
ഞങ്ങടെ പൊലീസ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ കോൺഗ്രസേ?- 1967-ലോ രണ്ടാം ഇ.എം.എസ് സർക്കാരിന്റെ കാലത്ത് കേന്ദ്രത്തിലെ ഇന്ദിരാ ഗാന്ധി സർക്കാർ കേരളത്തിനുള്ള അരി വിഹിതം വെട്ടിക്കുറച്ചതിനെതിരായ സമരത്തിൽ പൊലീസ് മർദ്ദനമേറ്റ സഖാക്കൾ ചോദിച്ചതാണ് ഇത്. വയനാട്ടിൽ രാഹുൽ ഗാന്ധി പത്രിക നൽകുന്നതിനു മുന്നോടിയായി യു.ഡി.എഫ് നടത്തിയ റോഡ് ഷോയിൽ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും കൊടികൾ ഒഴിവാക്കിയതിനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനോടും സി.പി.എമ്മുകാരോടും കോൺഗ്രസും ലീഗും ഉന്നയിക്കുന്ന ചോദ്യവും സമാനമാണ്: 'ഞങ്ങളുടെ കൊടി ഒഴിവാക്കിയതിന് ഞങ്ങൾക്കില്ലാത്ത പ്രശ്നം നിങ്ങൾക്കെന്തിനാണ്!"
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല എന്നാണ്, ഇതിന് സി.പി.എം സഖാക്കളുടെ മറുപടി. കൊടികൾ എന്തുകൊണ്ട് ഒഴിവാക്കിയെന്നതിന് വ്യക്തമായ ഉത്തരം നൽകണം. അല്ലാതെ, 'ഞങ്ങൾ കൊടി ഉപയോഗിക്കണോ എന്നു തീരുമാനിക്കേണ്ടത് ഞങ്ങളാണ്; എ.കെ.ജി സെന്ററല്ല" എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശദീകരണം അഴകൊഴമ്പനാണെന്നാണ് സഖാക്കളുടെ വാദം. പിണറായി സഖാവിനും കൂട്ടർക്കും കളിയാക്കാം. പക്ഷേ, ഇതിന്റെ പേരിൽ 2019- ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ കോൺഗ്രസിനെതിരെ ബി.ജെ.പിക്കാർ ഒപ്പിച്ച പുകിലുകൾ എങ്ങനെ മറക്കും?
അന്ന് ഇതു പോലെ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ കോൺഗ്രസിന്റെ ത്രിവർണ പതാകയും ലീഗിന്റെ പച്ചക്കൊടിയും ഉപയോഗിച്ചതാണ്. അതിന്റെ വീഡിയോയും പൊക്കിപ്പിടിച്ച് ഹിന്ദി മേഖലയിലാകെ നടന്ന ബി.ജെ.പി നേതാക്കൾ, ലീഗിന്റെ പച്ചക്കൊടി കൊണ്ടുനടന്ന് അത് പാകിസ്ഥാന്റെ ദേശീയ പതാകയാണെന്ന് ചിത്രീകരിച്ചു. രാഹുൽ ഗാന്ധിക്ക് വരവേൽപ്പു നൽകിയത് പാകിസ്ഥാൻകാരാണെന്നു വരെ വ്യാഖ്യാനിച്ചു. അങ്ങനെ കോൺഗ്രസിനെതിരെ ഊതിപ്പെരുപ്പിച്ച ഹിന്ദു വികാരം രാഹുൽ മത്സരിച്ച അമേതിയിൽ വരെ കോൺഗ്രന്റെ തോൽവിക്ക് കാരണമായി.
