
തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ നല്ലൊരു സമ്പാദ്യത്തിനുള്ള മാര്‍ഗമാണ് ചീരകൃഷി. വെറും ചീരയല്ല, വ്‌ളാത്താങ്കര ചീരയാണ് ഇപ്പൊള്‍ താരം. കിലോയ്ക്ക് വെറും 50 മാത്രം മുടക്കിയാല്‍ പ്രതിദിനം 4000 രൂപ വരെ സമ്പാദിക്കാമെന്നത് കേരളത്തില്‍ തന്നെ തെളിയിക്കപ്പെട്ട കാര്യവുമാണ്. സീസണില്‍ ഇത് ഏഴായിരം രൂപവരെയായി ഉയരും.
കാല്‍നൂറ്റാണ്ട് മുമ്പ് വരെ പാവല്‍ കൃഷിയുടെ പേരിലാണ് തിരുവനന്തപുരം പാറശ്ശാല ചെങ്കല്‍ ഗ്രാമത്തിലെ വ്‌ളാത്താങ്കര അറിയപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് അത് വ്‌ളാത്താങ്കര ചീരയുടെ പേരിലാണ്.
ചെങ്കല്‍ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് എസ്.കെ.ഷിനുവാണ് പട്ടു ചുവപ്പായ അദ്ഭുത ചീരയ്ക്ക് വ്‌ളാത്താങ്കര ചീരയെന്ന് പേര് നല്‍കിയത്. സാധാരണ ചീരയെ അപേക്ഷിച്ച് ചുവപ്പ് നിറം കൂടുതലാണെന്നതാണ് വ്‌ളാത്താങ്കര ചീരയുടെ പ്രത്യേകത. ദീര്‍ഘകാലം വിളവ് നല്‍കുന്ന തണ്ടുകള്‍ ഇവയുടെ മറ്റൊരു സവിശേഷതയാണ്.
വ്‌ളാത്താങ്കര ചീര വേഗം പൂക്കില്ല. ധാരാളം ശിഖരങ്ങളുണ്ടാകും. ഈ ശിഖരങ്ങള്‍ മുറിച്ചാണു വില്‍പന. ഒരാള്‍ പൊക്കത്തില്‍ വളരുന്ന ചീരയില്‍ നിന്ന് ഒരു വര്‍ഷം മുഴുവനും വിളവെടുക്കാം. നട്ട് ആറ് മാസമാകുമ്പോഴെ വിത്തു പാകമാകുകയുള്ളൂ. അപ്പോഴേക്കും ചീര ഒരാള്‍ പൊക്കത്തില്‍ വളരും. നല്ല വളര്‍ച്ചയെത്തിയ ഒരു ചീരയില്‍ നിന്ന് 250 ഗ്രാം വരെ വിത്തു ലഭിക്കാം.
'ഒരു ഇല പറിച്ചു വായിലിട്ടുചവച്ച ശേഷം തുപ്പിയാല്‍ ചോര തുപ്പുകയാണെന്നു തോന്നും'. മാത്രമല്ല പച്ചയ്ക്കു ചവയ്ക്കുമ്പോള്‍പോലും ഏറെ രുചികരവുമാണ്. മാംസളമായ ഇലകളും തണ്ടുമാണ് ഈയിനത്തിനുള്ളത്. ദീര്‍ഘ കാലം വിളവ് തരുമെന്നതും കൂടുതല്‍ രുചിയുണ്ടെന്നതും വ്‌ളാത്താങ്കര ഇനത്തിന്റെ മറ്റു സവിശേഷതകളാണ്.
മുറിക്കുന്നതനുസരിച്ച് കൂടുതല്‍ ശാഖകളുണ്ടായി ഒരു വര്‍ഷംവരെ ഈ ചീര വിളവു തരുന്നതിനാല്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാക്കാനും കഴിയുന്നു.- ചെങ്കല്‍ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് എസ്.കെ.ഷിനു പറയുന്നു.