apple

600ൽ അധികം ജീവനക്കാരെ പിരിച്ചുവിട്ട് ഭീമൻ ടെക് കമ്പനി ആപ്പിൾ. ഈ വർഷം ഫെബ്രുവരിയോടുകൂടിയാണ് ആപ്പിൾ അവരുടെ കാർ പ്രോജക്ട് അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. 2014 മുതലാണ് ഈ പദ്ധതി കമ്പനി ആരംഭിച്ചിരുന്നത്. പ്രഖ്യാപനങ്ങൾ പുറത്തുവന്ന് ദിവസങ്ങൾക്കുളളിൽ തന്നെ ആപ്പിൾ പുതിയ ഒരു തീരുമാനവും എടുത്തിരുന്നു. മൈക്രോ എൽഇഡി ഡിസ്‌പ്ലേയുളള സ്മാർട്ട് വാച്ചുകൾ പുറത്തിറക്കുന്ന പദ്ധതിയും ഉപേക്ഷിക്കുകയായിരുന്നുവെന്നായിരുന്നു അടുത്ത പ്രഖ്യാപനം.

ഇതോടെയാണ് കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുന്ന തീരുമാനത്തിൽ ആപ്പിൾ എത്തിച്ചേർന്നത്. ബ്ലൂം ബെർഗിന്റെ മാർക്ക് ഗുർമാന്റെ റിപ്പോർട്ട് പ്രകാരം ആപ്പിൾ കാലിഫോർണിയയിലെ 600ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ജീവനക്കാർ ജോലി ചെയ്യുന്ന അതാത് സ്ഥാപനങ്ങളുടെ മേൽവിലാസത്തിൽ നിന്ന് കാലിഫോർണിയ ഭരണകൂടത്തിന് റിപ്പോർട്ടായി നൽകേണ്ടതുണ്ടെന്നും വിവരമുണ്ട്.

സാന്താ ക്ലാരയിലെ ആപ്പിളിന്റെ കാർ നിർമാണവുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നും 371 ജീവനക്കാരെ പിരിച്ചുവിട്ടതായും റിപ്പോർട്ടുകളുണ്ട്. ഇത്രയും പ്രഖ്യാപനങ്ങൾ സംഭവിച്ചിട്ടും ജോലി വെട്ടിക്കുറിച്ചതിനെക്കുറിച്ചുളള കൂടുതൽ വിശദാംശങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.അതേസമയം, കൂടുതൽ പുതിയ പദ്ധതികളാണ് ആപ്പിൾ ഭാവിയിൽ പുറത്തിറക്കാൻ പോകുന്നതെന്നും വാർത്തകളുണ്ട്. കൂടുതലായും ആർട്ടിഫിഷ്യൽ ഇന്റലിജെൻസിനെ കേന്ദ്രീകരിച്ചുളള പുതിയ പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകും. ജൂൺ 14ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് വിവരം.

കുറച്ച് മാസങ്ങൾക്ക് മുൻപ് ആപ്പിൾ സിഇഒ ടിം കുക്ക് നിക്ഷേപകരുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തനങ്ങളെല്ലാം എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്നതിൽ കമ്പനി ഉത്തരവാദിത്തപ്പെട്ടിരിക്കുന്നവെന്ന് അറിയിച്ചിരുന്നു. പുതിയ പദ്ധതിയ്ക്കായുളള ഒരുക്കങ്ങൾ നടന്നുവരുന്നതായും കൂടാതെ എഐ സാങ്കേതികവിദ്യാപരമായ ജോലികൾ ചെയ്യുന്നതിന് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ പദ്ധതിക്കായി പ്രതിവർഷം ഒരു ബില്ല്യൺ യുഎസ് ഡോളറിലധികം രൂപ ചിലവഴിക്കാൻ കമ്പനി പദ്ധതിയിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെയായി കമ്പനി ഡാവിൻ എഐ (എഐ സ്​റ്റാർട്ട് അപ്പ്) വാങ്ങുകയും നിരവധി പേർക്ക് ജോലി നൽകുകയും ചെയ്തിരുന്നു. റിപ്പോർട്ട് അനുസരിച്ച് ആപ്പിളിന്റെ പുതിയ തീരുമാനം പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും സുഗമമാക്കുമെന്നുമാണ് കണക്കുകൂട്ടൽ. പദ്ധതിയുടെ ആകെ ചിലവ് ഇതുവരെ ആപ്പിൾ വെളിപ്പെടുത്തിയിട്ടില്ല.