
കേരളത്തിലെ തലശ്ശേരി - വടകര പട്ടണങ്ങൾക്കിടയിൽ ഒരു തിലകം പോലെ മാഹി എന്ന ദേശം. മദ്യത്തിന്റെ പറുദീസയായ ഈ നാട്ടിൽ പക്ഷേ കേരളത്തെപോലെ തിരഞ്ഞെടുപ്പ് ലഹരി ഇല്ല. കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മാഹിയിൽ കേരളത്തിലെ രംഗങ്ങളുമായി വ്യത്യസ്തമായ ഒരു രാഷ്ട്രീയ സാഹചര്യമാണ്. മാഹി നിയമസഭാ മണ്ഡലം പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. പുതുച്ചേരി മുൻ മുഖ്യമന്ത്രിയും സിറ്റിംഗ് എം.പിയുമായ കോൺഗ്രസ് നേതാവ് വി. വൈത്തിലിംഗത്തെയാണ് ബി.ജെ.പിയുടെ ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രി എ. നമശ്ശിവായത്തിനെ നേരിടാൻ കോൺഗ്രസ്സ്/ഡി.എം.കെ/മുസ്ലിം ലീഗ്/സി.പി.ഐ /സി.പി.എം/വിടുതലൈ കക്ഷി സംഖ്യമായ ഇന്ത്യാ ബ്ലോക്ക് മത്സരിപ്പിക്കുന്നത്. സാധ്യമാകുന്നിടത്തെല്ലാം ബി.ജെ.പിയുടെ തോൽവി ഉറപ്പാക്കാൻ എല്ലാ വഴികളും തേടണമെന്നാണ് സി.പി.എം പ്രഖ്യാപിച്ചിരിക്കുന്നത്.
പുതുച്ചേരിയിൽ ഈ നിലപാടിനൊപ്പം നിൽക്കേണ്ട ഉത്തരവാദിത്വമുള്ള പാർട്ടി അയൽ മണ്ഡലങ്ങളായ വടകരയിലും കണ്ണൂരിലും യഥാക്രമം കോൺഗ്രസ് സ്ഥാനാർത്ഥികളായ ഷാഫി പറമ്പിലിനെയും കെ. സുധാകരനെയും തോൽപ്പിക്കാനുള്ള കടുത്ത പോരാട്ടത്തിലാണ്. വി. വൈത്തിലിംഗത്തിന് വേണ്ടി മാഹിയിൽ സി.പി.എം രംഗത്തിറങ്ങിയാൽ, മയ്യഴിക്ക് ഇരു വശങ്ങളിലുമുള്ള കേരളത്തിൽ അത് രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കും
സി.പി.എമ്മിന്റെ തലശ്ശേരി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള മാഹിയിലും പള്ളൂരിലും രണ്ട് ലോക്കൽ കമ്മിറ്റികളുണ്ട്. കണ്ണൂരിലെയും കോഴിക്കോട്ടെയും രാഷ്ട്രീയ കാലാവസ്ഥയുടെ ഭാഗമെന്ന നിലയിൽ ഇവിടെയുള്ള സി.പിഎം പ്രവർത്തകർക്ക് കോൺഗ്രസിനോട് പലകാര്യങ്ങളിലും കടുത്ത അനിഷ്ടമുണ്ട്. വോട്ടെടുപ്പ് തീയതി അടുത്തിട്ടും ഇവിടെ പ്രചാരണം മന്ദഗതിയിലാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച്, കോൺഗ്രസ് സ്ഥാനാർത്ഥിക്കു വേണ്ടി സജീവമായി പ്രചാരണത്തിനിറങ്ങേണ്ടെന്നാണ് പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തിൽപ്പെടുന്ന മാഹിയിലെ സി.പി.എം, സി.പി.ഐ പ്രാദേശിക നേതൃത്വത്തിന്റെ അനൗദ്യോഗിക തീരുമാനം. എന്നാൽ, ഇന്ത്യാ മുന്നണിയെ മറന്ന് സ്വതന്ത്രസ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനുള്ള നീക്കം താത്ക്കാലം മരവിപ്പിക്കണമെന്നും കോൺഗ്രസ് സ്ഥാനാർഥിയെ എതിർക്കരുതെന്നും പുതുച്ചേരി സി.പി.എം സംസ്ഥാന നേതൃത്വം മാഹി ജില്ലാ ഭാരവാഹികൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.
