
ന്യൂഡൽഹി: ജമ്മുകാശ്മീർ ശ്രീനഗറിലെ ഗന്ദേർബൽ ജില്ലയിൽ പുലിയെ വെറും വടികൊണ്ട് കീഴടക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ. സംഭവത്തിന്റെ വീഡിയോ വൈറലാണ്. ബുധനാഴ്ച ഫത്തേപോറ ഗ്രാമത്തിലാണ് പുലി ഇറങ്ങിയത്. ഭീതി പരത്തിയ പുലി വളർത്തുമൃഗങ്ങളെ ആക്രമിച്ചു. തുടർന്ന് നാട്ടുകാർ വിവരം വനംവകുപ്പിനെ അറിയിച്ചു. വനംവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എന്നാൽ കൈയിൽ ആയുധങ്ങലൊന്നും ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥർ
പുലിക്ക് മുമ്പിൽ പെടുകയും ചെയ്‌തു.
വടിയല്ലാതെ മറ്റൊന്നും കിട്ടിയില്ല. ഇതിനിടെ പുലി ഒരുദ്യോഗസ്ഥന്റെ നേർക്ക് ചീറിയടുത്തു. ഇതോടെ മൽപ്പിടുത്തമായി. പുലി ഇയാളുടെ കൈയിൽ കടിച്ചെങ്കിലും പിടി വിട്ടില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും നാട്ടുകാരും വടികൊണ്ട് പുലിയെ കീഴടക്കി കയറുകൊണ്ട് ബന്ധിച്ച് കൂട്ടിലാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥനും മൂന്ന് പ്രദേശവാസികൾക്കും പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിക്കും ചെറിയ പരിക്കുണ്ട്.