
മുംബയ്: ഐപിഎല്‍ ടീം മുംബയ് ഇന്ത്യന്‍സില്‍ കാര്യങ്ങള്‍ ഒട്ടും നല്ലനിലയ്ക്കല്ല മുന്നോട്ട് പോകുന്നത്. സീസണിന് മുമ്പ് നായകമാറ്റം മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ടീമിന്റെ പ്രകടനത്തിലും പ്രതിഫലിക്കുന്നുണ്ട്. കളിച്ച മൂന്ന് മത്സരങ്ങളിലും പ്രതാപകാലത്തിന്റെ നിഴല്‍പോലും അല്ല മുംബയ് ഇന്ത്യന്‍സ് എന്ന ഐപിഎല്‍ ഭീമന്‍മാര്‍. 17 വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോര്‍ വഴങ്ങി, ജയിക്കാവുന്ന കളി അവിശ്വസനീയമായ രീതിയില്‍ തോറ്റു. പോയിന്റ് പട്ടികയില്‍ സ്ഥാനം ഏറ്റവും ഒടുവില്‍.
ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ആരാധക രോഷം മനസിലാക്കിയ മാനേജ്‌മെന്റ് രോഹിത് ശര്‍മ്മയോട് വീണ്ടും മുംബയ് ഇന്ത്യന്‍സ് നായകസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാല്‍ മാനേജ്‌മെന്റിന്റെ ഈ ആവശ്യം രോഹിത് ശര്‍മ്മ നിരസിച്ചുവെന്നാണ് വിവരം. മാത്രവുമല്ല ഇത് മുംബയ് ഇന്ത്യന്‍സിന് ഒപ്പമുള്ള തന്റെ അവസാന സീസണ്‍ ആയിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ മാനേജ്‌മെന്റിനോട് തുറന്ന് പറഞ്ഞുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
രണ്ട് സീസണ്‍ മുമ്പ് ടീം വിട്ട് പോയ ഹാര്‍ദിക് പാണ്ഡ്യയെ തിരികെ എത്തിക്കുന്നതില്‍ രോഹിത്തിന് ഒട്ടും താത്പര്യമില്ലായിരുന്നു. ടീം വിട്ട് പോയ ശേഷം ഹാര്‍ദിക് മുംബയ് ഇന്ത്യന്‍സിനെ തള്ളിപ്പറഞ്ഞിരുന്നു. ഇതിന് രോഹിത് അന്ന് മറുപടിയും നല്‍കിയിരുന്നു. ആരാധകര്‍ക്കും ഹാര്‍ദിക്കിനോട് അന്ന് മുതല്‍ കട്ട കലിപ്പാണ്. 2023 സീസണിലേക്കായി 17.5 കോടി മുടക്കി മുംബയ് ടീമിലെത്തിച്ച ഓസീസ് താരം കാമറൂണ്‍ ഗ്രീനിനെ ആര്‍സിബിക്ക് കൈമാറിയാണ് ഹാര്‍ദിക്കിനെ തിരികെ എത്തിച്ചത്. ഗ്രീനിനെ ട്രേഡ് ചെയ്തത് പോലും രോഹിത്തിന്റെ അഭിപ്രായം കണക്കിലെടുക്കാതെയാണ്.
