
കോഴിക്കോട്: വടകരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പലിനെതിരെ മത്സരിക്കാൻ വിമത സ്ഥാനാർത്ഥി രംഗത്ത്. കോൺഗ്രസ് മണ്ഡലം മുൻഭാരവാഹി അബ്ദുൽ റഹീം ഹാജിയാണ് വടകര മണ്ഡലത്തിൽ മത്സരിക്കാനായി നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ സജീവമായിരുന്ന അബ്ദുൽ റഹീം നരിപ്പറ്റ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. സംഘടന വിരുദ്ധ പ്രവർത്തനങ്ങളിൽ ഭാഗമായതിനെ തുടർന്ന് അബ്‌ദുൽ റഹീമിനെ കഴിഞ്ഞ ഒരു വർഷമായി പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.
കോൺഗ്രസ് ഓരോ ആവശ്യത്തിന് വേണ്ടിയും പ്രാദേശിക നേതാക്കളെ വിനിയോഗിക്കുമെന്നും ഉപയോഗ ശേഷം വലിച്ചറിയുന്ന രീതിയാണ് ഉളളതെന്നും അബ്ദുൽ റഹീം വിമർശിച്ചിരുന്നു. വിദേശത്ത് ഒരുപാട് നാൾ ജോലി ചെയ്തതിന് ശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയ അബ്ദുൽ റഹീം കോൺഗ്രസിൽ ചേരുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പാർട്ടി പുറത്താക്കിയെങ്കിലും കോൺഗ്രസുകാരൻ തന്നെയാണെന്നും വ്യക്തി ബന്ധത്തിന്റെ മുകളിൽ തനിക്ക് വോട്ട് ലഭിക്കുമെന്നും അബ്ദുൽ റഹീം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ഷാഫി പറമ്പലിന്റെ പേരിൽ രണ്ട് അപര സ്ഥാനാർത്ഥികൾ വടകര മണ്ഡലത്തിൽ മത്സരിക്കുന്നതിനായി നാമനിർദ്ദേശപത്രിക സമർപ്പിച്ചതായാണ് വിവരം. മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥിയും മുൻ ആരോഗ്യവകുപ്പ് മന്ത്രിയുമായ കെകെ ഷൈലജയ്ക്ക് എതിരെയും അപരസ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് 20 ലോക് സഭ മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. ആകെ 499 പത്രികകളാണ് ലഭിച്ചത്. തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ പത്രിക നൽകിയതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഏപ്രിൽ എട്ടിന് പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപമാകും. മാർച്ച് 28 നാണ് പത്രിക സമർപ്പണം തുടങ്ങിയത്.