പുതുച്ചേരിയിലെ ഏതെങ്കിലും സ്വതന്ത്രനു പിന്തുണ നൽകാനുള്ള ആലോചനയാണു മാഹിയിലെ സി.പി.എം ആദ്യം നടത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പുതുച്ചേരി സി.പി.എം, കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയെങ്കിലും, കമലഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി സ്ഥാനാർത്ഥിക്കായിരുന്നു മാഹിയിൽ സി.പി.എം പിന്തുണ നൽകിയത്. തൊട്ടുകിടക്കുന്ന തലശേരിയിലും വടകരയിലും കോൺഗ്രസിനെതിരേ പോരുകടുപ്പിക്കുമ്പോൾ മാഹിയിൽ കോൺഗ്രസിന് പിന്തുണ നൽകേണ്ടി വരുന്നത് ഗതികേടായി കാണുകയാണ് സി.പി.എം അണികൾ.
മുൻകാലങ്ങളിലെല്ലാം ഇത്തരം പ്രതിസന്ധികളുണ്ടായപ്പോൾ 2019-ലെ പോലെ ഒന്നുകിൽ മാഹിക്ക് മാത്രമായി ഒരു സ്ഥാനാർത്ഥിയെ നിറുത്തുകയോ, അല്ലെങ്കിൽ സ്വകാര്യനായ പുതുച്ചേരിയിലെ മറ്റേതെങ്കിലും സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുകയോ ആണ് സി.പി.എമ്മിന്റെ പതിവ്. 2009-ൽ മാഹി സ്വദേശിയായ അഡ്വ. ടി. അശോക് കുമാറിനെ സി.പി.എം സ്വന്തം നിലയിൽ നിറുത്തിയിരുന്നു. കേരള സി.പി.എം എന്ന നിലയിലും പുതുച്ചേരി സി.പി.എം എന്ന നിലയിലും ഒരേ മണ്ഡലത്തിൽ രണ്ട് രാഷ്ട്രീയ നിലപാട് എടുക്കേണ്ട അവസ്ഥ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. എ.ഐ.ഡി.എം.കെ സ്ഥാനാർത്ഥിയായി തമിഴ് വേന്ദർ, നാം തമിളർ കക്ഷി സ്ഥാനാർത്ഥിയായി ആർ. മേനക, എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സ്ഥാനാർത്ഥിയായി പി. ശങ്കരൻ തുടങ്ങിയവരാണ് പ്രധാനമായും രംഗത്തുള്ളത്. ഇത്തരത്തിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങളുള്ളതിനാലും ബി.ജെ.പിയുടെ വലിയ ശക്തി കേന്ദ്രമല്ലാത്തതിനാലും സ്ഥാനാർത്ഥികൾക്ക് വോട്ടഭ്യർഥിച്ചുള്ള വാഹന പ്രചാരണമോ പൊതുയോഗങ്ങളോ പോസ്റ്റർ പ്രചാരണമോ എവിടെയും കാണാനില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന കുടുംബയോഗങ്ങൾ പോലും ഇവിടെയില്ല.
ബി.ജെ.പിക്ക് അഭിമാന പോരാട്ടം
ബി.ജെ.പി സഖ്യം ഭരിക്കുന്ന തെക്കേ ഇന്ത്യയിലെ ഏക സംസ്ഥാനമായ, കേന്ദ്ര ഭരണ പ്രദേശം കൂടിയായ പുതുച്ചേരിയിലെ ഏക ലോക്‌സഭാ സീറ്ര് നേടുക എന്നത് ബി.ജെ.പിക്ക് അഭിമാന പ്രശ്‌നം കൂടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാഹി ഉൾപ്പെടുന്ന പുതുച്ചേരി സംസ്ഥാനത്ത് ഒരു മണ്ഡലമാണുള്ളത്.
