s

ന്യൂഡൽഹി: രജപുത്ര രാജഭരണങ്ങളുടെ ഓർമ്മകളും മാർവാടി കച്ചവട പാരമ്പര്യവും പേറുന്ന വടക്കുകിഴക്കൻ ഷെഖാവത്തി മേഖല രാജസ്ഥാൻ തിരഞ്ഞെടുപ്പുകളിൽ നിർണായകമാണ്. പ്രദേശത്തെ ഭൂരിപക്ഷ ജാട്ടു വോട്ടുകളാണ് അത് നിർണയിക്കുന്നത്.

മേഖലയിലെ ചുരു, സിക്കർ, നാഗൗർ മണ്ഡലങ്ങളിൽ ജനസംഖ്യയുടെ 70 ശതമാനവും ജാട്ട് വോട്ടർമാരാണ്. സംസ്ഥാനത്തെ 25 സീറ്റുകളും തൂത്തുവാരാൻ ആഗ്രഹിക്കുന്ന ബി.ജെ.പിക്ക് ജാട്ടുവോട്ടുകൾ പ്രധാനം.

കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കായിരുന്ന ജാട്ട് സമുദായത്തെ സ്വാധീനിക്കാനായതാണ് ഷെഖാവത്തി മേഖലയിൽ പത്തുവർഷം ബി.ജെ.പിക്ക് തുണയായത്. എന്നാൽ ഇക്കുറി സ്ഥിതി മാറി. പ്രമുഖ ജാട്ട് നേതാവ് ഹനുമാൻ ബേനിവാളിന്റെ രാഷ്‌ട്രീയ ലോക് താന്ത്രിക് പാർട്ടി എൻ.ഡി.എ വിട്ട് 'ഇന്ത്യ" മുന്നണിയിൽ ചേർന്നു. അദ്ദേഹം നഗൗറിൽ ബി.ജെ.പിക്കെതിരെ മത്സരിക്കുന്നുമുണ്ട്. സി.പി.എം അടക്കമുള്ള കക്ഷികൾക്കൊപ്പം ചേർന്ന് മത്സരിക്കുന്ന കോൺഗ്രസ് ജാട്ടുകാരെ വീണ്ടും അടുപ്പിക്കാനുള്ള ശ്രമത്തിലാണ്.

ബി.ജെ.പി വിട്ടു വന്ന സിറ്റിംഗ് എം.പി രാഹുൽ കസ്വാന് (ജുൻജുനു) കോൺഗ്രസ് ടിക്കറ്റ് നൽകി. സിക്കറിലെ സി.പി.എം സ്ഥാനാർത്ഥി അമരാറാമും ജാട്ടാണ്. മുസ്ലിം, പട്ടികജാതി വിഭാഗങ്ങൾക്കും മേഖലയിൽ നിർണായക സ്വാധീനമുണ്ട്.


ബി.ജെ.പിക്ക് തലവേദന

കാർഷിക മേഖലയായ ജാട്ട് ബെൽറ്റിൽ വിളകൾക്ക് മിനിമം താങ്ങുവില, കാർഷിക ഉത്പന്നങ്ങൾക്കുള്ള ആദായ വില തുടങ്ങിയവയാണ് സജീവ ചർച്ച. ഗുസ്തി ഫെഡറേഷനുമായി ബന്ധപ്പെട്ട സമരത്തിൽ തങ്ങളോട് അനീതി കാട്ടിയെന്നും പറയുന്നുണ്ട്. സമുദായത്തിലെ മിക്ക കുടുംബങ്ങളിലും സായുധ സേനാംഗങ്ങളുണ്ട്. അതിനാൽ അഗ്നിവീർ പദ്ധതിക്കെതിരായ എതിർപ്പും വോട്ടർമാരെ സ്വാധീനിച്ചേക്കും. ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് ഭരത്പൂർ- ധോൽപൂർ ജില്ലകളിലെ ജാട്ടുകൾ പ്രക്ഷോഭത്തിലാണ്. ബി.ജെ.പി സർക്കാർ വാഗ്ദാനം പാലിച്ചില്ലെന്നും അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നുമാണ് നേതാക്കൾ പറയുന്നത്.

ജാട്ട് സ്ഥാനാർത്ഥികൾ

സിക്കർ: സ്വാമി സുമേദാനന്ദ സരസ്വതി (ബി.ജെ.പി),​ അമ്‌രാറാം (സി.പി.എം)

ചുരു: ദേവേന്ദ്ര ജജാരി (ബി.ജെ.പി),​ രാഹുൽ കസ്വാൻ (കോൺഗ്രസ്)
ജുൻജുനു: ശുഭകരൻ ചൗധരി (ബി.ജെ.പി),​ ബ്രിജേന്ദ്ര ഓല (കോൺഗ്രസ്)
നാഗൗർ: ഹനുമാൻ ബെനിവാൾ (ആൽ.എൽ.പി),​ ഡോ. ജ്യോതി മിർധ (ബി.ജെ.പി)
അജ്മീർ: ഭഗീരഥ് ചൗധരി (ബി.ജെ.പി),​ രാമചന്ദ്ര ചൗധരി(കോൺഗ്രസ്)
പാലി: പി.പി.ചൗധരി (ബി.ജെ.പി),​ സംഗീത ബെനിവാൾ (കോൺഗ്രസ്)
ബാർമർ: കൈലാഷ് ചൗധരി (ബി.ജെ.പി),​ ഉമേദറാം ബെനിവാൾ(കോൺഗ്രസ്)

സ്വാധീനം

രാജസ്ഥാൻ ജനസംഖ്യയുടെ 14ശതമാനം ജാട്ടുകളാണ്. ഷെഖാവതിക്കു പുറമെ ജയ്‌പൂർ റൂറൽ, അൽവാർ, ബാർമർ, ജലോർ- സിരോഹി, കോട്ട സീറ്റുകളിലും ജാട്ടുകൾക്ക് പ്രാമുഖ്യമുണ്ട്.

സിക്കർ, ചുരു, ജുൻജുനു, ഹനുമാൻഗഡ്, ശ്രീഗംഗാനഗർ, ബിക്കാനീർ, നാഗൗർ, ജയ്പൂർ, ചിത്തോർഗഡ്, അജ്മീർ, ബാർമർ, ടോങ്ക്, ജോധ്പൂർ, ഭരത്പൂർ എന്നിവയാണ് ജാട്ട് ഭൂരിപക്ഷ ജില്ലകൾ.