satanism

സാത്താൻ സേവ.. മലയാളികളായ മൂന്നുപേർ അരുണാചൽപ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതോടെ കേരളത്തിൽ വീണ്ടും സജീവ ചർച്ചയായ വിഷയം. വിദ്യാസമ്പന്നരും സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരുടെ ഇടയിൽപ്പോലും ഏറെ സ്വാധീനം ചെലുത്തുന്ന ഒരു ആരാധനാ സമ്പ്രദായമായി സാത്താൻ സേവ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം. നമ്മുടെ കൊച്ചുകേരളത്തിൽപ്പോലും സ്ത്രീകളും പുരുഷന്മാരുമായി ഒട്ടനവധി ആരാധകരാണ് സാത്താനുള്ളത്. നിയമവും മതവും വിലക്കുന്നത് ആവോളം അനുഭവിക്കണം എന്നതാണ് സാത്താൻ സേവക്കാരുടെ ആഗ്രഹം. അതിനുവേണ്ടി അവർ എന്തുംചെയ്യും. കാമം, സുഖഭോഗം തുടങ്ങിയവയുടെ ആകെത്തുകയായ പ്രകൃതി ജീവിയാണ് മനുഷ്യൻ. അതിനാൽ അവൻ എല്ലാം ആവാേളം ആസ്വദിക്കണം എന്നാണ് സാത്താൻ ആരാധകരുടെ പക്ഷം. മനുഷ്യനെ നേർവഴിയിലേക്ക് നയിക്കുന്ന ദൈവമാണ് ഇവരുടെ ഏറ്റവും വലിയ ശത്രു. അതിനാൽ അവർ ദൈവത്തെ എതിർക്കുന്നു. ഇല്ലാതാക്കാൻ ശ്രമിക്കുന്നു.

ഭീകര സ്വപ്നങ്ങളിൽപ്പോലും കാണാത്ത കാര്യങ്ങൾ

സാത്താൻ സേവ എന്നുമുതൽ തുടങ്ങിയെന്നതിന് വ്യക്തമായ തെളിവുകൾ ഇല്ലെങ്കിലും പതിനേഴാം നൂറ്റാണ്ടിൽ അമേരിക്കയിലാണ് തുടക്കമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഭൂമിയുടെ കാര്യം നോക്കുന്നത് ദൈവമല്ലെന്നും ദൈവത്തിനെക്കാൾ ഏറെ കരുത്തനായ സാത്താൻ ആണെന്നുമാണ് ഇവർ ഉറച്ച് വിശ്വസിക്കുന്നത്. ഭൂമിയിലും സ്വർഗത്തിലുമുള്ള സകലതിനെയും ചോദ്യംചെയ്യാൻ കഴിവുള്ളവനാണ് സാത്താൻ എന്നും അവർ വിശ്വസിക്കുന്നു. ദൈവനിന്ദയുടെ പേരിൽ സ്വർഗത്തിൽ നിന്ന് പുറത്താക്കിയ ലൂസിഫർ മാലാഖയാണ് ഇവരുടെ ആരാധനാ മൂർത്തി. ലൂസിഫറിന്റെ പിൻഗാമികളാണ് തങ്ങളെന്നും അവർ വിശ്വസിക്കുന്നു. 1966 ൽ ആന്റൺ സാൻഡോർ ലാവേയാണ് സാത്താൻ സഭ (ചർച്ച് ഓഫ് സാത്താൻ) സ്ഥാപിച്ചത്. വളരെപ്പെട്ടെന്നുതന്നെ ലോകത്താകമാനം ഇത് പടർന്നുപന്തലിച്ചു.

