mayong-village

പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ സേനാനായകനായിരുന്ന മുഹമ്മദ് ഷായും അദ്ദേഹത്തിന്റെ പതിനായിരക്കണക്കിന് പടയാളികളും ഭാരതത്തിന്റെ വടക്കു-കിഴക്കൻ പ്രദേശങ്ങൾ പിടിച്ചടക്കാനുള്ള യാത്രയിലാണ്. വനപ്രദേശങ്ങളിലൂടെയുള്ള യാത്ര രാത്രി ഏറെ ചെന്നിട്ടും തുടർന്നു. പെട്ടെന്ന് കൊടുങ്കാടിന്റെയുള്ളിൽ നിന്ന് അപരിചിതമായ ഒരു ശബ്‌ദം ഷായും സൈനികരും കേട്ടു. രൂക്ഷമായ വെളിച്ചം അവർക്ക് മുന്നിലേക്ക് വന്നു. ആ കാടിന്റെ ഇരുട്ടിനെ ഇല്ലാതാക്കുന്ന തരത്തിലായിരുന്നു തീഷ്ണമായ വെളിച്ചം പരന്നത്. അധികസമയം വേണ്ടിവന്നില്ല വെളിച്ചം ഇല്ലാതായി ഒപ്പം മുഹമ്മദ് ഷായും പതിനായിരക്കണക്കിന് ഭടന്മാരും.

അസാമിലെ മയോംഗ് എന്ന പ്രദേശത്തൂ കൂടിയായിരുന്നു ഷായും കൂട്ടാളികളും സഞ്ചരിച്ചത്. ദുർമന്ത്രവാദത്തിനും സാത്താൻ സേവയ‌്ക്കും കുപ്രസിദ്ധിയാർജിച്ച സ്ഥലമായിരുന്നു മയോംഗ്. മുഹമ്മദ് ഷായുടേത് കഥയാണേലും കെട്ടുകഥയാണേലും ഇന്ത്യയിൽ ദുർമന്ത്രവാദത്തിന്റെ തലസ്ഥാനം എന്നാണ് മയോംഗ് അറിയപ്പെടുന്നത്. അസാമിലെ മോറിഗോൺ ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ് മയോംഗ്. തലമുറകളായി കൈമാറിവന്ന ദുർമന്ത്രവാദ പ്രവർത്തനങ്ങളാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത.

black-magic

മയോംഗ് എന്ന പേര് വന്നതിന് പിന്നിൽ നിരവധി കഥകളുണ്ട്. സംസ്‌കൃതത്തിലെ മായാ എന്ന വാക്കിൽ നിന്നാണ് മയോംഗ് എന്ന പേര് വന്നതാണെന്നാണ് ഒരു വിഭാഗം പറയുന്നത്. മായാജാലം, വിദ്യ എന്നൊക്കെയാണ് മായാ എന്ന വാക്കിനർത്ഥം. ദിമാസ ഭാഷയിലെ നിയോംഗ് എന്ന വാക്കിൽ നിന്നാണ് മയോംഗ് ഉരുത്തിരിഞ്ഞത് എന്നാണ് മറ്റൊരു നിർവചനം. മണിപ്പൂരിലെ മൊയ്‌റോംഗ് ആദിവാസി സമൂഹത്തിൽ നിന്നാണ് മയോംഗിന്റെ ഉത്ഭവമെന്ന പ്രചരണവും ശക്തമാണ്.

ഭാരതത്തിന്റെ ഇതിഹാസമായ മഹാഭാരതത്തിൽ മയോംഗ് ഗ്രാമത്തെ കുറിച്ച് പരാമർശമുണ്ട്. പാണ്ഡവരിൽ ഭീമസേനന്റെ പുത്രനായ ഘടോൽക്കചൻ മായാവിദ്യകൾ സ്വായത്തമാക്കിയത് മയോംഗ് നിവാസികളിൽ നിന്നാണത്രേ. കൗരവ സേനയ‌്ക്കെതിരെ ഘടോൽക്കചൻ പുറത്തെടുത്ത പല ജാലവിദ്യകളും മയോംഗ് നിവാസികൾ പഠിപ്പിച്ചു കൊടുത്തതാണത്രേ.

scripts

പ്രാചീനകാലം മുതൽ തന്നെ മയോംഗിലുള്ളവർക്ക് ദുർമന്ത്രവാദവും, ആവാഹനവുമെല്ലാം വശമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ മയോംഗിലെത്തി ദുർമന്ത്രവാദങ്ങൾ സ്വായത്തമാക്കിയിരുന്നു. ദേസ്, ഒദോ എന്നിങ്ങനെ രണ്ട് വിഭാഗക്കാരാണ് മയോംഗിൽ മന്ത്രവാദം നടത്തിയിരുന്നത്. മനുഷ്യനേയും മൃഗങ്ങളേയും അപ്രത്യക്ഷമാക്കുക, മനുഷ്യനെ മൃഗമാക്കി മാറ്റുക, ആക്രമിക്കാൻ വരുന്ന ക്രൂര മൃഗങ്ങളെ ഭയപ്പെടുത്തി ഓടിക്കുക തുടങ്ങി നിരവധി വിദ്യകൾ ഇവർക്ക് അറിയാമായിരുന്നത്രേ.

