
ജയ്‌പൂർ: ആശുപത്രിയിൽ പ്രവേശനം നിഷേധിച്ച ഗർഭിണിയായ യുവതി പുറത്ത് പ്രസവിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാർക്ക് സസ്‌പെൻഷൻ. രാജസ്ഥാനിലെ കൻവാതിയ ആശുപത്രിയിൽ കഴിഞ്ഞ ബുധനാഴ്ചയോടെയായിരുന്നു സംഭവം. ഡോക്ടർമാരായ കുസും സൈനി, നേഹ രജാവത്ത്, മനോജ് എന്നിവരെയാണ് ആശുപത്രി അധികൃതർ സസ്‌പെൻഡ് ചെയ്തത്.
വാർത്തകൾ പുറത്തുവന്നതോടെ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഒരു കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യ വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന അഡീഷണൽ ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയും ഉത്തരവാദിത്തമില്ലായ്മയും മൂലമാണ് സംഭവം നടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തതെന്ന് ശുഭ്ര വ്യക്തമാക്കി.സംഭവത്തിൽ കൃത്യമായ മേൽനോട്ടം വഹിക്കുന്നതിൽ അനാസ്ഥ വരുത്തിയതിന് ആശുപത്രി സൂപ്രണ്ട് ഡോ.രാജേന്ദ്ര സിംഗ് തൻവാറിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിൽ ഹരിയാനയിലെ അംബാല ജില്ലയിലും സമാന സംഭവം നടന്നിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് യുവതി കുഞ്ഞിന് ജന്മം നൽകിയത് പച്ചക്കറി വിൽക്കുന്ന വണ്ടിയിലായിരുന്നു. പഞ്ചാബിലെ മൊഹാലി സ്വദേശിനിയായ യുവതിക്ക് കടുത്ത പ്രസവവേദന അനുഭവപ്പെട്ടതോടെ ഭർത്താവ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ആശുപത്രിക്കുളളിലേക്ക് പ്രവേശിപ്പിക്കുന്നതിനായി ഭർത്താവ് ഡോക്ടറിനോടും നഴ്സിനോടും സ്ട്രെച്ചർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡോക്ടറും നഴ്സും സ്ട്രെച്ചർ നൽകാൻ വിസമ്മതിക്കുകയായിരുന്നു. ഇതിനിടെയാണ് യുവതി അടുത്ത് നിർത്തിയിട്ടിരുന്ന പച്ചക്കറി വണ്ടിയിൽ പ്രസവിച്ചത്.