
തായ്പെയ്: ബുധനാഴ്ചയാണ് തായ്വാനെ വിറപ്പിച്ച് 25 വർഷത്തിനിടെയുള്ള ഏറ്റവും ശക്തമായ ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഇതിനിടെ ഭൂകമ്പത്തിന് തൊട്ടുമുമ്പ് ദുരന്ത സൂചനയായി ഒരു ഓർ മത്സ്യം കരയ്ക്കടിഞ്ഞെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു ഫിലിപ്പീൻസ് മത്സ്യത്തൊഴിലാളി.
ദുരന്തങ്ങളെ മുൻകൂട്ടി കാണാനാകുമെന്ന് വിശ്വസിക്കപ്പെടുന്ന ആഴക്കടലിൽ ജീവിക്കുന്ന മത്സ്യങ്ങളാണ് ഓർ. ഇവ ജീവനോടെയോ അല്ലാതെയോ കരയ്ക്കടിഞ്ഞാൽ ദുരന്തം സംഭവിക്കുമെന്നാണ് ജപ്പാൻ അടക്കമുള്ള ചില ഏഷ്യൻ രാജ്യങ്ങളിലെ വിശ്വാസം.
റിപ്പോർട്ടുകൾ പ്രകാരം ഫിലിപ്പീൻസ് ദ്വീപായ കലാങ്ങമാനിൽ ബ്രെൻജെംഗ് കായോൺ എന്നയാളാണ് ഭൂകമ്പത്തിന് 30 മണിക്കൂറുകൾക്ക് മുമ്പ് ഓർ മത്സ്യത്തെ കണ്ടത്. തായ്‌വാൻ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായ ഹോളിയൻ കൗണ്ടിയിൽ നിന്ന് 900 മൈൽ അകലെയാണ് ഇവിടം.
മേഖലയിൽ മറ്റ് മൂന്ന് പേർക്കൊപ്പം ബോട്ടിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തെ കണ്ടത്. വലയിൽ കുടുങ്ങിയ വിചിത്ര മത്സ്യത്തെ തീരത്ത് കൊണ്ടുവന്ന് പരിശോധിച്ചപ്പോഴാണ് ഓർ ആണെന്ന് തിരിച്ചറിഞ്ഞത്. അഞ്ച് അടി നീളമുള്ള മത്സ്യത്തിന് 15 കിലോഗ്രാം ഭാരമുണ്ടായിരുന്നത്രെ. 2011ൽ ജപ്പാനിലെ ഫുകുഷിമയിൽ നാശം വിതച്ച സുനാമിക്കും ഭൂകമ്പത്തിനും മുമ്പ് ഓർ മത്സ്യങ്ങൾ തീരത്ത് അടിഞ്ഞിരുന്നു.
കടലിൽ 3,300 അടി താഴ്ചയിലാണ് ഓർ മത്സ്യങ്ങൾ ജീവിക്കുന്നത്. പാമ്പിനോടു സാദൃശ്യമുള്ള കൂറ്റൻ ഓർ മത്സ്യങ്ങൾക്ക് 20 അടിയിലേറെ നീളം വയ്ക്കാറുണ്ട്. കടലിനടിയിൽ സീസ്മിക് പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞാണ് ഇവ കടലിന് മുകളിലേക്ക് വരുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ വിശ്വാസം. എന്നാൽ ഇതിന് ഇതുവരെ ശാസ്ത്രീയ വിശദീകരണങ്ങളൊന്നും ലഭ്യമല്ല.