പ്രാദേശിക പാർട്ടിയായ എൻ.ആർ. കോൺഗ്രസ്സും, ബി.ജെ.പിയുമാണ് സംസ്ഥാന ഭരണത്തിൽ. എൻ.ആർ കോൺഗ്രസ്സിനാണ് കൂടുതൽ എം.എൽ.എമാരുള്ളതെങ്കിലും, ബി.ജെ.പിക്ക് സീറ്റ് നൽകാൻ എൻ.ആർ കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രിയുമായ എൻ. രംഗസാമി സമ്മതം അറിയിക്കുകയായിരുന്നു. 2019-ലെ തിരഞ്ഞെടുപ്പിൽ എൻ.ആർ കോൺഗ്രസ്സ് -എ.ഐ.ഡി.എം.കെ സഖ്യം സ്ഥാനാർത്ഥിയെ 1,97,025 വോട്ടിനാണ് വൈത്തിലിംഗം പരാജയപ്പെടുത്തിയത്.
വോട്ടെടുപ്പ് ഒന്നാം ഘട്ടത്തിൽ
കേരളത്തിൽ ഏപ്രിൽ 26ന് ജനങ്ങൾ പോളിംഗ് ബൂത്തിൽ പോകുമ്പോൾ അതിനും ഒരാഴ്ചമുമ്പാണ് മാഹിയിൽ വോട്ടെടുപ്പ്. രാജ്യത്ത് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 13 സംസ്ഥാനങ്ങളിൽ ഒന്ന് കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയാണ്. പുതുച്ചേരിയുടെ ഭാഗമായതിനാലാണ് മാഹിയിലും 19ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു കാശ്മീരും ലക്ഷദ്വീപുമാണ് ആദ്യ ഘട്ടത്തിൽ പോളിംഗ് നടക്കുന്ന മറ്റ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ. 26 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.
കർശനചട്ടങ്ങൾ
മാഹിയെപ്പോലെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശങ്ങൾ പാലിക്കുന്ന മറ്റൊരിടം രാജ്യത്തുണ്ടോ എന്നു സംശയമാണ്. അത്രമേൽ കർശനമായാണ് നടത്തിപ്പ്. ഒമ്പത് ചതുരശ്ര കി.മീറ്റർ ആണ് മാഹിയുടെ വിസ്തൃതി. 31,038 വോട്ടർമാരിൽ 16,653 പേർ സ്ത്രീകളും 14,357പുരുഷന്മാരുമാണ്. ആകെയുള്ള 31 പോളിംഗ് ബൂത്തുകളിൽ 23 ബൂത്തുകളിൽ വനിതാ ഉദ്യോഗസ്ഥർ മാത്രമായിരിക്കും തിരഞ്ഞെടുപ്പ് നിയന്ത്രിക്കുക. 31 ബൂത്തിലും വനിതാ ജീവനക്കാരെ മാത്രം നിയോഗിക്കാനും സാദ്ധ്യതയുണ്ടെന്നറിയുന്നു. അങ്ങനെയെങ്കിൽ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ അപൂർവതയ്ക്കാകും ഇത്തവണ മാഹി സാക്ഷ്യം വഹിക്കുക.
പാർട്ടി യോഗങ്ങളിൽ സ്ഥാനാർഥികളുടെ ഫോട്ടോ അടങ്ങിയ ലഘുലേഖകൾക്കും വിലക്കുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ വഴി പ്രചാരണം നടത്തിയാലും പിടിവീഴും. എന്തിനേറെ പറയുന്നു, പൊതുയോഗങ്ങളിൽ ചായ നൽകുന്നതുവരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷിക്കും. എന്നാൽ കുടിവെള്ളവും സംഭാരവും ഇഷ്ടംപോലെ നൽകാം.
അതിർത്തികളിൽ ആറ് ചെക്ക് പോസ്റ്റുകളും ഫ്ലൈയിംഗ് സ്വകാഡുകളും 24 മണിക്കൂറും ജാഗരൂകമാണ്. കോഴിക്കോട് ജില്ലാ അതിർത്തിയായ പൂഴിത്തല, കണ്ണൂർ ജില്ലാ അതിർത്തിയായ മാഹിപ്പാലം, പാറാൽ, കോപ്പാലം, ചൊക്ലി, മാക്കുനി എന്നിവിടങ്ങളിലാണ് ചെക് പോസ്റ്റുകൾ.