
ഇന്ത്യയിലെ ഏറ്റവും ധനിക കുടുംബമാണ് അംബാനി. മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയും മുതൽ മക്കളായ അനന്ദ് അംബാനി, ആകാശ് അംബാനി, ഇഷ വരെ വാർത്തകളിലെ താരങ്ങളാണ്. എന്നാൽ ഇവരുമായി ബന്ധമില്ലെങ്കിലും അംബാനിയെന്ന് വിളിപ്പേരുള്ള ഒരു വനിതയുണ്ട്, 'ബോളിവുഡിലെ ലേഡി അംബാനി'.
ആരാണ് ബോളിവുഡിലെ ലേഡി അംബാനി
ഏറെ ആരാധകരുള്ള ബോളിവുഡിലെ മുതിർന്ന താരമാണ് സുനിൽ ഷെട്ടി. സാമൂഹ്യപ്രവർത്തനങ്ങളിലും നടൻ സജീവമാണ്. സുനിൽ ഷെട്ടി വിവാഹം ചെയ്‌തിരിക്കുന്നത് ബോളിവുഡിലെ ലേഡി അംബാനിയെയാണ്. സുനിൽ ഷെട്ടിയുടെ ഭാര്യ മന ഷെട്ടിക്കാണ് ഈ വിളിപ്പേരുള്ളത്. സമ്പന്നയായ ബിസിനസ് വുമൺ, റിയൽ എസ്റ്റേറ്റ് ചക്രവർത്തിനി എന്നിവയ്ക്ക് പുറമെ മന ഷെട്ടി സാമൂഹിക പ്രവർത്തകയുമാണ്. കഴിഞ്ഞവർഷത്തെ കണക്കുകൾ പ്രകാരം മന ഷെട്ടിയുടെ ആസ്‌തി രണ്ട് ദശലക്ഷം ഡോളറാണ്.
ഗുജറാത്തി ആർക്കിടെക്‌ട് ഇഫ്‌തികർ എം ഖാദ്രിയുടെയും സാമൂഹിക പ്രവർത്തകയായ വിപുല ഖാദ്രിയുടെയും മകളാണ് മന ഷെട്ടി, മുസ്ലീം- ഹിന്ദു വിവാഹമായിരുന്നു ഇവരുടേത്. സാമൂഹിക പ്രവർത്തകയായ ഇഷ മെഹ്‌റ, ആർക്കിടെക്ട് രാഹുൽ ഖാദ്രി എന്നിവർ മന ഷെട്ടിയുടെ സഹോദരങ്ങളാണ്.
വിളിപ്പേരിന് കാരണം
15ാം വയസിലാണ് മന സഹോദരിയോടൊപ്പം ബിസിനസ് രംഗത്തേയ്ക്ക് എത്തുന്നത്. ഫാഷൻ ഡിസൈനറായി ആയിരുന്നു കരിയർ തുടങ്ങിയത്. 'മന ആന്റ് ഇഷ' എന്ന ബ്രാൻഡിൽ സ്വകാര്യ വ്യക്തികൾക്ക് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു നൽകി. തുടർന്ന് 'ആർ ഹൗസ്' എന്ന പേരിൽ മുംബയിൽ ലൈഫ്‌സ്റ്റൈൽ സ്റ്റോർ ആരംഭിച്ചു. ആഡംബര ഡെക്കറേഷൻ, ഗിഫ്റ്റ് ഉത്‌പന്നങ്ങൾ എന്നിവയായിരുന്നു വിറ്റഴിച്ചത്. തുടർന്ന് ഭർത്താവ് സുനിൽ ഷെട്ടിയുമായി ചേർന്ന് 'എസ് 2' എന്ന പേരിൽ റിയൽ എസ്റ്റേറ്റ് രംഗത്തും ചുവടുവച്ചു. ഈ പദ്ധതിക്ക് കീഴിൽ 6500 ചതുരശ്ര അടിയുള്ള 21 ആഡംബര വീടുകളാണ് നിർമിച്ചുനൽകിയത്. ആധുനിക, അത്യാഡംബര വീട്ടുപകരണങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
സുനിൽ ഷെട്ടിയുടെ മറ്റ് ബിസിനസ് സംരംഭങ്ങളായ പ്രൊഡക്ഷൻ ഹൗസുകൾ, ബുട്ടിക്കുകൾ, റിയൽ എസ്റ്റേറ്റ്, റെസ്റ്റോറന്റുകൾ എന്നിവയുടെ വിജയത്തിന് കാരണം മന ഷെട്ടിയുടെ സജീവമായ ഇടപെടലും ബിസിനസ് വൈദഗ്ദ്ധ്യവുമാണ്.
ഇതിനുപുറമെ 'സേവ് ദി ചിൽഡ്രൻ' എന്ന പേരിൽ പ്രവർത്തിക്കുന്ന എൻജിഒയിലും മന ഷെട്ടി സജീവപ്രവർത്തകയാണ്. ഈ സംഘടനയിലേയ്ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി ഇടയ്ക്കിടെ മന ഷെട്ടി പ്രദർശനങ്ങളും മറ്റും സംഘടിപ്പിക്കാറുമുണ്ട്.
സിനിമയെ വെല്ലും പ്രണയം
മൻയെ കണ്ട ആദ്യകാഴ്‌ചയിൽ തന്നെ പ്രണയം തോന്നിയതായി പല അഭിമുഖങ്ങളിലും സുനിൽ ഷെട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇരുവരുടെയും ബന്ധത്തെ സുനിലിന്റെ മാതാപിതാക്കൾ എതിർത്തിരുന്നു. ഒൻപത് വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. 1991ലായിരുന്നു ഇരുവരുടെയും വിവാഹം. ബോളിവുഡ് നടി അതിയ ഷെട്ടി, അഹാൻ ഷെട്ടി എന്നിവരാണ് മക്കൾ.