
മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാൻ തുടർ ചിത്രീകരണം ഇന്ന് ചെന്നൈയിൽ ആരംഭിക്കും. ഇന്ന് മോഹൻലാൽ ലൊക്കേഷനിൽ ജോയിൻ ചെയ്യും. ഏപ്രിൽ 10ന് ചിത്രീകരണം ആരംഭിക്കാനായിരുന്നു നേരത്തേ തീരുമാനം. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയിൽ ഹൈദരാബാദിൽ പൂർത്തിയാക്കി പൃഥ്വിരാജ് ചെന്നൈയിൽ എത്തി. രണ്ടാഴ്ച ചെന്നൈ ഷെഡ്യൂളിൽ മോഹൻലാൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ 22നാണ് ആരംഭിക്കുക . ഏപ്രിൽ 14ന് ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. റാന്നി, തൊടുപുഴ എന്നിവിടങ്ങളാണ് തരുൺമൂർത്തി സിനിമയുടെ ലൊക്കേഷൻ. റാന്നിയിലെ ചിത്രീകരണത്തിനുശേഷം തൊടുപുഴയിലേക്ക് ഷിഫ്ട് ചെയ്യാനാണ് ഒരുങ്ങുന്നത്. തൊടുപുഴയാണ് ചിത്രത്തിന്റെ ഭൂരിഭാഗ ചിത്രീകരണവും. മോഹൻലാലും തരുൺ മൂർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിലെ നായിക ആരെന്ന് അടുത്ത ദിവസം തീരുമാനിക്കും. മോഹൻലാൽ ടാക്സി ഡ്രൈവറുടെ വേഷമാണ് അവതരിപ്പിക്കുന്നത്. അതേസമയം എമ്പുരാന് ചെന്നൈയിൽ ഒരു മാസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജുവാര്യർ തുടങ്ങിയ താരങ്ങൾ ചെന്നൈ ഷെഡ്യൂളിൽ ഉണ്ടാവും. 45 ദിവസം തിരുവനന്തപുരത്തും എമ്പുരാന്റെ ചിത്രീകരണം ഉണ്ടാവും. കൊച്ചിയിലും ചിത്രീകരണമുണ്ടാവും.ഇന്ദ്രജിത്ത്, സാനിയ അയ്യപ്പൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. യു.കെ ഷെഡ്യൂളിൽ ഇന്ദ്രജിത്തിന്റെയും ടൊവിനോ തോമസിന്റെയും രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. സുജിത് വാസുദേവാണ് ഛായാഗ്രഹണം.