trivandrum

തിരുവനന്തപുരം: തലസ്ഥാന നഗരം ഏറെനാളായി കാത്തിരിക്കുന്ന പേരൂര്‍ക്കട ഫ്‌ളൈഓവറിന്റെ നിര്‍മ്മാണം ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ആരംഭിക്കും. ഫ്‌ളൈഓവര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പേരൂര്‍ക്കടയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.

കളക്ടറേറ്റിലേക്ക് പോകേണ്ട കുടപ്പനക്കുന്ന് റോഡ് ഉള്‍പ്പെടെ ഒമ്പതു റോഡുകളാണ് പേരൂര്‍ക്കട ജംഗ്ഷനിലെത്തുന്നത്. നെടുമങ്ങാട് ഭാഗത്തുനിന്ന് നഗരത്തിലേക്കും തിരിച്ചുമുള്ള വാഹനങ്ങളൊക്കെ പേരൂര്‍ക്കട ജംഗ്ഷനില്‍ മണിക്കൂറുകളോളമാണ് കുടുങ്ങിക്കിടക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചാലുടന്‍ പദ്ധതി നടത്തിപ്പുകാരായ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ ക്ഷണിക്കും.ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

2002 മുതല്‍ പേരൂര്‍ക്കടയില്‍ ഫ്‌ളൈഓവര്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപനങ്ങള്‍ പലതുണ്ടായെങ്കിലും 2016 -17 ലെ ബഡ്ജറ്റിലാണ് അണ്ടര്‍പ്പാസ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പണം വകയിരുത്തിയത്. എന്നാല്‍ നിര്‍മ്മാണം അനിശ്ചിതമായി നീളുകയായിരുന്നു.

നഷ്ടപരിഹാരം ഉടന്‍

പേരൂര്‍ക്കട,കുടപ്പനക്കുന്ന് വില്ലേജുകളിലായി 160.65 ഏക്കര്‍ ഭൂമിയാണ് ഫ്‌ളൈഓവറിനായി ഏറ്റെടുക്കുക. ഏറ്റവും കുറച്ച് വ്യാപാരസ്ഥാപനങ്ങളെയും വാസഗൃഹങ്ങളെയും ബാധിക്കുന്ന രീതിയിലാണ് ഫ്‌ളൈ ഓവറിന്റെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. 25 വ്യാപാര സ്ഥാപനങ്ങളെ മാത്രമാണ് പദ്ധതി ബാധിക്കുക. പദ്ധതിക്കായി ഭൂമി വിട്ടുകൊടുത്ത 90 ഉടമകള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് ഉടന്‍ ആരംഭിക്കും.

അണ്ടര്‍പാസ് ഫ്‌ളൈഓവറായി

പേരൂര്‍ക്കടയില്‍ അണ്ടര്‍പാസ് നിര്‍മ്മിക്കാനായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഇതിന്റെ സാദ്ധ്യതയെക്കുറിച്ച് വിശദമായി പഠിച്ചു. ഈ റോഡിലൂടെ കുടിവെള്ള പൈപ്പ് ലൈനുകള്‍ കടന്നുപോകുന്നതിനാല്‍ അണ്ടര്‍പാസിന് പകരം ഫ്‌ളൈ ഓവറാണ് നല്ലതെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പേരൂര്‍ക്കട ലൂര്‍ദ് പള്ളിക്ക് സമീപത്തുനിന്ന് ആരംഭിച്ച് വഴയില സെന്റ് ജൂഡ് പള്ളിക്ക് സമീപത്ത് അവസാനിക്കുന്ന തരത്തില്‍ രണ്ടുവരിപ്പാതയായാണ് ഫ്‌ളൈ ഓവറിന്റെ രൂപകല്പന.

നാലുവരിപ്പാത വരുന്നു

വഴയില മുതല്‍ നെടുമങ്ങാട് പഴകുറ്റി വരെ നാലുവരിപ്പാതയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 338.53 കോടിയാണ് ചെലവ്. ഇതിന്റെ ഭാഗമായി വഴയില മുതല്‍ കെല്‍ട്രോണ്‍ ജംഗ്ഷന്‍ വരെ ആദ്യ റീച്ചില്‍ ഉള്‍പ്പെടുന്ന കരകുളത്ത് ഫ്‌ളൈഓവറും നിര്‍മ്മിക്കും. കരകുളം പാലം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ഫ്‌ളൈഓവറിന്റെ ഇരുഭാഗങ്ങളിലുമായി 300 മീറ്റര്‍ അപ്രോച്ച് റോഡും 375 മീറ്റര്‍ ഫ്‌ലൈഓവറുമാണ്. 675 മീറ്റര്‍ നീളവും 16.75 മീറ്റര്‍ വീതിയുമാണുള്ളത്. 50 കോടിയാണ് ചെലവ്.

ആകെ ചെലവ് - 106 കോടി

ഭൂമിയേറ്റെടുക്കലിന് - 55 കോടി

ഫ്‌ളൈഓവറിന്റെ ചെലവ് - 51 കോടി

ഫ്‌ളൈഓവറിന്റെ നീളം - 874 മീറ്റര്‍