ipl

ഗുജറാത്ത് ടൈറ്റാൻസ് 199/4

ശുഭ്മാൻ ഗിൽ 89 നോട്ടൗട്ട്

ഗിൽ

48 പന്തുകൾ

6 ഫോറുകൾ

4 സിക്സുകൾ

ഗില്ലിന്റെ സീസണിലെ ആദ്യ അർദ്ധസെഞ്ച്വറി

പഞ്ചാബ് കിംഗ്സ് 200/7

ശശാങ്ക് സിംഗ്

69 നോട്ടൗട്ട്

29 പന്തുകൾ

6 ഫോറുകൾ

4 സിക്സുകൾ

ശശാങ്കി​ന്റെ കരി​യറി​ലെ ആദ്യ അർദ്ധസെഞ്ച്വറി

അഹമ്മദാബാദ് : പിടിവിട്ടുപോകുമെന്ന് തോന്നിയിടത്തുനിന്ന് വിജയം പൊരുതിപ്പിടിച്ചെടുത്ത് പഞ്ചാബ് കിംഗ്സ്. ഇന്നലെ ഗുജറാത്ത് ടൈറ്റാൻസിനെതിരായ ഐ.പി.എൽ മത്സരത്തിൽ 200 റൺസ് ലക്ഷ്യവുമായി ഇറങ്ങി ഒരു പന്ത് മാത്രം ബാക്കിനിൽക്കേയാണ് പഞ്ചാബ് കിംഗ്സ് ലക്ഷ്യത്തിലെത്തിയത്. 13-ാം ഓവറിൽ 111/5 എന്ന നിലയിൽ പതറിയ പഞ്ചാബിനെ 29 പന്തുകളിൽ പുറത്താകാതെ 69 റൺസടിച്ച ശശാങ്ക് സിംഗും എട്ടുപന്തിൽ 16 റൺസ് നേടിയ ജിതേഷ് ശർമ്മയും ഇംപാക്ട് പ്ളേയറായി ഇറങ്ങിയ അശുതോഷ് ശർമ്മയും (17 പന്തുകളിൽ 31 റൺസ്) ചേർന്നാണ് വിജയത്തിലെത്തിച്ചത്. താരലേലത്തിൽ ആളുമാറി പഞ്ചാബ് സ്വന്തമാക്കിയ ശശാങ്ക് ആറു ഫോറും നാലുസിക്സും പറത്തി ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുകയറ്റുകയായിരുന്നു. ജോണി ബെയർസ്റ്റോ (22),പ്രഭ്സിമ്രാൻ സിംഗ് (35) എന്നിവരുടെ പോരാട്ടവും പഞ്ചാബിന്റെ വിജയത്തിൽ പ്രധാനപങ്ക് വഹിച്ചു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ടൈറ്റാൻസിനായി നായകന്റെ കളി പുറത്തെടുത്ത ശുഭ്മാൻ ഗിൽ 48 പന്തുകളിൽ ആറു ഫോറുകളുടെയും നാലുസിക്സുകളുടെയും അകമ്പടിയോടെ 89 റൺസ് നേടി പുറത്താകാതെ നിന്നു. കേൻ വില്യംസൺ (26),സായ് സുദർശൻ(33), രാഹുൽ തേവാത്തിയ (23*) എന്നിവരും ഗില്ലിന് മികച്ച പിന്തുണ നൽകി.

ഓപ്പണിംഗിന് ഗില്ലിനൊപ്പമെത്തിയ വൃദ്ധിമാൻ സാഹയെ (11) മൂന്നാം ഓവറിൽ റബാദയുടെ പന്തിൽ ശിഖാർ ധവാൻ പി‌ടികൂടി മടക്കി അയച്ചിരുന്നു.തുടർന്നെത്തി കേൻ വില്യംസൺ 40 റൺസ് കൂട്ടിച്ചേർത്തശേഷം എട്ടാം ഓവറിൽ ടീംസ്കോർ 69ൽ നിൽക്കവേ മടങ്ങി. വില്യംസണിന്റെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. പകരമെത്തിയ സായ് സുദർശൻ തുടക്കം മുതൽ തകർത്തടിച്ചതോടെ ഗില്ലിനും ആവേശമായി. മൂന്നാം വിക്കറ്റിൽ 53 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. 19 പന്തുകളിൽ ആറുഫോറുകൾ പായിച്ച സായ്‌യെ 14-ാംഓവറിൽ റബാദ കീപ്പർ ജിതേഷിന്റെ കയ്യിലെത്തിക്കുകയായിരുന്നു. പിന്നീട് വിജയ് ശങ്കറിനെയും (8) റബാദ മടക്കി അയച്ചെങ്കിലും തേവാത്തിയയും (8 പന്തുകളിൽ 23 റൺസ്) ഗില്ലും ചേർന്ന് 199/4ലെത്തിച്ചു.

സീസണിലെ നാലാം മത്സരത്തിൽ രണ്ടാം വിജയം നേടിയ പഞ്ചാബ് നാലുപോയിന്റുമായി ആറാം സ്ഥാനത്തേക്കുയർന്നു. നാലുകളികളിൽ രണ്ടാം തോൽവി വഴങ്ങിയ ഗുജറാത്ത് നാലുപോയിന്റുമായി ഏഴാമതുണ്ട്.