satanism

മനുഷ്യമാംസം ചുട്ടുതിന്നും

ക്രൈസ്തവ സഭയുടെ പല ചിഹ്നങ്ങൾ അല്പസ്വല്പം മാറ്റങ്ങളോടെയോ വികലമാക്കിയോ ഇവർ സ്വന്തം ചിഹ്നങ്ങളാക്കി ആരാധനയായ കറുത്ത കുർബാനയ്ക്ക് (ബ്ളാക്ക് മാസ്) ഉപയോഗിക്കുന്നു. തലതിരിച്ച കുരിശാണ് ഇവർ സ്വീകരിക്കുന്നത്. സ്ത്രീ ജനനേന്ദ്രിയമാണ് കറുത്ത കുർബാനയ്ക്കുള്ള അൾത്താര. പള്ളികളിൽ നിന്ന് വിശ്വാസികൾക്ക് നൽകുന്ന തിരുവോസ്തി അശുദ്ധമാക്കിയാണ് ആരാധന തുടങ്ങുന്നതുതന്നെ. മനുഷ്യന്റെ തലയോട്ടിയിൽ മൂത്രമോ ആർത്തവ രക്തമോ നിറയ്ക്കുന്നതും തലയോട്ടിയിൽ നിറച്ച വീഞ്ഞ് കുടിക്കുന്നതും ബ്ളാക്ക് മാസിന്റെ സുപ്രധാന ചടങ്ങാണ്. കട്ടക്കറുപ്പ് വസ്ത്രങ്ങളണിഞ്ഞാണ് പുരാേഹിതൻ എത്തുന്നത്. അമിത മദ്യപാനവും പ്രകൃതിവിരുദ്ധത ഉൾപ്പടെയുള്ള ലൈംഗിക കേളികളും സാത്താൻ പൂജയുടെ ഒഴിച്ചുകൂടാനാവാത്ത ഐറ്റങ്ങളാണ്.

ആരാധനയുടെ ഭാഗമായി ചിലർ മനുഷ്യമാസം ചുട്ടുതിന്നാറുമുണ്ടത്രേ. മനുഷ്യ കൊഴുപ്പുകൊണ്ടുണ്ടാക്കിയ മെഴുകുതിരിയുടെ വെട്ടത്തിലാണ് ബ്ളാക്ക് മാസ് നടത്തുന്നത്.

ആർക്കും അംഗങ്ങളാവാം, പക്ഷേ..

സാത്താൻ സഭയിൽ ആർക്കും അംഗങ്ങളാവാം. ഒന്നിനെയും ഭയക്കുന്നില്ലെന്ന് പറയുന്നുണ്ടെങ്കിലും മറയ്ക്കുള്ളിലാണ് ഇവരുടെ പ്രവർനങ്ങൾ. രണ്ടുതരത്തിലുള്ള അംഗങ്ങളാണ് ഇതിലുള്ളത്. സാധാരണ അംഗങ്ങളും ആക്ടീവ് അംഗങ്ങളും. ലൈംഗിക കേളികളിലും മറ്റും പങ്കെടുക്കാൻ ആക്ടീവ് അംഗങ്ങൾക്ക് മാത്രമേ അനുമതി നൽകാറുള്ളൂ. ആക്ടീവ് അംഗം പരിചയപ്പെടുത്തുന്ന ഒരാൾക്ക് മാത്രമാണ് സാത്താൻ സഭയിൽ പ്രവേശനം നൽകുന്നത്. ഇവരുടെ പ്രവർത്തനങ്ങൾ ഏറെനാൾ നിരീക്ഷിച്ചശേഷമാണ് ആക്ടീവ് അംഗമാകാൻ അനുമതി നൽകുന്നത്. പതിനായിരം മുതൽ ലക്ഷങ്ങൾ വരെ അംഗത്വഫീസായി ഈടാക്കുന്നുണ്ട്. സാധാരണ അംഗങ്ങൾക്ക് ഫീസ് നൽകേണ്ടതില്ല. ഇവർ തങ്ങൾ വിശ്വസിക്കുന്ന മതത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളെയും വിശുദ്ധ ചിഹ്നങ്ങളെയും അപമാനിക്കണം. അതാണ് സാത്താൻ സേനയിൽ അംഗമാകാനുള്ള ആദ്യത്തെ കടമ്പ.

