
ലക്‌നൗ: വിവാഹേതര ബന്ധം ഭർത്താവ് പിടിച്ചു. ഇതോടെ കാമുകനെയും ഒപ്പം പാർപ്പിക്കാമെന്ന ഫോർമുല വച്ച് യുവതി. എതിർത്തതോടെ ഹൈ ടെൻഷൻ വൈദ്യുതി തൂണിൽക്കയറി ആത്മഹത്യാ ഭീഷണിയായി.
ഉത്തർപ്രദേശ് ഗൊരഖ്പൂരിലാണ് സംഭവം. 34കാരി പോസ്റ്റിന് മുകളിലിരുന്ന് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിന്റെയും ആളുകൾ സാഹസികമായി ഇവരെ പിടിച്ചിറക്കുന്നതിന്റെയും ദൃശ്യങ്ങൾ വൈറലാണ്. മൂന്ന് കുട്ടികളുടെ അമ്മയാണ് ഇവർ.
അയൽ ഗ്രാമത്തിൽ നിന്നുള്ള ആളുമായി ഏഴു വർഷമായി യുവതി അടുപ്പത്തിലാണ്. കൂലിപ്പണിക്കാരനായ ഭർത്താവ് ഇത് കണ്ടുപിടിച്ചതോടെയാണ് വിചിത്ര ന്യായം യുവതി മുന്നോട്ടുവച്ചത്. കാമുകനും ഒപ്പം കഴിയട്ടെ. ഇരുവരും ഒന്നിച്ച് പണിക്കുപോയാൽ വീടിന്റെ സാമ്പത്തിക നില ഭദ്രമാകും. ഭർത്താവ് ക്ഷോഭിച്ച് വീടുവിട്ടതിന് പിന്നാലെയാണ് യുവതി സാഹസം കാട്ടിയത്. യുവതി പോസ്റ്റിൽ കയറുന്നത് കണ്ട് നാട്ടുകാർ പൊലീസിനെയും വൈദ്യുതി വകുപ്പ് ജീവനക്കാരെയും വിളിച്ചുവരുത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം യുവതിയെ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും വഴങ്ങിയില്ല. സഹികെട്ട നാട്ടുകാരിൽ ചിലർ ഒരുവിധം താഴെയെത്തിക്കുകയായിരുന്നു. ആത്മഹത്യാ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.