
ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസിനെ പറ്റി കേൾക്കാത്തവർ ചുരുക്കമായിരിക്കും. ലോകത്ത് എന്ത് സംഭവവികാസങ്ങളുണ്ടായാലും 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നോസ്ട്രഡാമസ് അത് പ്രവചിച്ചിരുന്നു എന്ന തരത്തിൽ പ്രചാരണങ്ങളുണ്ടായിരുന്നു. നോസ്ട്രഡാമസിനെ പോലെ തന്നെ പ്രവചനങ്ങൾ കൊണ്ട് പ്രശസ്തയായതാണ് അന്ധയായ ബാബാ വാംഗ. ബൾഗേറിയയിൽ ജനിച്ച ബാബാ വാംഗയ്ക്ക് 12ാം വയസിലാണ് കാഴ്ച ശക്തി നഷ്ടപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രവചനങ്ങൾ നടത്താൻ തുടങ്ങിയതോടെയാണ് അവർ പ്രശസ്തി നേടിയത്.
ബ്രെക്സിറ്റ്, അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ദുരന്തം, ചെർണോബിൽ അപകടം, ഡയാന രാജകുമാരിയുടെ മരണം തുടങ്ങിയവയൊക്കെ ബാബ വാംഗ പ്രവചിച്ചെന്ന് പരക്കെ പറയപ്പെടുന്നുണ്ട്. 1996ൽ 84ാം വയസിലാണ് വാംഗ അന്തരിച്ചത്. കൂറ്റൻ സുനാമി, ഭീകരമായ ഭൂകമ്പം, ഛിന്നഗ്രഹ പതനം തുടങ്ങി ഭാവിയിൽ വരാനിരിക്കുന്ന ദുരന്തങ്ങളെ പറ്റിയും വാംഗ പ്രവചിച്ചെന്ന് കഥകളുണ്ട്. ഇപ്പോഴിതാ 2024ൽ ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ബാബാ വാംഗ നടത്തിയ പ്രവചനങ്ങളാണ് ചർച്ചയാകുന്നത്. പ്രവചനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കാലാവസ്ഥ മാറ്റങ്ങൾ
ബാബാ വാംഗയുടെ പ്രവചനങ്ങൾ പ്രകാരം ലോകം ഗുരുതരമായ കാലാവസ്ഥ മാറ്റങ്ങൾക്ക് വിധേയമാകുന്നെന്ന് പറയപ്പെടുന്നു. അടുത്തിടെ സയൻസ് അഡ്വാൻസസ് നടത്തിയ പഠന റിപ്പോർട്ടും ഇതിന് സമാനമാണ്. ആഗോള താപ തരംഗങ്ങൾ ഇപ്പോൾ 67 ശതമാനം കൂടുതലാവുകയും ഉയർന്ന താപനില ഇനിയും വർദ്ധിപ്പിക്കുകയും ചെയ്യുമ്പോൾ, അവ കാലാവസ്ഥാ സാഹചര്യങ്ങളിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നാണ് പഠനത്തിൽ പറയുന്നത്. വിനാശകരമായ പ്രകൃതി ദുരന്തങ്ങൾക്ക് 2024 സാക്ഷിയാവുമെന്നും ബാബാ വാംഗ പ്രവചിക്കുന്നുണ്ട്.
സൈബർ ആക്രമണം
ബാബാ വാംഗ മരിക്കുന്ന സമയത്താണ് ഇന്റർനെറ്റും കമ്പ്യൂട്ടറുകളും ലോകത്ത് സജീവമായത്. 2024ൽ ലോകത്ത് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നടക്കുമെന്നാണ് ബാബാ വാംഗയുടെ മറ്റൊരു പ്രവചനം. പവർഗ്രിഡുകൾ, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാനുകൾ അടക്കമുള്ളവയുടെ സുരക്ഷയെ ബാധിക്കുന്ന സൈബർ ആക്രമണങ്ങൾ നടക്കുമെന്നാണ് പ്രവചനം.
സാമ്പത്തിക പ്രതിസന്ധി
2024ൽ ആഗോള സാമ്പത്തിക മാന്ദ്യം നേരിടുമെന്നതാണ് മറ്റൊരു പ്രവചനം. ഇത് ഭൗമരാഷ്ട്ര പിരിമുറുക്കങ്ങളിലേക്ക് കടക്കുമെന്നും പ്രവചിക്കുന്നു. അമേരിക്കയെപ്പോലുള്ള മുൻനിര ആഗോള ശക്തികൾ പണപ്പെരുപ്പം പിടിമുറുക്കുന്നത് തുടരുന്ന സമയത്താണ് ഈ പ്രവചനം പുറത്തുവരുന്നത്. കൂടാതെ ജപ്പാൻ സാമ്പത്തിക സങ്കോചങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു, ഉയർന്ന പലിശനിരക്കും കുറഞ്ഞ ഉൽപാദനക്ഷമതയും പോലുള്ള ഘടകങ്ങളുമായി യുകെയും പ്രതിസന്ധി നേരിടുകയാണ്. ചൈനയും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
ക്യാൻസറിന് മരുന്ന്
അൽഷിമേഴ്സ്, ക്യാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധി ലോകം ഈ വർഷം കണ്ടെത്തിയേക്കുമെന്നാണ് ബാബ വംഗ പ്രവചിക്കുന്നത്. അടുത്തിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിൻ ക്യാൻസർ മരുന്നുമായി ബന്ധപ്പെട്ട ഗവേഷണത്തെക്കുറിച്ച് ഒരു പ്രസ്താവന നടത്തിയിരുന്നു. ക്യാൻസർ വാക്സിനുകളുടെയും ഇമ്മ്യൂണോമോഡുലേറ്ററി മരുന്നുകളുടെയും വികസനത്തിൽ ഒരു സുപ്രധാന നാഴികക്കല്ലിൽ എത്തിച്ചേരുന്നതിനെക്കുറിച്ചാണ് പുടിൻ സംസാരിച്ചത്.
ജൈവ ആയുധങ്ങൾ
2024ൽ ജൈവ ആയുധങ്ങളുടെ പരീക്ഷണമോ, ആക്രമണമോ നടക്കുമെന്നാണ് ബാബാ വാംഗെ നടത്തിയ മറ്റൊരു പ്രവചനം. ആഗോള തലത്തിൽ ഭീകരപ്രവർത്തനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യം നിലവിലുള്ളപ്പോഴാണ് ഇങ്ങനെ ഒരു പ്രവചനം പുറത്തുവന്നത്.