satanism

666 എന്നത് സാത്താനീയ സംഖ്യയായാണ് ഇവർ കരുതുന്നത്. അതിനാൽ ഇവർക്ക് ഏറ്റവും ഇഷ്ടമുള്ള നമ്പരും ഇതുതന്നെയാണ്. ബ്ളാക്ക്‌ മാസിന് ഇവർ ഒത്തുകൂടുന്നതും ഈ നമ്പരിലുള്ള ഫ്ലാറ്റുകളിലോ റൂമുകളിലോ ഒക്കെ ആയിരിക്കും. കറുത്ത നിറത്തിലുള്ളതായിരിക്കും ആരാധന നടക്കുന്ന ഹാളിന് ഉൾവശം. ഉള്ളിൽ കടന്നാൽ എല്ലാവരും കറുത്തവസ്ത്രങ്ങൾ ധരിക്കണം. മങ്ങിയ വെളിച്ചത്തിൽ ആധുനിക സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ ആരാധന തുടങ്ങും. മണിക്കൂറുകൾ കഴിയുന്നതോടെ ആരാധനയുടെ രൂപവും ഭാവവും മാറും. മദ്യം ഉൾപ്പടെയുള്ള ഒട്ടുമിക്ക ലഹരിവസ്തുക്കളും അവിടെ ഒഴുകും. ഒപ്പം കാമപ്പേക്കൂത്തും. ആർക്കും ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും ചിലയിടങ്ങളിൽ അനുവാദമുണ്ടത്രേ.

ലക്ഷ്യങ്ങൾ പലത്

പല ലക്ഷ്യങ്ങളുമായാണ് ബ്ലാക്ക് മാസിൽ പങ്കെടുക്കാൻ അംഗങ്ങൾ എത്തുന്നത്. ചിലർക്ക് ബിസിനസിൽ ഉന്നതങ്ങളിൽ എത്തണം. മറ്റുചിലർക്ക് ശത്രുക്കളെ എന്നെന്നേക്കുമായി ഇല്ലാതാക്കണം. അങ്ങനെ പോകുന്നു കാരണങ്ങൾ. തങ്ങളുടെ ആഗ്രഹങ്ങൾ ഒട്ടുമുക്കാലും ബ്ലാക്ക് മാസിൽ പങ്കെടുക്കുന്നതിലൂടെ പൂവണിയുന്നു എന്നാണ് സാത്താൻ സേനക്കാർ പറയുന്നത്. ദൈവത്തിന്റെ കഴിവുകേടും സാത്താന്റെ കഴിവുമാണ് ഇതിന് കാരണമായി അവർ പറയുന്നത്.

satanism

ലൂസിഫർ

മനുഷ്യന്റെ ഉൽപ്പത്തിക്ക് മുമ്പ് ദൈവനിഷേധം നടത്തിയതിന്റെ പേരിൽ സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയപ്പെട്ട മാലാഖയായിരുന്നു ലൂസിഫറെന്നാണ് പറയപ്പെടുന്നത്. ലോകത്ത് പാപത്തിന്റെ തുടക്കവും ലൂസിഫറിൽ നിന്നാണെന്നാണ് വിശ്വാസം. ദൈവത്തിന്റെ പറുദീസയിൽ ദൈവത്തേക്കാൾ ഉന്നതനാകാൻ ശ്രമിച്ചതിന്റെ പേരിലാണ് പുറത്താക്കപ്പെടുന്നതും ശപിക്കപ്പെടുന്നതും. പിന്നീട് ആദി മനുഷ്യരായ ആദത്തിനും ഹവ്വയ്‌ക്കും മുന്നിൽ സർപ്പത്തിന്റെ രൂപത്തിലെത്തിയതും ഇതേ ലൂസിഫർ തന്നെയാണ്. താൻ ദൈവത്തപ്പോലെ തന്നെ ആരാധിക്കപ്പെടേണ്ടവനാണെന്ന ചിന്ത പുലർത്തുന്ന ലൂസിഫർ ഇതിന് വേണ്ടി മനുഷ്യകുലത്തിനെയാകെ വരുതിയിലാഴ്‌ത്തണമെന്നും അതിയായി ആഗ്രഹിച്ചിരുന്നു.