naveen

തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ മലയാളി ദമ്പതികളുടെയും സുഹൃത്തിന്റെയും മരണത്തെക്കുറിച്ച് അന്വേഷിക്കാൻ എ സി പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം. മൂന്ന് പേരുടെയും ലാപ്‌ടോപ്പുകളും ഫോണുകളും വിശദമായി പരിശോധിക്കും.

കോട്ടയം സ്വദേശി നവീന്‍, ഭാര്യ ദേവി, അദ്ധ്യാപിക ആര്യ എന്നിവരെയാണ് അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്ക് മരണാനന്തര ജീവിതത്തെപ്പറ്റിയുള്ള സന്ദേശങ്ങൾ എത്തിയിരുന്നത് ഡോൺ ബോസ്‌കോയുടെ പേരിലുള്ള വ്യാജ ഇമെയിൽ ഐഡിയിൽ നിന്നാണെന്ന് പൊലീസ് അറിയിച്ചു.


നവീനിന്റേത് ആസൂത്രിത നീക്കങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. ഡിജിറ്റൽ തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. ഹോട്ടലിൽ മുറിയെടുത്തപ്പോൾ ഇയാൾ മറ്റുള്ളവരുടെ രേഖകൾ നൽകിയിരുന്നില്ല. മൂന്ന് പേരും എങ്ങനെയാണ് വിചിത്ര വിശ്വാസങ്ങളിലേക്ക് എത്തിയതെന്ന് അന്വേഷണ സംഘം പരിശോധിക്കും.

അതേസമയം, അരുണാചൽ പ്രദേശിലെ സിറോയിൽ ആഭിചാരം നടത്തുന്നവരുടെ കൺവെൻഷൻ നടന്നിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. മൂന്ന് പേരും ഇതിൽ പങ്കെടുത്തുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഹോട്ടലിലെത്തിയ ആദ്യ മൂന്ന് ദിവസങ്ങളിൽ ഇവർ പുറത്തുപോയിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. ഇത് കൺവെൻഷനിൽ പങ്കെടുക്കാനാകാമെന്നാണ് സൂചന. ഈസ്റ്റർ ദിനം തന്നെ മരണത്തിനായി തിരഞ്ഞെടുത്തത് മന:പൂർവമാണെന്നാണ് നിഗമനം.

രക്തം വാർന്നുള്ള മരണമാണ് മൂവരും തിരഞ്ഞെടുത്തത്. ദേവിയുടെയും ആര്യയുടെയും സമ്മതത്തോടെ, അവരുടെ കൈഞരമ്പ് മുറിച്ച ശേഷം നവീൻ അതേ രീതിയിൽ ജീവനൊടുക്കുകയായിരുന്നു. മരണസമയത്ത് ദേവിയും ആര്യയും കറുത്ത കല്ല് പതിച്ച വളകൾ ധരിച്ചിരുന്നു. ഇത്തരം വളകൾ ധരിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.

ഇന്നലെയാണ് മൂന്ന്‌ പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്. ദേവിയുടെയും ആര്യയുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. നവീന്റെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കോട്ടയം മീനടം സെന്റ്തോമസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ നടക്കും.