താളിയോലകളിൽ എഴുതപ്പെട്ട ധാരാളം മന്ത്രങ്ങൾ മയോംഗ് നിവാസികളിൽ ഇപ്പോഴുമുണ്ടെന്നാണ് വിവരം. ഇവയിൽ പലതും മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുമുണ്ട്. ഇത് സന്ദർശകർക്ക് കാണാൻ അവസരവുമുണ്ട്. മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ചില പുരാതന ആയുധങ്ങൾ നരബലിക്ക് ഉപയോഗിച്ചിരുന്നവയാണെന്നാണ് പറയപ്പെടുന്നത്. പറക്കാൻ സഹായിക്കുന്ന ഉറാംഗ്, അപ്രത്യക്ഷമാക്കുന്ന ഊക്കി, വന്യജീവികളെ നിശബ്‌ദമാക്കുന്ന ബാഗ് ബന്ദ എന്നിവയാണ് ചില ദുർമന്ത്രവാദങ്ങളുടെ പേരുകൾ.

mayong-museum

ഇന്ന് ലോകത്തെ എവിടെയെങ്കിലും ബ്ളാക്ക് മാജിക്കോ ദുർമന്ത്രവാദമോ നടക്കുന്നുണ്ടെങ്കിൽ അവരുടെ പൂർവികർ തങ്ങളുടെ അടുത്തുനിന്നും പഠിച്ചതാണെന്നാണ് മയോംഗിലെ ആദിവാസികൾ പറയുന്നത്. പ്രാചീനകാലത്തെ പോലെ തീഷ്‌ണമായ പ്രവർത്തനങ്ങൾ അല്ലെങ്കിലും മയോംഗിൽ ഇപ്പോഴും പലരും മന്ത്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കാണാതെ പോയ വസ്‌തുക്കൾ തിരിച്ചുപിടിക്കുക, ശരീര വേദന ഇല്ലാതാക്കുക പോലുള്ളവയാണവ.

കേരളത്തിലെക്കു വന്നാൽ, സാത്താൻ സേവയ‌്ക്ക് വിധേയരായി അരുണാചലിൽ മരണത്തിന് കീഴടങ്ങിയ മൂന്ന് മലയാളികളുടെ വാർത്തയാണ് സംസാരവിഷയം. കൊച്ചിയിൽ മുമ്പ് സാത്താൻ സേവ നടത്തിയ ഒരു ബിഷപ്പുണ്ടായിരുന്നു. സ്വന്തം അരമനയിലായിരുന്നു അദ്ദേഹത്തിന്റെ ആഭിചാരം. ആർത്തവരക്തവും മനുഷ്യരക്തവും ഉപയോഗിച്ചായിരുന്നു പൂജകൾ. ഒരു യുവതിയുമായുള്ള ബന്ധത്തിന്റെ പേരിൽ സഭയിൽനിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം ഇപ്പോൾ എവിടെയുണ്ടെന്ന് ആർക്കുമറിയില്ല.

വിശ്വാസം മുതലെടുത്താണ് പല മതവിഭാഗങ്ങളിലും ആഭിചാരക്രിയകളുടെ തട്ടിപ്പ്. ഏതു മതത്തിലും വിശ്വാസം വ്യക്തിനിഷ്ഠമായ അവകാശമാണെന്ന് സമ്മതിക്കാമെങ്കിലും, അതു മുതലെടുത്തുള്ള ദുഷ്‌ക്രിയകളും തട്ടിപ്പുകളും കർശന ശിക്ഷയുടെ പരിധിയിൽ വരണം. പരമ്പരാഗതമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രാർത്ഥനാ കർമ്മങ്ങൾക്കും ആചാരങ്ങൾക്കും പുറത്ത്, ദുരുദ്ദേശ്യത്തോടെ, ദുഷ്ടലാക്കോടെ, സ്വാർത്ഥ ലാഭചിന്തയോടെ അരങ്ങേറുന്ന ഏതു ക്രിയകളും എതിർക്കപ്പെടേണ്ടതും നിരോധിക്കപ്പെടേണ്ടതുമാണ്. വിശ്വാസം വിശുദ്ധമാണ്; അന്ധവിശ്വാസം അബദ്ധവും. പൂജാവിധികൾ ആചാരബന്ധിതമാണ്; ആഭിചാര തട്ടിപ്പുകൾ കുറ്റകൃത്യവും.