
ന്യൂഡൽഹി: അമേഠിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രക്ക് സീറ്റ് നൽകില്ല. പ്രിയങ്ക അമേഠിയിലും രാഹുൽ റായ്ബറേലിയിലും മത്സരിക്കണമെന്ന ഉറച്ച നിലപാട് കോൺഗ്രസ് സ്വീകരിച്ചതോടെയാണ് വാദ്രക്ക് വഴിയടഞ്ഞത്.
മത്സരിക്കാൻ റോബർട്ട് വാദ്ര താത്പര്യമറിയിച്ചതോടെയാണ് അഭ്യൂഹമുയർന്നത്. അമേഠിയിലെ ജനം തന്നെ പ്രതീക്ഷിക്കുന്നുവെന്നും സിറ്റിംഗ് എം.പി സ്മൃതി ഇറാനിയുടെ ഭരണത്തിൽ അമേഠി വീർപ്പുമുട്ടുകയാണെന്നും റോബർട്ട് വാദ്ര വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ പ്രഥമ പരിഗണന അമേഠിക്കായിരിക്കുമെന്നും സിറ്റിംഗ് എം.പിയെ ജനം മടുത്തെന്നുമാണ് വാദ്ര പറഞ്ഞത്.