pic

ലണ്ടൻ: 15 വർഷത്തോളമായി യു.കെ ഭരിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്ക് വരുന്ന പൊതുതിരഞ്ഞെടുപ്പിൽ അധികാരം നഷ്ടമാകുമെന്ന് സർവേ ഫലം. പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി,​ എതിരാളികളായ ലേബർ പാർട്ടിക്ക് മുന്നിൽ വൻ പരാജയം നേരിടുമെന്നാണ് സർവേ.

ജീവിതച്ചെലവ് ഉയരുന്നതിലടക്കം രാജ്യത്തെ ജനങ്ങൾക്ക് ഭരണകൂടത്തോട് കടുത്ത അതൃപ്തിയുണ്ട്. പാർലമെന്റിലെ 650 സീറ്റിൽ 326 സീറ്റുകളാണ് കേവല ഭൂരിപക്ഷം. ലേബർ പാർട്ടി 403 സീറ്റ് നേടുമെന്നാണ് പ്രവചനം. കൺസർവേറ്റീവ് പാർട്ടി 155ലേക്ക് ചുരുങ്ങുമെന്നും മാർച്ച് 7 മുതൽ 27 വരെ 18,761 പേരെ പങ്കെടുപ്പിച്ച് നടത്തിയ സർവേയിൽ സൂചിപ്പിക്കുന്നു. ഋഷിയുടെ നേതൃത്വത്തിനെതിരെ പാർട്ടി എം.പിമാർക്കിടെയിൽ തന്നെ കടുത്ത അതൃപ്തിയുണ്ട്. 2019 മുതൽ മൂന്ന് കൺസർവേറ്റീവ് പ്രധാനമന്ത്രിമാരാണ് യു.കെയിലുണ്ടായത്. ബോറിസ് ജോൺസൺ വിമത നീക്കത്തിലൂടെ പുറത്തായതിന് പിന്നാലെ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ നടത്തിയ നേതൃത്വ തിരഞ്ഞെടുപ്പിലൂടെ ലിസ് ട്രസും പിന്നാലെ ഋഷി സുനകും പ്രധാനമന്ത്രിമാരായി.

വിപണി തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും നികുതി ഇളവിൽ സംഭവിച്ച പരാജയവും കണക്കിലെടുത്ത് രാജിവച്ച ലിസിന് വെറും 50 ദിവസം മാത്രമാണ് ഭരിക്കാനായത്. തുടർന്ന് 2022 ഒക്ടോബറിലാണ് ഋഷി അധികാരത്തിലെത്തിയത്. 2025 ജനുവരി 28ന് മുമ്പ് പൊതുതിരഞ്ഞെടുപ്പ് നടത്തണം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. തീയതി ഉടൻ നിർണയിക്കണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെടുന്നു.