഷേക് നായരും ഓംകാർ സാൽവിയുമായിരുന്നു പരിശീലകർ. ആദ്യ ഐ.പി.എൽ അർദ്ധസെഞ്ച്വറി ആംഗ്രിഷ് സമർപ്പിച്ചത് അഭിഷേകിനാണ്. കഴിഞ്ഞ സീസണിൽ മുംബയ്ക്ക് വേണ്ടി ആഭ്യന്തര അരങ്ങേറ്റം നടത്തിയ ആംഗ്രിഷിനെ 20 ലക്ഷം രൂപയ്ക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്.