അതേ കളി ഇത്തവണ ആവർത്തിക്കുന്നത് തടയാനല്ലേ വയനാട്ടിൽ രണ്ടു കൊടിയും ഒഴിവാക്കി, പകരം ബലൂണുകൾ പറത്തിയത്. അന്നത്തെ അവസരം നഷ്ടപ്പെട്ടതിൽ ബി.ജെ.പിക്കാർക്ക് നിരാശ കാണും. അതിന് സഖാക്കന്മാർ എന്തിനാണ് ബാധയിളകിയതുപോലെ തുള്ളുന്നത്? 2019-ൽ കൊടി വിവാദം കത്തിച്ചത് ബി.ജെ.പി. ഇപ്പോൾ സി.പി.എമ്മും. രണ്ടു പാർട്ടികളും ഒരേതൂവൽപ്പക്ഷികളാണെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. 'ലീഗിന്റെ വോട്ട് വേണം; കൊടി വേണ്ട! ലീഗിന്റെ കൊടി പുറത്തു കാണിക്കാൻ പേടിച്ച് കോൺഗ്രസ് സ്വന്തം ത്രിവർണ പതാക
പോലും ഒളിപ്പിച്ചത് ഗതികേടാണ്!' ഇതു പറഞ്ഞ പിണറായി സഖാവ് ഉന്നംവച്ചത് ലീഗിനെക്കൂടിയാണ്. തമിഴ്നാട്ടിൽ
കോൺഗ്രസിന്റെയും ലീഗിന്റെയും കൊടിക്ക് ഒപ്പമല്ലേ ചെങ്കൊടിയും കൂട്ടിക്കെട്ടുന്നതെന്ന് കുഞ്ഞാലിക്കുട്ടിയുടെ കൗണ്ടർ.
വയനാട്ടെ റാലിയിൽ കൊടികൾ ഒഴിവാക്കിയത് പുതുമയ്ക്കു വേണ്ടിയാണെന്നത്രേ രമേശ് ചെന്നിത്തലയുടെ ന്യായം. അപ്പോൾ, കേരളത്തിലെ മറ്റു മണ്ഡലങ്ങളിലും ഈ പുതുമയുണ്ടാവുമോ എന്നൊന്നും ചോദിക്കരുത്. അതൊക്കെ തീരുമാനിക്കാൻ യു.ഡി.എഫിന് അറിയാം. മറ്റുള്ളവർ അതിൽ തലയിടേണ്ടതില്ല.
കയ്ച്ചിട്ട് ഇറക്കാനും വയ്യ. മധുരിച്ചിട്ട് തുപ്പാനും വയ്യ. കോൺഗ്രസിനെയും യു.ഡി.എഫിനെയും ഈ സ്ഥിതിയിലാക്കിക്കളഞ്ഞില്ലേ, എസ്.ഡി.പി.ഐക്കാർ. ഇത് കോഴിയെ കൊല്ലാനാണോ വളർത്താനാണോ എന്നാണ് ഇപ്പോൾ ചില കോൺഗ്രസ് നേതാക്കളുടെ സംശയം. വോട്ടു ചോദിച്ച് അങ്ങോട്ടു പോയതല്ല. അവർ സ്വമേധയാ ഇങ്ങോട്ടുവന്ന് തരാമെന്നു പറഞ്ഞതാണ്. അതു കേട്ട് മനം കുളിർത്ത കെ. സുധാകരനെയും കെ. മുരളീധരനെയും പോലുള്ള കോൺഗ്രസ് സ്ഥാനാർത്ഥികൾ അതിൽ ഒരു തെറ്റും കണ്ടില്ല. ആരെങ്കിലും വോട്ട് ഇങ്ങോട്ടു തരാമെന്ന് പറഞ്ഞാൽ വേണ്ടന്നു പറയുന്നത് എന്തിന്?
കിട്ടുന്നത് ലോട്ടറി. പക്ഷേ, ഇതു കേട്ട് ഹാലിളകിയ സിപി.എമ്മുകാരും ബി.ജെ.പിക്കാരും ഉണ്ടാക്കിയത് എന്തൊക്കെ പുകിലുകൾ. നിരോധിത പോപ്പുലർ ഫ്രണ്ടിന്റെ പാർട്ടിയുമായി കോൺഗ്രസിന് കൂട്ടുകെട്ടെന്ന് ബി.ജെ.പിക്കാർ ദേശീയ തലത്തിൽ മൈക്ക് വച്ചില്ലേ? ഒടുവിൽ, ഗത്യന്തരമില്ലാതെ യു.ഡി.എഫിന് പ്രഖ്യാപിക്കേണ്ടി വന്നു- എസ്.ഡി.പി.ഐയുടെ വോട്ട് സംഘടനാപരമായി വേണ്ട. വ്യക്തിപരമായി സ്ഥാനാർത്ഥികൾക്ക് ആരുടെ വോട്ടും വാങ്ങാം. ഇത് ഇരട്ടത്താപ്പല്ലേ എന്നു ചോദിക്കുന്ന സഖാക്കൾക്കുള്ള അവരുടെ മറുപടി ഇങ്ങനെ: '2021- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐക്കാരുടെ പിന്തുണ എൽ.ഡി.എഫ് സ്വീകരിച്ചതല്ലേ? കിട്ടാത്ത മുന്തിരിങ്ങ പുളിക്കും!"
