
കോന്നി : റബറിന്റെ വിലയിടിവിൽ നട്ടംതിരിഞ്ഞ മലയോര കർഷകർക്ക് ആശ്വാസമാകുകയാണ് കൊക്കോ കൃഷി. ചരിത്രത്തിൽ ആദ്യമായി കൊക്കോയുടെ ഉണങ്ങിയ അരിക്ക് വില 800 രൂപ കടന്നു. ഉണങ്ങാത്ത കൊക്കോ അരിക്ക് കിലോയ്ക്ക് 200 - 250 രൂപ വരെയായി. ജില്ലയിൽ കൊക്കോ കൃഷിയിൽ മുന്നിൽ നിൽക്കുന്ന പ്രദേശങ്ങളാണ് തണ്ണിത്തോട്, കോന്നി, അരുവാപ്പുലം പഞ്ചായത്തുകൾ. റബറിന്റെ ഇടവിളയായും കൊക്കോ കൃഷി ചെയ്യുന്നു. ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ റബർത്തോട്ടങ്ങളിലും ചെറുകിട റബർത്തോട്ടങ്ങളിലും ഇടവിളയായി കൊക്കോ കൃഷി ചെയ്യുന്നുണ്ട്.
കനത്തച്ചൂട്, ഉല്പാദനം കുറഞ്ഞു
മുൻവർഷങ്ങളെ അപേക്ഷിച്ച് വേനൽ മഴയിലുണ്ടായ കുറവുമൂലം ഇത്തവണ വിളവ് കാര്യമായി കുറഞ്ഞു. കടുത്ത ചൂടിൽ പൂവിരിയുന്നത് പൊഴിഞ്ഞുപോകുന്നു. ആവശ്യത്തിനനുസരിച്ച് കൊക്കോ ലഭിക്കാത്തതാണ് വില വർദ്ധനവിന് കാരണം. അതേസമയം കൊക്കോ വിലയിലെ വർദ്ധന ചോക്ലേറ്റ് വിലയേയും ബാധിക്കും.
ജില്ലയിൽ എൺപതുകളിൽ കൊക്കോ കൃഷി വ്യാപകമായിരുന്നു. എന്നാൽ പിന്നീട് വില കുറഞ്ഞപ്പോൾ പലരും കൃഷി ഉപേക്ഷിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ വൻതോതിൽ കൃഷി നാശം സംഭവിച്ചതാണ് ഇപ്പോഴത്തെ ക്ഷാമത്തിനും വില വർദ്ധനവിനും കാരണമായി പറയപ്പെടുന്നത്. കൊക്കോ ഉത്പാദനത്തിലും ഇറക്കുമതിയിലുമുണ്ടായ കാര്യമായ ഇടിവാണ് വിലയിലെ മുന്നേറ്റത്തിന് കാരണം.
ഇപ്പോൾ മുന്തിയ വില കൊക്കോയ്ക്ക് ലഭിക്കുന്നുണ്ട്. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലാണ് കാര്യമായി കൃഷി നടക്കുന്നത്.
ജോർജ് വർഗീസ്
( കോന്നിയിലെ മലഞ്ചരക്ക് വ്യാപാരി )
കൊക്കോ വില (1 കിലോയ്ക്ക്)
ഉണങ്ങിയത് : 800 രൂപ
പച്ചയ്ക്ക് : 200 - 250 രൂപ