ഹാര്‍ദിക്കിനെ തിരികെ എത്തിച്ചതില്‍ ആരാധകര്‍ക്ക് ചെറിയ എതിര്‍പ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഡിസംബര്‍ മാസത്തില്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി ഹാര്‍ദിക്കിനെ അവതരിപ്പിച്ചതോടെയാണ് മുംബയ് ഇന്ത്യന്‍സ് മാനേജ്‌മെന്റിന്റെ കയ്യില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ട് പോയത്. ആദ്യ അഞ്ച് സീസണില്‍ ഒരു കപ്പ് പോലും ഇല്ലാതിരുന്ന ടീമിനെ പിന്നീടുള്ള 11 സീസണുകളില്‍ അഞ്ച് തവണ കിരീടമണിയിച്ചത് രോഹിത് ശര്‍മ്മയാണ്. അതോടൊപ്പം തന്നെ ഇന്ത്യന്‍ ടീമിനെ ലോകകപ്പില്‍ നയിച്ച രീതി കൂടെ ആയപ്പോള്‍ രാജ്യം മുഴുവന്‍ ഹിറ്റ്മാന് ആരാധകര്‍ വര്‍ദ്ധിച്ചു.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കുമ്പോഴാണ് രോഹിത്തിനോട് ഒരു വാക്ക് പോലും നായകമാറ്റത്തെ കുറിച്ച് സംസാരിക്കാതെ മാനേജ്‌മെന്റ് ഹാര്‍ദിക്കിനെ നായകനാക്കിയത്. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ സഹതാരങ്ങളായ ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, രോഹിത്തിന്റെ ഭാര്യ റിതിക തുടങ്ങിയവര്‍ പരോക്ഷമായി പ്രതികരിച്ചിരുന്നു. നായകമാറ്റത്തിന് പിന്നാലെ ലക്ഷക്കണക്കിന് ആരാധകര്‍ മുംബയ് ഇന്ത്യന്‍സിന്റെ സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകള്‍ അണ്‍ഫോളോ ചെയ്തും ടീം ജേഴ്‌സിയും പതാകയും കത്തിച്ചും രോഷം പ്രകടിപ്പിച്ചു.
ഹാര്‍ദിക് നായകനായി എത്തുന്നതില്‍ ടീമിലെ ഭൂരിഭാഗം താരങ്ങള്‍ക്കും താത്പര്യം ഇല്ലായിരുന്നു. ഒരാളുപോലും താരത്തെ സ്വാഗതം ചെയ്ത് ഒരു പോസ്റ്റ് പോലും ഷെയര്‍ ചെയിതിരുന്നില്ല. എന്നാല്‍ പ്രീസീസണ്‍ ക്യാമ്പില്‍ രോഹിത് എത്തിയത് മുതലുള്ള നിരവധി പോസ്റ്റുകള്‍ മലയാളി താരം വിഷ്ണു വിനോദ് ഉള്‍പ്പെടെ പങ്കുവച്ചിരുന്നു. ഇവിടെയും കാര്യങ്ങള്‍ അവസാനിച്ചില്ല. ഹാര്‍ദിക്കിനെതിരെ സ്റ്റേഡിയത്തിലും കാണികള്‍ കൂകി വിളിച്ചു. ഹാര്‍ദിക്കിന്റെ നാടായ ഗുജറാത്തില്‍ സീസണിലെ ആദ്യ മത്സരം കളിച്ചപ്പോള്‍ കൂകി വിളിച്ചാണ് സ്വന്തം നാട്ടുകാര്‍ പാണ്ഡ്യയെ സ്വീകരിച്ചത്.
അഹമ്മദാബാദിലും ഹൈദരാബാദിലും പാണ്ഡ്യയെ കൂകി വിളിച്ച കാണികള്‍ രോഹിത്തിന് ജയ് വിളിക്കുകയും ചെയ്തു. പിന്നീട് ടീമിന്റെ ഹോംഗ്രൗണ്ടായ മുംബയ് വാംഖഡെ സ്‌റ്റേഡിയത്തിലും പാണ്ഡ്യക്ക് സമാനമായ അനുഭവമുണ്ടായി. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് സ്വന്തം ടീമിന്റെ നായകനെ ആരാധകര്‍ കൂകി വിളിച്ചത്. ടോസ് സമയത്ത് സഞ്ജയ് മഞ്ചരേക്കര്‍ക്ക് കാണികളോട് മര്യാദ കാണിക്കണമെന്ന് പറയേണ്ടിവരിക പോലും ചെയ്തു.
മുംബയിലെ മത്സരത്തോടെയാണ് കാര്യങ്ങള്‍ മാനേജ്‌മെന്റിന് മനസ്സിലായത്. ഈ നിലയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ ഹാര്‍ദിക്കിനും ആത്മവിശ്വാസത്തോടെ ടീമിനെ നയിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് നായകമാറ്റം എന്ന ആവശ്യവുമായി രോഹിത്തിനെ സമീപിച്ചത്. എന്നാല്‍ ഇതിനോട് രോഹിത് അനുകൂല നിലപാടല്ല സ്വീകരിച്ചത്. ഒപ്പം തന്നെ തന്നോട് മാനേജ്‌മെന്റ് കാണിച്ച നന്ദികേടില്‍ ഉള്ള അതൃപ്തിയും അദ്ദേഹം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.