പാഠപുസ്തകങ്ങളിലെ ചരിത്രസത്യങ്ങളിലും വസ്തുതകളിലും കത്തിവച്ച് വീണ്ടും എൻ.സി.ഇ.ആർ.ടി. ഇന്ത്യ അഥവാ
ഭാരതം എന്ന പ്രയോഗം, ഇന്ത്യ വെട്ടിക്കളഞ്ഞ് ഭാരതം മാത്രമാക്കിയായിരുന്നു ഒരു പരിഷ്കാരം. രണ്ടു വാക്കും ഒരുമിച്ച് പുസ്തകത്തിൽ കിടക്കുന്നത്, അതേത് രാജ്യമാണെന്ന തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് അതിനു പറഞ്ഞ ന്യായം. ഇന്ത്യാ ചരിത്രത്തിൽ നിന്ന് മുഗൾ രാജഭരണ കാലത്തെ യുദ്ധങ്ങളും ഭരണ പരിഷ്കാരങ്ങളും ഒഴിവാക്കിയായിരുന്നു മറ്റൊരു പരീക്ഷണം. ഇപ്പോൾ കൈവച്ചിരിക്കുന്നത് 11, 12 ക്ളാസുകളിലേക്കുള്ള പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളിലാണ്. അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകർത്ത സംഭവവുമായി ബന്ധപ്പട്ടതാണ് 12-ാം ക്ലാസിലെ പുസ്തകത്തിൽ നിന്ന് ഒഴിവാക്കിയ ഒരു ഭാഗം. അന്നത്തെ രാമജന്മ ഭൂമി പ്രചാരണവും വർഗീയ കലാപവുമെല്ലാം കളത്തിനു പുറത്ത്.
മതനിരപേക്ഷതയുമായി ബന്ധപ്പെട്ട 11-ാം ക്ലാസിലെ ഭാഗത്തും വച്ചു, കത്രിക. '2002- ലെ കലാപത്തിനിടെ ആയിരത്തിലേറെപ്പേർ- കൂടുതലും മുസ്ലീം വിഭാഗക്കാർ- കൊല്ലപ്പെട്ടു" എന്ന പരാമർശത്തിൽ നിന്ന് മുസ്ലീം എന്ന പദം വെട്ടി. ഏതു കലാപത്തിലും ജാതി, മത ഭേദമെന്യേ ജനങ്ങൾ ഇരകളാകുന്നു എന്നാണ് ഇതിനുള്ള വിശദീകരണം. ചരിത്ര സത്യങ്ങളെ നിക്ഷിപ്ത താത്പര്യങ്ങൾക്കനുസരിച്ച് വളച്ചൊടിച്ചും വക്രീകരിച്ചും വികലമാക്കുന്നത് വരും തലമുറകൾ ഇതൊന്നും അറിയാതിരിക്കാനാവും. ശ്രീരാമക്ഷേത്ര നിർമ്മാണം കുട്ടികളെ പഠിപ്പിക്കുമെന്നും കേൾക്കുന്നു. അപ്പോൾ പള്ളി പൊളിച്ചതോ? കഥയിൽ ചോദ്യമില്ല.കുട്ടികൾ ഇത്രയൊക്കെ അറിഞ്ഞാൽ മതി!
നുറുങ്ങ്:
മുന്നിലിരുന്ന മൈക്ക് ഒടിഞ്ഞു വീഴുകയും, ആംപ്ലിഫൈയറിൽ നിന്ന് പുക ഉയരുകയും ചെയ്തിട്ടും മുഖ്യമന്ത്രി
അക്ഷോഭ്യനായി ചിരിച്ചുകൊണ്ടിരുന്നതായി വാർത്ത.
മൈക്കിന്റെ പിണക്കം ഇനി മാറിക്കൊള്ളും!
(വിദുരരുടെ ഫോൺ: 99461 08221)